ചെങ്ങന്നൂർ ∙ കിഴക്കേനട ഗവ.യുപി സ്കൂൾ കെട്ടിടത്തിനു മുകളിലേക്കു കൂറ്റൻ മരംവീണു. ഏഴാം ക്ലാസുകാരൻ ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റു. പരീക്ഷ കഴിഞ്ഞു കുട്ടികൾ മടങ്ങി നിമിഷങ്ങൾക്കു ശേഷമാണ് അപകടം എന്നതിനാൽ വൻദുരന്തം ഒഴിവായി. കെഎസ്ആർടിസിക്കു സമീപം പ്രവർത്തിച്ചിരുന്ന ഗവ.റിലീഫ് എൽപി സ്കൂൾ, കെട്ടിടം ജീർണാവസ്ഥയിലായതിനെ തുടർന്നു കഴിഞ്ഞ 2 വർഷമായി കിഴക്കേനട സ്കൂളിലാണു പ്രവർത്തിക്കുന്നത്. ഈ ക്ലാസ് മുറിക്കു മുകളിലേക്കാണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ കൂറ്റൻ വാകമരം വീണത്.
ക്ലാസിനുള്ളിലുണ്ടായിരുന്ന റിലീഫ് സ്കൂളിലെ അധ്യാപിക ആശ, ജിയുപിഎസിലെ ഏഴാം ക്ലാസ് വിദ്യാർഥി എസ്.അഭിജിത്ത്, മറ്റൊരു കുട്ടിയുടെ മാതാവ് രേഷ്മ എന്നിവർക്കാണു പരുക്കേറ്റത്. ഇവർ ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഓടിക്കൂടിയ നാട്ടുകാരും വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയും ചേർന്നു രക്ഷാപ്രവർത്തനം നടത്തി.ചുവടു ഭാഗം പാടേ ദ്രവിച്ച് അപകടാവസ്ഥയിലായിരുന്നു മരം. സ്ഥലം സന്ദർശിച്ച മന്ത്രി സജി ചെറിയാൻ, അപകടാവസ്ഥയിൽ നിൽക്കുന്ന മറ്റു 2 മരങ്ങൾ കൂടി മുറിച്ചു മാറ്റാൻ നിർദേശം നൽകി. എഇഒ കെ.സുരേന്ദ്രൻ പിള്ളയും സ്ഥലത്തെത്തിയിരുന്നു.