ADVERTISEMENT

 ചെട്ടികുളങ്ങര ∙ കുട്ടികളും യുവജനങ്ങളും അണിയിച്ചൊരുക്കിയ നൂറുകണക്കിനു കെട്ടുകാഴ്ചകൾ ചെട്ടികുളങ്ങര ക്ഷേത്രാങ്കണത്തിലേക്കു നീങ്ങവേ പെയ്ത മഴ,  ഓണാട്ടുകരയ്ക്കു കരവിരുതിന്റെ ദൃശ്യചാരുത സമ്മാനിച്ച അശ്വതി കെട്ടുകാഴ്ചയുടെ ആവേശത്തിനു തടസമായില്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട 13കരകൾ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നായി കൈവെള്ളയിൽ വയ്ക്കാവുന്നതു മുതൽ 20 അടിയോളം വരെ ഉയരമുള്ള കെട്ടുകാഴ്ചകൾ ചെട്ടികുളങ്ങര ദേവീ ക്ഷേത്രാങ്കണത്തിൽ രാത്രിയോടെ അണി നിരന്നു.

കുരുന്നുകളും യുവജനങ്ങളും വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിച്ച കെട്ടുകാഴ്ചകൾ ക്ഷേത്ര നടയിൽ ദർശനം നടത്തി. വലിപ്പക്രമം അനുസരിച്ച് അനുവദിച്ച സ്ഥാനങ്ങളിലാണു കെട്ടുകാഴ്ചകൾ അണി നിരന്നത്. കൊടുങ്ങല്ലൂർ ദേവിയുടെ മകളായ ചെട്ടികുളങ്ങര ഭഗവതി മീനമാസത്തിലെ ഭരണി നാളിൽ അമ്മയോടൊപ്പം കൊടുങ്ങല്ലൂരിൽ ചെലവഴിക്കുമെന്ന വിശ്വാസത്തിൽ ഇന്നു ചെട്ടികുളങ്ങര ക്ഷേത്രനട തുറക്കില്ല. കാർത്തിക നാളിൽ ദേവി മടങ്ങിയെത്തുന്നതോടെ ക്ഷേത്രാങ്കണം നാളെ മുതൽ വീണ്ടും സജീവമാകും. 

കാർത്തിക ദർശനം നാളെ 

 ദേവീ ക്ഷേത്രത്തിൽ നാളെ  കാർത്തിക ദർശനം, കൊടുങ്ങല്ലൂരിൽ അമ്മയുമായി ചെലവഴിച്ച ശേഷം മടങ്ങിയെത്തുന്ന ഭഗവതിയെ സർവാഭരണ വിഭൂഷിതയായി കണ്ടു തൊഴാൻ ഓണാട്ടുകരക്കാർ കാത്തിരിക്കുന്ന മഹാസുദിനം നാളെയാണ്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണു കാർത്തിക ദർശനം. ചെട്ടികുളങ്ങരയിലെ തിരുവാഭരണങ്ങൾ ഹരിപ്പാട് സുബ്രഹ്മണ്യ  ക്ഷേത്രത്തിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. രാജഭരണകാലത്ത് നടയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള അത്യപൂർവ തങ്കത്തിരുവാഭരണങ്ങളാണു സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്നത്. ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ 13 കരകളിൽ നിന്നുള്ള, വ്രതമെടുത്ത 65 പ്രതിനിധികൾ നാളെ പുലർച്ചെ 4നു ഹരിപ്പാടിനു പുറപ്പെടും. 

അവിടെ നിന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളിൽ നിന്നും ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികളും കരനാഥൻമാരും ചേർന്നു 4 തിരുവാഭരണ പേടകങ്ങൾ ഏറ്റുവാങ്ങും. തുടർന്നു പേടകങ്ങൾ തലയിലേന്തി കാൽനടയായി ചെട്ടികുളങ്ങരയിലേക്കു യാത്ര തുടങ്ങും. ഹരിപ്പാട്ടു നിന്നും എഴിക്കകത്ത് ജംക്‌ഷൻ, പ്രതിമുഖം, പള്ളിപ്പാട് പൊയ്യക്കര, ഇരട്ടക്കുളങ്ങര, നടുവട്ടം, തളിക്കൽ വഴി മാവേലിക്കര നങ്ങ്യാർകുളങ്ങര റോഡിലെ പള്ളിപ്പാട് ജംക്‌ഷനിലെത്തിച്ചേരും.

 തുടർന്ന് മുട്ടം ചൂണ്ടുപലക ജംക്‌ഷൻ, കൊച്ചുവീട്ടിൽ, കരിപ്പുഴ, പുതുശേരി അമ്പലം എന്നിവിടങ്ങളിലൂടെ തട്ടാരമ്പലത്തിലെത്തും. തുടർന്നു ഭക്തരുടെ അകമ്പടിയോടെ ഘോഷയാത്രയായി ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മണ്ഡപത്തിലെത്തും. ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികൾ തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി ശ്രീകോവിലിലെത്തിക്കും. ആഭരണങ്ങളെല്ലാം ചാർത്തിയ ശേഷം 10 ന് കാർത്തിക ദർശനം തുടങ്ങും.നാളെ 11.30നു പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അന്നദാനം, വൈകിട്ട് 7നു ശ്രീദേവിവിലാസം ഹിന്ദുമത കൺവൻഷനിൽ റജിസ്റ്റർ ചെയ്ത 45 കുത്തിയോട്ട സമിതികളിലെ 4000 കലാകാരന്മാരുടെ മെഗാകുത്തിയോട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com