ആലപ്പുഴ∙ കയറുപയോഗിച്ച് കെട്ടിവച്ച നിലയിൽ മുളകൊണ്ടുള്ള കൈവരികൾ, കോൺക്രീറ്റ് ഇളകി മാറി തുരുമ്പെടുത്ത ഇരുമ്പ് കമ്പി മാത്രം അവശേഷിക്കുന്ന ചെറുതൂണുകൾ.. സ്കൂൾ കുട്ടികളടക്കം നൂറുകണക്കിന് യാത്രക്കാർ ദിവസവും സഞ്ചരിക്കുന്ന വെള്ളാപ്പള്ളി പാലത്തിന്റെ നാളുകളായുള്ള അവസ്ഥയാണിത്. സീവ്യൂ– പവർഹൗസ് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ശോച്യാവസ്ഥ പല തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കേണ്ട അധികൃതർക്ക് യാതൊരു കൂസലുമില്ല.എതിരെ ഒരു വാഹനം വന്നാൽ ജീവൻ പണയം വച്ചു വേണം പാലത്തിലൂടെ സഞ്ചരിക്കാൻ.
ഇരുമ്പ് പൈപ്പ് കൊണ്ടുള്ള കൈവരികൾ സ്ഥാപിച്ചിരുന്ന തൂണുകളിൽ പലതും ദ്രവിച്ച് തുരുമ്പെടുത്ത കമ്പി മാത്രമായി ശേഷിക്കുകയാണ്. പലയിടത്തും ഇരുമ്പു പൈപ്പുകൾ ദ്രവിച്ച് അടർന്നു വീണു. ഉണങ്ങിയ മുളകൊണ്ടുള്ള പകരം സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും അവയെ വിശ്വസിച്ച് ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയാണ്.കയറുപയോഗിച്ച് കെട്ടിയാണ് പൊട്ടിപ്പൊളിഞ്ഞ ചെറുതൂണുകളിൽ മുള കൊണ്ടുള്ള പകരം കൈവരി ഒരുക്കിയിരിക്കുന്നത്.പാലത്തിലൂടെ കടന്നു പോകുന്നത് വളരെ ഭീതിയോടെയാണെന്ന് വിദ്യാർഥികൾ പറയുന്നു.
പലപ്പോഴും എതിരെ വരുന്ന വാഹനം കടന്നു പോകുന്നത് വരെ ഉള്ളിൽ ഭയമാണെന്ന് വെള്ളാപ്പള്ളി യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി പറയുന്നു. വീട്ടിലേക്കെത്താനുള്ള എളുപ്പ മാർഗമാണ് ഈ പാലം, അതുകൊണ്ടാണ് പാലത്തെ ആശ്രയിക്കുന്നത്. ഭീതിയോടെയാണ് പാലത്തിലൂടെ കടന്നു പോകുന്നത്– മറ്റൊരു വിദ്യാർഥിനിയുടെ വാക്കുകൾ.നഗരസഭ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാടക്കനാലിന് കുറുകെ പാലം നിർമിച്ചത്. പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട ഉത്തരവാദിത്തവും നഗരസഭയ്ക്കാണ്. പാലത്തിന്റെ ശോച്യാവസ്ഥക്കെതിരെ ഒട്ടേറെ പരാതികൾ ഉയർന്നിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകാത്തതിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്.
പാലത്തിന്റെ കൈവരികൾ പുതുക്കിപ്പണിയാൻ നഗരസഭ ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്. ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കും.റീഗോ രാജു, സീവ്യൂ വാർഡ് കൗൺസിലർ