ADVERTISEMENT

കുട്ടനാട് ∙ നെല്ല് സംഭരണത്തിൽ നിന്ന് പാലക്കാടൻ മില്ലുകാർ പിൻവാങ്ങിയതുമൂലമുണ്ടായ പ്രതിസന്ധി പരിഹരിച്ചെങ്കിലും സംഭരണത്തിനായി വള്ളങ്ങൾ ലഭ്യമാകാത്തതു പ്രതിസന്ധി സൃഷ്ടിക്കുന്നു. വാഹനങ്ങൾ എത്തിച്ചേരാത്ത കായൽ നിലങ്ങളിൽ നിന്നും മറ്റും വള്ളത്തിൽ കയറ്റിയാണു നെല്ല് സംഭരിക്കുന്നത്. ഇത്തവണ കായൽനിലങ്ങളിലെല്ലാം ഒന്നിച്ചു വിളവെടുപ്പ് ആരംഭിച്ചതാണു പ്രതിസന്ധി സൃഷ്ടിച്ചത്.

പല പാടശേഖരങ്ങളിലും വിളവെടുപ്പു പൂർത്തിയായി 10 ദിവസം കഴിഞ്ഞിട്ടും വള്ളങ്ങളുടെ കുറവുമൂലം സംഭരണം നടന്നിട്ടില്ല. പഴയ പതിനാലായിരം, ഇ ബ്ലോക്ക് ഇരുപത്തിനാലായിരം, ഐ ബ്ലോക്ക്, മൂവായരിത്തിയഞ്ഞൂറ്, മാരാൻ കായൽ, രാമരാമജപുരം, ഡി ബ്ലോക്ക് തെക്കേ ആറായിരം, ഡി ബ്ലോക്ക് വടക്കേ ആറായിരം, പുത്തനാറായിരം, മതികായൽ തുടങ്ങിയ കായൽ പാടശേഖരങ്ങളിലും പുളിങ്കുന്ന് അയ്യനാട് അടക്കമുള്ള പാടശേഖരങ്ങളിലാണു വിളവെടുപ്പു കഴിഞ്ഞു ദിവസങ്ങളായിട്ടും സംഭരണം ഇഴഞ്ഞു നീങ്ങുന്നത്.

അയ്യനാട് അടക്കമുള്ള പാടശേഖരങ്ങളിൽ കർഷകർ സ്വന്തം നിലയ്ക്കു വള്ളം എത്തിച്ചു സംഭരണത്തിനു മില്ലുകാരെ സഹായിക്കുന്നുണ്ട്. പാലക്കാടൻ മില്ലുകൾ പിൻമാറിയതോടെ കൂടുതൽ പാടശേഖരങ്ങളിൽ നിന്നു നെല്ല് സംഭരിക്കാൻ ചുമതല ലഭിച്ചതോടെ എറണാകുളം ജില്ലയിൽ നിന്നുള്ള പവിഴം മില്ലുകാർ ജങ്കാർ വാടകയ്ക്കെടുത്ത് നെല്ല് സംഭരണം ആരംഭിച്ചിട്ടുണ്ട്. 11 ലോഡ് നെല്ല് വരെ ഒരു ജങ്കാറിൽ കയറ്റാൻ സാധിക്കുന്നതിനാൽ കർഷകരും ആശ്വാസത്തിലാണ്.

5 ലോഡ് വീതം കൊള്ളുന്ന 2 ജങ്കാറുകൂടി പവിഴം മില്ലുകാർ എത്തിച്ചു കായൽനിലങ്ങളിൽ നിന്നു നെല്ല് സംഭരിക്കുന്നുണ്ട്. 42 മില്ലുകാർ ചേർന്നാണ് ഇപ്പോൾ ജില്ലയിൽ നിന്നു നെല്ല് സംഭരിക്കുന്നത്. വള്ളം ലഭിക്കാത്തതുമൂലം ദിവസങ്ങളായി സംഭരണം നടത്താൻ സാധിക്കാത്ത അവസ്ഥയാണ്.ഇന്നലെ 3442 ടൺ‍ നെല്ലാണു സിവിൽ സപ്ലൈസ് വകുപ്പ് ജില്ലയുടെ വിവിധ പാടശേഖരങ്ങളിൽ നിന്നു സംഭരിച്ചത്. ഇതുവരെ 46314 ടൺ നെല്ലാണു പുഞ്ചക്കൃഷിയിൽ നിന്നു സിവിൽ സപ്ലൈസ് വകുപ്പ് ജില്ലയിൽ നിന്നു സംഭരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com