എടത്വ ∙ ബോട്ടു ജെട്ടിയിലെ കാത്തിരിപ്പുപുരകളും ബോട്ട് അടുപ്പിക്കുന്നതിനുള്ള താങ്ങു കുറ്റികളും ഇല്ല യാത്രക്കാർ ദുരിതത്തിൽ. കാത്തിരിപ്പു പുരയുടെ മേൽക്കൂരകൾ നശിച്ച് പോകുകയും തൂണുകൾ ദ്രവിച്ച് അടർന്നു നിൽക്കുകയാണിപ്പോൾ. കടുത്ത ചൂടിൽ മണിക്കൂറുകൾ വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. മഴക്കാലമാകുന്നതോടെ കൂടുതൽ ദുരിതമാകും. ഇതിലും പരിതാപകരമാണ് താങ്ങു കുറ്റികളുടെ അവസ്ഥ. മിക്ക ജെട്ടികൾക്കും താങ്ങു കുറ്റികളില്ല.
മുൻകാലങ്ങളിൽ എല്ലാ വർഷവും കുറഞ്ഞത് 4 തെങ്ങിൻ കുറ്റികൾ ജെട്ടിക്ക് മുൻപിലും വശങ്ങളിലുമായി നാട്ടിയിരുന്നു. ബോട്ട് അടുപ്പിക്കുമ്പോൾ വേഗത്തിൽ വരുന്ന ബോട്ട് ഇടിച്ചു നിൽക്കുമ്പോൾ അപകടം ഉണ്ടാകാതിരിക്കുന്നതിനും യാത്രക്കാർക്ക് ഇറങ്ങുമ്പോൾ അപകടം ഉണ്ടാകാതെ ബോട്ട് അടുപ്പിച്ചു കെട്ടുന്നതിനും ആയിരുന്നു താങ്ങുകുറ്റി നാട്ടിയിരുന്നത്. ഇപ്പോൾ വർഷങ്ങളായി താങ്ങു കുറ്റി നാട്ടാറില്ല.
ഇതു കാരണം ബോട്ട് കോൺക്രീറ്റ് സ്ലാബിൽ ഇടിച്ച് മിക്ക ബോട്ടിന്റെയും വശങ്ങൾ തകർന്ന അവസ്ഥയിലാണ്. വെള്ളപ്പൊക്ക കാലത്താണ് താങ്ങുകുറ്റിയുടെ ആവശ്യകത ഏറെയുള്ളത്. ഒഴുക്കിന് അനുകൂലമായും പ്രതികൂലമായി വരുന്ന ബോട്ടുകൾ അടുപ്പിച്ചു കെട്ടാൻ താങ്ങു കുറ്റികൾ അനിവാര്യമാണ്. അത് ഇല്ലാത്തതിനാൽ അപകടം ഉണ്ടാകുന്നതും പതിവാണ്. എടത്വ മുതൽ ചമ്പക്കുളം വരെയുള്ള എടത്വ, വരമ്പത്ത്, കെഎസ്ആർടിസി, ചേന്നങ്കര, വെളുത്തേടത്ത്, തോട്ടക്കാട്, മണമേൽ, വായനശാല, പുത്തൂർ, അമ്പലം, എരവേലി, മൂക്കോടി, തായങ്കരി, വടകര, ഐവേലിക്കാട്, കണ്ടങ്കരി, കണ്ടങ്കരി ക്ഷേത്രം, പുല്ലങ്ങടി, ഓതറ, പുല്ലങ്ങടി വടക്ക്, അമേരിക്ക, ചമ്പക്കുളം തുടങ്ങി 25 ജെട്ടികളുടെയും അവസ്ഥ ഇതാണ്.
തോട്ടക്കാട് ജെട്ടി, ക്ഷേത്രം ജെട്ടി എന്നിവയിൽ നാട്ടുകാരുടെ സഹകരണത്തോടെ കാത്തിരിപ്പുപുര നിർമിച്ചിരുന്നു. ഇതു കൂടാതെ പല ജെട്ടികളുടെയും സംരക്ഷണ ഭിത്തിയും തകർന്ന അവസ്ഥയിലാണ്. അടിയന്തര നടപടി വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.