ഹരിപ്പാട് ∙ മുത്തശ്ശി ഉറങ്ങിക്കിടക്കുമ്പോൾ സ്വർണമാല മോഷ്ടിച്ച ശേഷം പകരം മുക്കുപണ്ടം അണിയിച്ച കൊച്ചുമകൻ അറസ്റ്റിൽ. രാത്രി വീട്ടിലെ ഹാളിൽ കിടന്നുറങ്ങിയ പള്ളിപ്പാട് തെക്കേക്കര കിഴക്കും മുറി കാവലാശേരി വീട്ടിൽ പൊന്നമ്മയുടെ കഴുത്തിൽ കിടന്ന മുക്കാൽ പവൻ മാലയും കാൽ പവൻ തൂക്കം വരുന്ന ലോക്കറ്റുമാണ് പ്രതി മോഷ്ടിച്ചത്, പകരം അതുപോലുള്ള മുക്കുപണ്ടം കഴുത്തിലിട്ടു. കഴുത്തിൽ കിടക്കുന്നത് മുക്കുപണ്ടമാണെന്നു ആദ്യം പൊന്നമ്മയ്ക്ക് മനസ്സിലായിരുന്നില്ല. പിന്നീട് തിരിച്ചറിഞ്ഞപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. ജനുവരി 26നായിരുന്നു സംഭവം.
പൊലീസ് അന്വേഷണത്തിൽ പൊന്നമ്മയ്ക്കൊപ്പം താമസിച്ചിരുന്ന കൊച്ചുമകൻ പള്ളിപ്പാട്, തെക്കേക്കര കിഴകത്തിൽ ശ്രുതി ഭവനത്തിൽ സുധീഷ് (26) മാല മോഷ്ടിച്ചെന്നു കണ്ടെത്തി. അറസ്റ്റിലായ സുധീഷിനെ കോടതി റിമാൻഡ് ചെയ്തു. സുധീഷ് ഒട്ടേറെ കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. എസ്എച്ച്ഒ വി.എസ്.ശ്യാംകുമാർ, എസ്ഐമാരായ ശ്രീകുമാർ, ഷൈജ, സുജിത്, എഎസ്ഐ ശ്രീകുമാർ, സിപിഒമാരായ അരുൺ, എ.നിഷാദ്, ഇയാസ്, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.