ചെങ്ങന്നൂർ ∙ ഗവ.ജില്ലാ ആശുപത്രിയിൽ എട്ടുമാസം ഗർഭിണിയായ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റിൽ. സംഭവത്തിൽ ബിഹാർ സ്വദേശി അഞ്ജനി റായിയെയാണ്(43) പൊലീസ് അറസ്റ്റ് ചെയ്തത്. തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനു ചവിട്ടേറ്റു.ബുധൻ രാത്രി 10.15ഓടെയാണ് അപസ്മാര ലക്ഷണങ്ങളോടെ സരൺ (44) എന്ന അതിഥിത്തൊഴിലാളിയുമായി ഒപ്പം ജോലി ചെയ്യുന്ന ആറ് അതിഥിത്തൊഴിലാളികൾ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ.നീരജ അനു ജയിംസ് രോഗിക്കു ചികിത്സ നൽകി.

തുടർന്നു ബോധം തെളിഞ്ഞപ്പോൾ തുടർചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകാൻ നിർദേശിച്ചു. രോഗിക്ക് ഒപ്പമെത്തിയവർ ആരെയോ ഫോണിൽ വിളിച്ച് ഫോൺ ഡോക്ടർക്ക് നൽകാൻ ശ്രമിച്ചു. ഡോക്ടർ ഫോൺ വാങ്ങാൻ വിസമ്മതിച്ചപ്പോൾ ഫോണിൽ ഒരു രാഷ്്ട്രീയനേതാവാണെന്നും അദ്ദേഹം ഡോക്ടറുടെ പേരും താമസസ്ഥലവും അന്വേഷിക്കുന്നെന്നും പറഞ്ഞു. ഇതും പറയാൻ ഡോക്ടർ വിസമ്മതിച്ചപ്പോൾ രോഗിക്ക് ഒപ്പമെത്തിയയാൾ അസഭ്യം പറയുകയും ആശുപത്രിക്കു പുറത്തിറങ്ങിയാൽ കാണിച്ചു തരാമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് ഡോക്ടർ പറഞ്ഞു.
ഇതോടെ ഡോക്ടർ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ കെ.കെ.സുരേന്ദ്രൻ (57) എത്തി തൊഴിലാളികളെ ശാന്തരാക്കാൻ ശ്രമിക്കുകയും ഫോണിൽ ‘നേതാവു’മായി സംസാരിക്കുകയും ചെയ്തു. ഇതിനിടെ ഡോക്ടറെ അസഭ്യം പറഞ്ഞു കൊണ്ടു ഒരു തൊഴിലാളി കയ്യേറ്റം ചെയ്യാൻ മുതിരുകയായിരുന്നു. തുടർന്നു രോഗിയും അക്രമാസക്തനായി തന്നെ ചവിട്ടാൻ ശ്രമിച്ചെന്നും സുരേന്ദ്രൻ കുറുകെ നിന്നതിനാൽ അദ്ദേഹത്തിനാണു ചവിട്ടേറ്റതെന്നും ഡോക്ടർ പറയുന്നു. വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി അഞ്ജനി റായിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ ആശുപത്രി അധികൃതർ ആംബുലൻസ് ഒരുക്കിയിരുന്നെങ്കിലും കൂടെ വന്നവർ ഓട്ടോയിൽ കൂട്ടിക്കൊണ്ടുപോയി.
പ്രതിഷേധിച്ച്കെജിഎംഒഎ

ചെങ്ങന്നൂർ ∙ ജില്ലാ ആശുപത്രിയിൽ വനിതാ ഡോക്ടർക്കും സുരക്ഷാജീവനക്കാരനുമെതിരെ ഉണ്ടായ ആക്രമണത്തിൽ കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ആശുപത്രി സംരക്ഷണ നിയമം പ്രകാരം കേസെടുക്കണമെന്നും ആശുപത്രികൾക്കെതിരെ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊലീസ് എയ്ഡ് പോസ്റ്റ് ഏർപ്പെടുത്തണമെന്നും ജില്ലാ പ്രസിഡന്റ് ഡോ.സാബു സുഗതൻ ആവശ്യപ്പെട്ടു.