എടത്വ ∙ രണ്ടര മാസം മുൻപ് കൂഴിച്ചുമൂടിയ വളർത്തു നായയെ തലയ്ക്കടിച്ചും മണ്ണെണ്ണയൊഴിച്ചു കത്തിച്ചും കൊന്നതാണെന്ന ഉടമയുടെ പരാതിയെ തുടർന്ന് അയൽവാസിയുടെ പറമ്പിൽനിന്നു ജഡം പുറത്തെടുത്ത് സാംപിൾ ശേഖരിച്ചു. തലവടി പഞ്ചായത്ത് 9–ാം വാർഡ് തോപ്പിൽചിറയിൽ മോൻസി ജേക്കബിന്റെ പരാതിയിലാണ് കേസ്. മാർച്ച് 13ന് രാത്രി മോൻസിയുടെ വീട്ടിലെ മതിൽക്കെട്ടിനുള്ളിൽ തുറന്നു വിട്ടിരുന്ന 2 വയസ്സുള്ള നായക്കുട്ടി എങ്ങനെയോ മതിൽക്കെട്ടിനു വെളിയിൽ പോയി.
രണ്ടു ദിവസം നായയ്ക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. രണ്ടാം ദിവസം നായ സമീപവാസിയുടെ കിണറ്റിൽ വീണു എന്നും ചത്തതിനാൽ കുഴിച്ചിട്ടു എന്നും വിവരം ലഭിച്ചു. പിന്നീട് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ, കിണറ്റിൽ വീണ നായയെ കരയ്ക്കെടുത്തപ്പോൾ ആരോഗ്യവാനായിരുന്നെന്നും പിന്നീട് തലയ്ക്കടിച്ച് മൃതപ്രായനാക്കിയെന്നും മോൻസിക്ക് വിവരം ലഭിച്ചു.
അവശനായ നായയെ കുഴിച്ചിടാൻ ഒരുങ്ങിയപ്പോൾ ചാടിയെണീക്കാൻ ശ്രമിക്കുകയും, തുടർന്ന് മണ്ണെണ്ണയൊഴിച്ച് കത്തിച്ച ശേഷം കുഴി മൂടുകയും ചെയ്തതായി വിവരം ലഭിച്ചു. ഇതേത്തുടർന്ന് ഏപ്രിൽ 14 ന് ആദ്യം എടത്വ പൊലീസിൽ പരാതി കൊടുത്തെങ്കിലും തുടർനടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
തുടർന്നാണ് ഇന്നലെ വെറ്ററിനറി സർജന്റെ സാന്നിധ്യത്തിൽ ജഡം പുറത്തെടുത്തത്. സാംപിൾ തിരുവനന്തപുരത്തുള്ള ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. എടത്വ എസ്ഐ കെ.എൽ. മഹേഷ്, സീനിയർ സിപിഒമാരായ പ്രേംജിത്ത്, സുനിൽ, വെറ്ററിനറി സർജന്മാരായ എസ്. ശ്രീജിത്ത്, പ്രഭുൽ വി. കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ജഡം പുറത്തെടുത്തത്.