ചാരുംമൂട്∙ പെരുവേലിൽചാൽ പുഞ്ചയിൽ വെള്ളം ലഭിക്കാതെ നൂറുകണക്കിന് ഏക്കറിലെ നെൽക്കൃഷി കരിയുന്നു. പാടശേഖരങ്ങൾ വിണ്ടുകീറുന്നതും പതിവായി. പെരുവേലിൽചാൽ പുഞ്ചയിലെ പുലിമേൽ ഭാഗത്താണ് വെള്ളം ലഭിക്കാതെ കതിരുവന്ന നെല്ല് കരിഞ്ഞുപോകുന്നത്. ഒരാഴ്ച കൂടി ഇങ്ങനെ നിന്നാൽ കതിരുകളെല്ലാം പതിരുകളായി മാറും.കൃഷിവകുപ്പ് മറ്റ് പാടശേഖരങ്ങളിലേക്ക് വെള്ളം തിരിച്ചുവിടുന്നത് കാരണമാണ് ഇവിടത്തെ കൃഷി നശിക്കാൻ കാരണമെന്ന് കർഷകർ ആരോപിച്ചു.
ഏക്കർ കണക്കിന് സ്ഥലത്ത് കതിരുവന്ന പാടശേഖരം വരണ്ട് പിളർന്നു തുടങ്ങി. ചില വീടുകളിൽ വെള്ളം കയറും എന്ന കാരണത്താൽ കനാൽ ജലത്തിന്റെ ഒഴുക്കും നിർത്തിയിരിക്കുകയാണ്. മുൻകാലങ്ങളിൽ ഈ സമയങ്ങളിൽ കനാൽ ജലം കർഷകന് ആശ്വാസമായിരുന്നു. ആവശ്യമായ പരിഹാരം കാണാൻ കൃഷി വകുപ്പോ വേണ്ടപ്പെട്ട അധികാരികളോ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.