ADVERTISEMENT

എടത്വ ∙ കാലാവസ്ഥയിലും ഭക്ഷണരീതിയിലുമുണ്ടായ വ്യത്യാസം കാരണം താറാവുകൾ മുട്ടയിടാനെടുക്കുന്ന കാലയളവു കൂടി.  മുട്ടവിരിഞ്ഞു നാലര–അഞ്ചര മാസം കൊണ്ടു മുട്ടയിട്ടിരുന്ന താറാവുകൾ ഇപ്പോൾ മുട്ടയിട്ടു തുടങ്ങാൻ ആറര മാസം വരെയെടുക്കുന്നു. ഇടുന്ന മുട്ടകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

മയത്തീറ്റ എന്നു വിളിക്കുന്ന പരമ്പരാഗത തീറ്റയുടെ ലഭ്യതക്കുറവു കാരണമാണു താറാവുകൾ മുട്ടയിട്ടു തുടങ്ങാൻ വൈകുന്നതെന്നു കർഷകർ പറയുന്നു. ചൂട് കൂടിയതോടെ  എല്ലാ ജീവികളും ആഹാരം കഴിക്കുന്നതു കുറ‍ഞ്ഞു. ഇതു കാരണം ആവശ്യമായ മൂലകങ്ങൾ ശരീരത്തിലെത്താതെ വരും. ഇതാണു   മുട്ട ഉൽപാദനത്തെ ബാധിക്കുന്നെതന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.

മടവല മത്സ്യബന്ധനം നിരോധിച്ചതോടെ ചെറുമത്സ്യങ്ങൾ കിട്ടാതായി. പനമ്പറ്റ കിട്ടുന്നതും കുറഞ്ഞു. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ വെള്ളം കയറ്റി താറാവുകളെ തീറ്റുന്നതും ഇല്ലാതായി. പാടശേഖരങ്ങളിലെ അമിത കീടനാശിനി പ്രയോഗവും തീയിടലും കാരണം ചെറുകക്ക, വിര  തുടങ്ങിയ ജൈവതീറ്റകൾ ഇല്ലാതായി. ഒരു കിലോ അരി 26 രൂപയ്ക്ക്  വാങ്ങിയാണു  നൽകുന്നത്. 5000 താറാവുകളുള്ള ഒരു കർഷകന് 1000 രൂപ ദിവസക്കൂലിക്ക് 6 തൊഴിലാളികളെ വേണം. മുട്ടയിട്ടു തുടങ്ങാൻ വൈകുന്നതോടെ ഒന്നര മാസത്തോളം അധികമായി ഈ ചെലവുകൾ വഹിക്കേണ്ടി വരും.

ഹാച്ചറികളിൽ വിരിയിക്കുന്ന താറാവിൻ കുഞ്ഞിനുള്ള പ്രതിരോധ വാക്സീൻ മാത്രമേ മൃഗസംരക്ഷണ വകുപ്പിൽ നിന്നു ലഭിക്കൂ. താറാവുകൾക്കു തീറ്റ സബ്സിഡി, ഇൻഷുറൻസ് പരിരക്ഷ, തൊഴിലാളികൾക്ക് ഇൻഷുറൻസ് എന്നിവ ലഭ്യമാക്കാൻ നടപടിയില്ല.പക്ഷിപ്പനി കാരണം കൊന്നു നശിപ്പിക്കുന്ന താറാവുകൾക്കു മാത്രമാണു   നഷ്ടപരിഹാരം ലഭിക്കുന്നത്.

മറ്റു രോഗങ്ങൾ മൂലം ചാകുന്ന താറാവുകൾക്കും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും താങ്ങുവില നിശ്ചയിച്ചു മുട്ട സംഭരിക്കുന്നതിനു സർക്കാർ നടപടി സ്വീകരിക്കണമെന്നും താറാവു കർഷകരായ തലവടി സ്വദേശി കുട്ടപ്പായി, കറുകയിൽ ബിജു വർഗീസ് എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com