ആലപ്പുഴ ∙ രാഹുൽ ഗാന്ധിക്കു കോടതി അയോഗ്യത കൽപിച്ച ഉടൻതന്നെ എംപി സ്ഥാനത്തു നിന്നു നീക്കിയ നടപടി ഏകാധിപത്യപരമാണെനും ഇതിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും പ്രതികരിക്കാനാണ് എഐസിസി തീരുമാനമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അടൂർ പ്രകാശ് എംപി നയിക്കുന്ന പദയാത്ര ചെട്ടികുളങ്ങരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് നേതാക്കൾ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തിട്ടില്ല. സർക്കാർ ലക്ഷങ്ങൾ ചെലവാക്കി വൈക്കം സത്യഗ്രഹം ആഘോഷിക്കുന്നതു ഖജനാവ് കൊള്ളയടിക്കാനുള്ള മാർഗമാണെന്നും കെ.സുധാകരൻ പറഞ്ഞു. വൈക്കം സത്യഗ്രഹത്തെയും സമരനേതാക്കളെയും യുവതലമുറയ്ക്കു പരിചയപ്പെടുത്തുകയാണു ജാഥയുടെ ലക്ഷ്യമെന്ന് ജാഥാ ക്യാപ്റ്റൻ അടൂർ പ്രകാശ് എംപി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. വൈക്കം സത്യഗ്രഹ സമരനായകൻ ടി.കെ.മാധവന്റെ മകൾ ഡോ.വിജയ നായരെ ആദരിച്ചു. ടി.കെ.മാധവൻ സ്മാരകത്തിൽ ഡോ. വിജയ നായരും കെ.സുധാകരനും ചേർന്നു ജാഥാ ക്യാപ്റ്റന് അയിത്തോച്ചാടന ജ്വാല കൈമാറി. കായംകുളത്തു നടന്ന സമ്മേളനത്തോടെ ആദ്യ ദിനത്തെ പദയാത്ര അവസാനിച്ചു. സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, കെ.പി.ശ്രീകുമാർ, എം.ജെ.ജോബ്, രാഷ്ട്രീയകാര്യ സമിതിയംഗം എം.ലിജു, യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ, മാന്നാർ അബ്ദുൽ ലത്തീഫ്, അനിൽ ബോസ്, എബി കുര്യാക്കോസ്, എൻ.രവി, ബി.ബൈജു, ഇ.സമീർ, ജോൺസൺ ഏബ്രഹാം, കെ.ആർ.മുരളീധരൻ, സുബ്രഹ്മണ്യദാസ്, ജോൺ കെ.മാത്യു, ചെങ്കിളിൽ രാജൻ, അലക്സ് മാത്യു, ബെന്നി ചെട്ടികുളങ്ങര, എ.ജെ.ഷാജഹാൻ, സുനിൽ പി.ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്നു പദയാത്രയ്ക്ക് അവധി ദിനമാണ്. നാളെ രാവിലെ രാമപുരത്തു നിന്ന് പദയാത്ര ആരംഭിക്കും. ഹരിപ്പാട് രമേശ് ചെന്നിത്തല എംഎൽഎ ജാഥയെ സ്വീകരിക്കും. ഉച്ചയ്ക്കു ശേഷം കുമാരകോടിയിൽ നിന്നാരംഭിച്ചു വൈകിട്ടു പുറക്കാട് ജംക്‌ഷനിൽ സമാപിക്കും. സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും. രമ്യ ഹരിദാസ് എംപി പങ്കെടുക്കും.