ADVERTISEMENT

ഫോണിൽ വിളിച്ചുണർത്തി പഠനം: കാക്കാഴം സ്കൂളിൽ 100%

അമ്പലപ്പുഴ∙ അവധിദിനങ്ങളിലുൾപ്പെടെ പുലർച്ചെ നാലിന് അധ്യാപകർ ഓരോ വിദ്യാർഥിയെയും ഫോണിൽ വിളിച്ചുണർത്തി പഠിക്കാൻ സഹായിച്ചതോടെ തുടർച്ചയായി രണ്ടാം വർഷവും കാക്കാഴം ഗവ. ഹയർ സെക്കൻ‍ഡറി സ്കൂളിന് 100% വിജയം. 111 പേരാണു പരീക്ഷ എഴുതിയത്. 58 പേർ സയൻസും 53 പേർ കൊമേഴ്സും. ഇതിൽ 8 പേർക്കു ഫുൾ എപ്ലസ് ലഭിച്ചു. സയൻസിൽ ആറും കൊമേഴ്സിൽ രണ്ടും പേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്. ഇതിൽ 1200ൽ 1197 മാർക്കുമായി അഭിനാ രാജ് മുന്നിലെത്തി.

സ്കൂൾ പത്താം ക്ലാസ് പരീക്ഷയിലും 100% വിജയം നേടിയിരുന്നു. ഹയർ സെക്കൻഡറി തുടങ്ങിയ 2014ൽ 40% മാത്രമായിരുന്നു വിജയം. ഇത്തവണ പ്ലസ് വൺ പരീക്ഷയിൽ വിജയം 80% ആയിരുന്നു. ഇംപ്രൂവ്മെന്റിൽ 100 ശതമാനമാക്കി ഉയർത്തി. പ്രിൻസിപ്പൽ എസ്.ശശികുമാരി, സീനിയർ അസിസ്റ്റന്റ് അരുൺ ജി.കൃഷ്ണൻ, അധ്യാപകർ, പിടിഎ എന്നിവർ ചേർന്നുള്ള പരിശ്രമമാണു സ്കൂളിന്റെ വിജയത്തിനു പിറകിൽ. 

ഹയർസെക്കൻഡറി പരീക്ഷയിൽ നൂറുശതമാനം വിജയ നേടിയ പഴവങ്ങാടി കാർമൽ അക്കാദമി ഇഎംഎച്ച്എസ്എസിലെ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം.
ഹയർസെക്കൻഡറി പരീക്ഷയിൽ നൂറുശതമാനം വിജയ നേടിയ പഴവങ്ങാടി കാർമൽ അക്കാദമി ഇഎംഎച്ച്എസ്എസിലെ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം.

നൂറുമേനി വിജയം കോയ്ത് പഴവങ്ങാടി കാർമൽ അക്കാദമി

ആലപ്പുഴ ∙ അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനമാണു പഴവങ്ങാടി കാർമൽ അക്കാദമി ഇഎംഎച്ച്എസ്എസിന് ഹയർസെക്കൻഡറി പരീക്ഷയിൽ നൂറുമേനി വിജയം നേടിക്കൊടുത്തത്. പരീക്ഷയെഴുതിയ 57 പേരും വിജയിച്ചപ്പോൾ 8 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 1200ൽ 1171 മാർക്ക് നേടിയ ഐന മോനിച്ചനാണു സ്കൂൾ ടോപ്പർ. സ്കൂളിൽ പത്താം ക്ലാസിൽ പരീക്ഷയെഴുതിയ 92 കുട്ടികളും വിജയിച്ചു.

അതിൽ 34 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. തുടർച്ചയായ വർഷങ്ങളിൽ എസ്എസ്എൽസിക്കു സ്കൂളിനു 100% വിജയമുണ്ടായിരുന്നു. അധ്യാപകരുടെയും വിദ്യാർഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തവണ പത്താം ക്ലാസിലും പ്ലസ്ടുവിനും 100% വിജയം കൈവരിക്കാനായതെന്നു പ്രിൻസിപ്പൽ ഫാ. നിബിൻ പഴയമഠം പറഞ്ഞു.

ഹയർ സെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ വാടയ്ക്കൽ ഡോ.ബി.ആർ അംബേദ്കർ സ്മാരക ഗവ. മോ‍ഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനികൾ അധ്യാപകർക്കൊപ്പം.
ഹയർ സെക്കൻഡറി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ വാടയ്ക്കൽ ഡോ.ബി.ആർ അംബേദ്കർ സ്മാരക ഗവ. മോ‍ഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനികൾ അധ്യാപകർക്കൊപ്പം.

വിജയത്തിളക്കത്തിൽ വാടയ്ക്കൽ ഡോ.അംബേദ്കർ സ്കൂൾ

പുന്നപ്ര ∙ ഹയർ സെക്കൻഡറി പരീക്ഷയിൽ കഴിഞ്ഞ തവണ കൈവിട്ടു പോയ 100% വിജയം തിരികെ പിടിച്ച് വാടയ്ക്കൽ ഡോ.ബി. ആർ. അംബേദ്കർ സ്മാരക ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ. 2017 മുതൽ 21 വരെ തുടർച്ചയായി അഞ്ചു തവണ സ്കൂളിനു 100% ആയിരുന്നു വിജയം. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള സ്കൂളിൽ 37 വിദ്യാർഥിനികളാണു പരീക്ഷയെഴുതിയത്. സയൻസ് വിഷയം മാത്രമുള്ള സ്കൂളിൽ ഒരു വിദ്യാർഥിനിക്കു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസുണ്ട്.

പ്രിൻസിപ്പൽ ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും നടത്തിയ പരിശ്രമമാണ് വിജയം നേടിക്കൊടുത്തത്. രാവിലെ 9 മുതൽ തുടങ്ങുന്ന ക്ലാസുകൾ 4നു അവസാനിക്കുമെങ്കിലും ക്ലാസുകഴിഞ്ഞ് ഹോസ്റ്റലിലെത്തിയാലും പഠനം രാത്രി വൈകിയും തുടരും. എസ്എസ്എൽസി പരീക്ഷയിലും സ്കൂൾ 100% വിജയം നേടിയിരുന്നു.

ചിട്ടയായ പഠനം മുഹമ്മ മദർ തെരേസ സ്കൂളിന്റെ നേട്ടം

മുഹമ്മ ∙ മുഹമ്മ മദർ തെരേസ എച്ച്എസ്എസിൽ ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയ 92 വിദ്യാർഥികളും വിജയിച്ചു. 1200ൽ 1193 മാർക്ക് നേടി അന്ന ഷിബിയാണ് സ്കൂൾ ടോപ്പർ. 19 വിദ്യാർഥികൾക്കു ഫുൾ എ പ്ലസ് ഉണ്ട്. 2014ലാണ് (അൺ എയ്‌ഡഡ്) എച്ച്എസ്എസ് വിഭാഗം തുടങ്ങുന്നത്.

കഴിഞ്ഞ വർഷം ഒഴികെ ബാക്കി എല്ലാവർഷവും സ്കൂൾ 100% വിജയം കരസ്ഥമാക്കിയിട്ടുണ്ട്. പ്രിൻസിപ്പൽ ഫാ.ഡോ.സാംജി വടക്കേടത്തിന്റെയും അധ്യാപകരുടെയും കീഴിൽ വിദ്യാർഥികൾ നടത്തിയ ചിട്ടയായ പഠനമാണു കഴിഞ്ഞ വർഷം നഷ്ടമായ 100% വിജയം ഈ വർഷം നേടിയെടുക്കാൻ സഹായിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com