ADVERTISEMENT

ചെങ്ങന്നൂർ ∙ താനും അപകടത്തിൽപ്പെടുമെന്ന് ഉറപ്പായിരുന്നെങ്കിലും മറ്റൊരു കുട്ടിയെ രക്ഷിക്കാൻ ഏഴാം ക്ലാസുകാരൻ സഞ്ജീവ് പ്രതാപ് സിങ്ങിന് അതൊരു തടസ്സമല്ലായിരുന്നു. കിഴക്കേനട ഗവ.യുപിഎസ് കെട്ടിടത്തിനുമേലേക്ക് കൂറ്റൻ വാകമരം വീണുണ്ടായ അപകടത്തിൽ ക്ലാസ് മുറിയിലുണ്ടായിരുന്ന കുട്ടിക്ക് രക്ഷയായത് സഞ്ജീവിന്റെ മനഃസാന്നിധ്യമാണ്.അക്കഥ സഞ്ജീവ് തന്നെ പറയും; ‘അന്നെനിക്ക് പരീക്ഷ ഇല്ലായിരുന്നു. സ്കൂൾ വാർഷികത്തിനു കലാപരിപാടികളുടെ റിഹേഴ്സലിനെത്തിയതാണ്. ശുചിമുറിയിൽ പോയി മടങ്ങവേയാണ് സ്കൂൾ മുറ്റത്തു നിന്ന വാകമരം മെല്ലെ ചരിയുന്നതായി കണ്ടത്. 

അപ്പോഴേക്കും മരക്കൊമ്പുകൾ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകളിൽ തട്ടി ക്ലാസ്മുറിക്കുള്ളിലേക്കു പൊടി വീഴുന്നുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ എസ്.അഭിജിത്തിനെയും കൂട്ടി ഞാൻ ഓടി ക്ലാസ്മുറിക്കുള്ളിലെത്തി, അവിടെയുണ്ടായിരുന്ന ടീച്ചറോട് മരം ഒടിഞ്ഞു വീഴുന്നെന്നു വിളിച്ചു പറഞ്ഞു. ക്ലാസിലിരുന്ന ഒന്നാംക്ലാസുകാരനെ പിടിച്ചു വാതിൽക്കലേക്കു നിർത്തി പുറത്തേക്ക് ഓടാൻ പറഞ്ഞു. കുട്ടി ഓടി പുറത്തേക്കു പോയപ്പോഴേക്കും മരം ഒടിഞ്ഞു മേൽക്കൂരയിലേക്കു വീണു. ഒരു തടിക്കഷണം വീണ് എന്റെ ഇടത്തേ തോളിനു പരുക്കേറ്റു’

പുത്തൻകാവ് മലങ്കാവിൽ സെലിൻ രാജിന്റെയും ഡൽഹി സ്വദേശി അനിൽ സിങ്ങിന്റെയും ഏകമകനാണ് സഞ്ജീവ്. ഡൽഹിയിൽ ആശുപത്രി ജീവനക്കാരാണ് ഇരുവരും. സെലിന്റെ സഹോദരൻ എം.ആർ. സജയന്റെ വീട്ടിൽ നിന്നാണ് സഞ്ജീവ് പഠിക്കുന്നത്. നാട്ടിലെത്തിയ അച്ഛനും അമ്മയ്ക്കുമൊപ്പം ഡൽഹിയിലേക്കു പോകാനൊരുങ്ങുകയാണു സഞ്ജീവ്. സഞ്ജീവിന്റെ ധീരമായ ഇടപെടൽ മന്ത്രി സജി ചെറിയാൻ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ പങ്കുവച്ചതോടെയാണ് നാടറിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com