അമ്പലപ്പുഴ ∙ മകന്റെ മരണവാർത്തയറിഞ്ഞതിനു പിന്നാലെ അമ്മ കുഴഞ്ഞു വീണു മരിച്ചു. പുറക്കാട് കരൂർ തെക്കേയറ്റത്ത് മദനന്റെ ഭാര്യ ഇന്ദുലേഖയാണ് (59) ഇന്നലെ പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വീടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മകൻ നിഥിനെ(31) മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ചികിത്സിക്കുന്നതിനിടെ ബുധനാഴ്ച രാത്രി മരിച്ചു.
മകൻ മരിച്ചതറിഞ്ഞാണ് ഇന്ദുലേഖയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഇന്ദുലേഖ തൊഴിലുറപ്പ് തൊഴിലാളിയും നിഥിൻ മത്സ്യത്തൊഴിലാളിയുമാണ്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. മറ്റു മക്കൾ: മിഥുൻ, നവീൻ.