ADVERTISEMENT

ആലപ്പുഴ ∙ ദേശീയപാതയിൽ തുമ്പോളി ജംക്‌ഷനിൽ അടിപ്പാത വേണമെന്ന ജനകീയ സമിതിയുടെ ആവശ്യവുമായി സംഘടിപ്പിച്ച സംഗമത്തിൽ പ്രതീക്ഷയുടെ തിരിതെളിച്ച് ആയിരങ്ങൾ. തുമ്പോളി പള്ളിയിൽ നിന്നാരംഭിച്ച റാലിയിൽ രാഷ്ട്രീയ–മത–ജാതി ഭേദമില്ലാതെ ആബാലവൃദ്ധം ജനങ്ങളും അണിചേർന്നു. തുടർന്നു തുമ്പോളി ജംക്‌ഷനിൽ നടന്ന സംഗമം എ.എം.ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. ജംക്‌ഷനോടു ചേർന്നാണ് അടിപ്പാതകൾക്കു ദേശീയപാത അതോറിറ്റി അനുമതി നൽകുന്നതെങ്കിലും തുമ്പോളിയുടെ കാര്യം അതോറിറ്റി അധികൃതരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിനാൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ആരിഫ് പറഞ്ഞു.

പി.പി.ചിത്തരഞ്ജൻ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ആലപ്പുഴ രൂപത പിആർഒ ഫാ. സേവ്യർ കുടിയാംശേരി, ഡിസിസി വൈസ് പ്രസിഡന്റ് പി.ജെ. മാത്യു, ജില്ലാ സെക്രട്ടറി ജി.വിനോദ്കുമാർ, ജനകീയ സമിതി കൺവീനറും തുമ്പോളി പള്ളി വികാരിയുമായ ഫാ. സിജു പി. ജോബ്, ഷാർവിൻ സന്ധ്യാവ് തുടങ്ങിയവർ പ്രസംഗിച്ചു.

തുമ്പോളി അരേശേരിൽ ക്ഷേത്രം മേൽശാന്തി വിഷ്ണുശാന്തി ദീപം തെളിച്ചു. ഇമ്മാനുവൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയപാത ജംക്‌ഷന്റെ ഇരുവശവും നിരന്നുനിന്ന് നാട്ടുകാർ ‘പ്രതീക്ഷയുടെ മെഴുകുതിരി’ തെളിച്ചു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഒട്ടേറെപ്പേർ പരിപാടിയിൽ പങ്കെടുത്തു. രാഷ്ട്രീയത്തിനതീതമായ ഈ കൂട്ടായ്മയിലൂടെ ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ കഴിയുമെന്നു പ്രതീക്ഷയുണ്ടെന്ന് കൺവീനർ ഫാ. സിജു പി. ജോബ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com