കാൽനൂറ്റാണ്ടു പിന്നിട്ട റമസാൻ വ്രതാനുഷ്ഠാനം ഇത്തവണയും മന്ത്രി പി.പ്രസാദ് മുടക്കില്ല. ആരോഗ്യ പ്രശ്നങ്ങളൊന്നും അതിനു തടസ്സമല്ല.പുലർച്ചെ ചെറിയ അളവിൽ ഭക്ഷണം കഴിക്കും. പിന്നെ വ്രതാനുഷ്ഠാനത്തോടെയാണ് പൊതുപരിപാടികളെല്ലാം. ഏതു പ്രലോഭനവും അതിജീവിക്കാനുള്ള പരിശീലനമാണു നോമ്പെന്ന് മന്ത്രി പറയുന്നു.
മതസൗഹാർദത്തിന്റെ സന്ദേശമാണ് വ്രതാനുഷ്ഠാനം നൽകുന്നത്. പാർട്ടി പരിപാടികളും തിരഞ്ഞെടുപ്പുമെല്ലാമായി തിരക്കുപിടിച്ച കാലത്തും വ്രതം മുടക്കിയിട്ടില്ല. ജില്ലയിലെ ഏറ്റവും വലിയ ജമാഅത്തുകളിൽ ഒന്നിനു സമീപമാണ് ജനിച്ചു വളർന്നത്. പുലർച്ചെ ബാങ്കുവിളി കേട്ട് ഉണരുന്നതായിരുന്നു ശീലം. നൂറു കണക്കിനു മുസ്‌ലിം കുടുംബങ്ങളുമായി ഇടപഴകിയുള്ള ജീവിതവും സൗഹൃദങ്ങളുമാണ് വ്രതാനുഷ്ഠാനത്തിലേക്ക് ആകർഷിച്ചതെന്നും മന്ത്രി പറഞ്ഞു.
പി.പി.ചിത്തരഞ്ജൻ എംഎൽഎക്ക് ഇത് വ്രതാനുഷ്ഠാനത്തിന്റെ 18–ാം വർഷമാണ്. ആദ്യദിനമായ ഇന്നലെ കൈചൂണ്ടിമുക്കിലെ പള്ളിയിൽ നോമ്പു തുറന്നു.ആലപ്പുഴ നഗരസഭാധ്യക്ഷനായിരുന്ന കാലത്താണ് നോമ്പ് അനുഷ്ഠിച്ചു തുടങ്ങിയത്. നോമ്പുകാലത്ത് കൗൺസിൽ യോഗത്തിലും മറ്റും ചായ കൊണ്ടുവരുമ്പോൾ വ്രതം അനുഷ്ഠിക്കുന്ന മുസ്‌ലിം കൗൺസിലർമാരെ മാനിച്ച് ചായ വേണ്ടെന്നു വച്ചതായിരുന്നു തുടക്കം. പിന്നെ വ്രതം അനുഷ്ഠിക്കാനും തുടങ്ങി.
ജനിച്ചു വളർന്നത് ഒട്ടേറെ മുസ്‌ലിം കുടുംബങ്ങളുള്ള പ്രദേശത്തായതിനാൽ നോമ്പിന്റെ കാര്യങ്ങൾ നന്നായി അറിയാമായിരുന്നു. തുടങ്ങിയതിൽ പിന്നെ മുടക്കിയിട്ടില്ല. കരിമണൽ ഖനനത്തിനെതിരെ തീരദേശ പദയാത്ര നടത്തിയത് നോമ്പ് അനുഷ്ഠിച്ചു കൊണ്ടാണ്. ഇപ്പോൾ മസ്കത്തിലുള്ള മകൻ അരുണും 10 വർഷമായി വ്രതമെടുക്കുന്നു.