എടത്വ ∙ അത്യാവശ്യഘട്ടങ്ങളിൽ ഓട്ടോറിക്ഷയെങ്കിലും എത്തിപ്പെടാൻ പറ്റുമെന്ന പ്രതീക്ഷയിൽ നിർമിച്ച കലുങ്ക് 25 വർഷം പിന്നിട്ടിട്ടും പ്രയോജനം ഇല്ലെന്നു നാട്ടുകാർക്ക് പരാതി. എടത്വ പഞ്ചായത്തിലെ 13,14 വാർഡുകൾ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന്റെ തെക്കേക്കരയിൽ പടിഞ്ഞാറു വശത്തു നിർമിച്ച കലുങ്കാണു കാൽനട പോലും അസാധ്യമായി കിടക്കുന്നത്.കലുങ്കിന്റെ ഒരു വശത്തെ അപ്രോച്ച് ഇറങ്ങുന്നിടത്തു വലിയ കുഴിയും ഇരുവശങ്ങളിലെയും സംരക്ഷണം ഭിത്തിയും തകർന്ന് നദിയിലേക്കു പോയിരിക്കുകയാണ്.
ഒരുവശത്ത് രണ്ടിടി പോലും നടപ്പാതയില്ലാത്ത വിധത്തിൽ കാടുകയറിയും കിടക്കുകയാണ്. മറുവശത്തു പാടശേഖരവും ഒരുവശത്തു പമ്പാനദിയുമാണ്. പച്ച ചെക്കിടിക്കാട് ഭാഗത്തേക്കു പോകുന്നതിനുള്ള റോഡാണിത്. സ്കൂൾ കുട്ടികളും ഇതുവഴി കടന്നു പോകുന്നുണ്ട്.ഇരുവശത്തെയും കുഴികൾ നികത്തുകയും സംരക്ഷണ ഭിത്തി കെട്ടുകയും ചെയ്താൽ അപകടമെങ്കിലും ഒഴിവാക്കാൻ കഴിയുമെന്നാണു നാട്ടുകാർ പറയുന്നത്.