മാവേലിക്കര ∙ പ്രഭാതസവാരിക്കിറങ്ങിയ ആളെ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, 2 പേർക്കു പരുക്കേറ്റു. ബൈക്ക് ഓടിച്ച ചെട്ടികുളങ്ങര കടവൂർ മുല്ലേലിൽ വീട്ടിൽ ആദിത്യ സുധാകരൻ (ചിന്തു–27) ആണു മരിച്ചത്.
പ്രഭാതസവാരിക്കിറങ്ങിയ കൈതവടക്ക് പോങ്ങുംമൂട്ടിൽ ജിബിൻ വില്ലയിൽ ജോസ് പാപ്പച്ചൻ, എതിരെ ബൈക്ക് ഓടിച്ചെത്തിയ കണ്ണമംഗലം വടക്ക് കളീക്കൽ പടീറ്റതിൽ മിഥുൻ കുമാർ എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ പുലർച്ചെ 5.45നു ചെട്ടികുളങ്ങര ക്ഷേത്ര ജംക്‌ഷനു പടിഞ്ഞാറ് വടക്കേത്തുണ്ടം റോഡിൽ കാട്ടുതറ ജംക്‌ഷനു സമീപമായിരുന്നു അപകടം. ആദിത്യ ഓടിച്ച ബൈക്ക് ആദ്യം ജോസ് പാപ്പച്ചനെ ഇടിച്ചു. തുടർന്നു മിഥുന്റെ ബൈക്കിലും ഇടിക്കുകയായിരുന്നു.
ജോസ് പാപ്പച്ചന് അപകടം സംഭവിച്ചതറിഞ്ഞ് ആശുപത്രിയിലേക്കു പോയ സഹോദരൻ ജയിംസിനു മറ്റൊരു അപകടത്തിൽ പരുക്കേറ്റു. ജയിംസിന്റെ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.പുണെയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ആദിത്യ. സംസ്കാരം നടത്തി. അച്ഛൻ: സുധാകരൻ, അമ്മ: പത്മജ. സഹോദരൻ: വൈശാഖ്.