ADVERTISEMENT

ആലപ്പുഴ ∙ വെള്ളയണിഞ്ഞ രക്തനക്ഷത്രം പൊലിഞ്ഞിട്ട് രണ്ടു വർഷം. കെ.ആർ.ഗൗരിയമ്മ ഇല്ലാത്ത രാഷ്ട്രീയരംഗം രണ്ടു വർഷം പിന്നിട്ടു. കേരളത്തിന്റെ ആദ്യ റവന്യു മന്ത്രിയായി ഭൂപരിഷ്കരണ നിയമം നടപ്പാക്കിയും പിന്നീട് സിപിഎമ്മിനെ വെല്ലുവിളിച്ചു സ്വന്തം പാർട്ടിയുണ്ടാക്കി വീണ്ടും മന്ത്രിയായും കരുത്തു കാട്ടിയ ഗൗരിയമ്മ മരണശേഷവും ജ്വലിക്കുന്ന ഓർമയാണ്. ജെഎസ്എസ് വിഭാഗങ്ങൾ ഇന്നു വെവ്വേറെ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. ഡോ. പി.സി.ബീനാകുമാരിയുടെ നേതൃത്വത്തിലുള്ള വിഭാഗം രാവിലെ 10ന് വലിയ ചുടുകാട്ടിൽ പുഷ്പാർച്ചന നടത്തും. 11 മണിക്ക് ഗൗരിയമ്മയുടെ വസതിയായ ചാത്തനാട്ട് വീട്ടുവളപ്പിൽ അനുസ്മരണ സമ്മേളനവും നടത്തും. പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംഗീത് ചക്രപാണി അധ്യക്ഷത വഹിക്കും.

∙ എ.എൻ.രാജൻബാബു വിഭാഗം രാവിലെ 11ന് റെയ്ബാൻ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തും. ജനറൽ സെക്രട്ടറി എ.എൻ.രാജൻ ബാബു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എ.വി.താമരാക്ഷൻ അധ്യക്ഷത വഹിക്കും. തുടർന്ന് നഗരസഭയുടെ ആലിശേരി അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകുമെന്ന് ജില്ലാ സെക്രട്ടറി പി.രാജുവും പ്രസിഡന്റ് ആർ.ശശീന്ദ്രനും എം.രാജേഷും അറിയിച്ചു.

സ്മാരകം പ്രതീക്ഷ

ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട് സ്മാരകമാക്കാനുള്ള നടപടികൾ പൂർത്തിയായിട്ടില്ല. അടുത്ത സംസ്ഥാന ബജറ്റിൽ ഇത് ഉൾപ്പെടുത്തുമെന്ന് ഉറപ്പു ലഭിച്ചതായി ഗൗരിയമ്മയുടെ സഹോദരീപുത്രിയായ ഡോ. പി.സി.ബീനാകുമാരി പറഞ്ഞു.സ്മാരകത്തിന്റെ ഘടന അന്തിമമായിട്ടില്ല. ബജറ്റിൽ പണം അനുവദിച്ചാലേ അതു സംബന്ധിച്ചു രൂപമാകൂ. സ്ത്രീപഠന കേന്ദ്രം, മ്യൂസിയം, പരിശീലന കോഴ്സ് തുടങ്ങിയവയാണ് ലക്ഷ്യമിടുന്നതെന്നും ബീനാകുമാരി പറഞ്ഞു. രണ്ടു വർഷത്തിനകം സ്മാരകം യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.

ദശാസന്ധിയിലെ അനുസ്മരണം

ഗൗരിയമ്മയുടെ രണ്ടാം ചരമവാർഷികം എത്തുമ്പോൾ ജെഎസ്എസ് വിഭാഗങ്ങളും മുൻ നേതാക്കളും രാഷ്ട്രീയത്തിന്റെ പല തട്ടുകളിലാണ്. മുൻ എംഎൽഎ കെ.കെ.ഷാജുവിന്റെ നേതൃത്വത്തിൽ കുറേപ്പേർ നാളെ സിപിഎമ്മിൽ ചേരും. പി.സി.ബീനാകുമാരി വിഭാഗം എൽഡിഎഫിനൊപ്പമാണെങ്കിലും ജെഎസ്എസായിത്തന്നെ തുടരാനാണ് തീരുമാനം. എ.എൻ.രാജൻബാബു വിഭാഗം എൽഡിഎഫിനെയും സിപിഎമ്മിനെയും എതിർത്തു നിൽക്കുന്നു. ജെഎസ്എസിൽനിന്നു സിപിഎമ്മിലേക്ക് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് കെ.കെ.ഷാജുവിന്റെ മാത്രം മടക്കമാണെന്നാണ് ബീനാകുമാരി വിഭാഗം പറയുന്നത്.

നാളെ നടക്കുന്ന സമ്മേളനവുമായി ജെഎസ്എസിന് ഒരു ബന്ധവുമില്ലെന്നും നേതാക്കൾ പറയുന്നു.ഗൗരിയമ്മയെ തള്ളിപ്പറഞ്ഞ സിപിഎം ഇന്ന് ജെഎസ്എസിൽ ഉണ്ടായിരുന്നവരെ പൂർണമായി സ്വീകരിക്കുന്ന അവസ്ഥയിലെത്തിയത് സിപിഎമ്മിന്റെ ഗതികേടാണെന്ന് രാജൻബാബു വിഭാഗം പ്രസിഡന്റ് എ.വി.താമരാക്ഷൻ ആരോപിക്കുന്നു. അഴിമതിക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുടെ പാർട്ടി ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം നാമാവശേഷമാകുമെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com