ഇരട്ടച്ചങ്ക്, ഡബിൾ എൻജിൻ എന്നൊക്കെ വെറുതേ പറഞ്ഞാൽ പോരാ. തെളിയിച്ചു കാട്ടണം. വലിയ പാർട്ടികൾക്കു കഴിയില്ലെങ്കിൽ എൻസിപി കാണിച്ചു തരും. എന്നല്ല, കാണിച്ചുകഴിഞ്ഞു. ഒറ്റയടിക്കല്ലേ രണ്ടു ജില്ലാ പ്രസിഡന്റുമാരെ വച്ചത്. വർക്കിങ് പ്രസിഡന്റൊന്നുമല്ല, രണ്ടുപേരും ശരിക്കും പ്രസിഡന്റ് തന്നെ.
വലിയ പാർട്ടികൾക്കു പോലും ജില്ലാ ഘടകത്തിന്റെ തലപ്പത്ത് ഒരാളെ വയ്ക്കാനെ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. അതിൽ തന്നെ മുറുമുറുപ്പുണ്ടായ അനുഭവമുണ്ട്. അപ്പോഴാണ് എൻസിപിയുടെ ഈ ഇരട്ടത്തിളക്കം.രണ്ടു പ്രസിഡന്റിനെയും ഒരാളല്ല നിയമിച്ചത് എന്നതു വലിയ പ്രശ്നമാണോ? ഏതു വഴിക്കായാലും പ്രസിഡന്റുമാർ ഉണ്ടാകട്ടെ. ഒരാൾ പോലും ഇല്ലാതിരിക്കുന്നതിലും നല്ലതല്ലേ?
സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോജി ഒരു പ്രസിഡന്റിനെ നിയമിക്കുന്നു. ആ നിയമനം അത്രയ്ക്കങ്ങു ശരിയായില്ലെന്നു തോന്നിയ തോമസ് കെ.തോമസ് എംഎൽഎ ഒരു എക്സ്ട്രാ നിയമനം കൂടി നടത്തുന്നു. ഇതാണുണ്ടായത്. പാർട്ടിയിൽ ആർക്കും അപ്രമാദിത്തമില്ലെന്ന സന്ദേശം കൂടിയാണ് ഈ അപൂർവ നടപടിയിലൂടെ നേതാക്കൾ നൽകിയത് എന്നു വേണം വായിക്കാൻ.താൻ മുംബൈയിൽ പോയി ശരദ് പവാർജിയെ കണ്ടു കാര്യങ്ങൾ ബോധിപ്പിച്ച് പ്രത്യേക അനുമതി വാങ്ങിയാണ് നിയമനാധികാരിയായതെന്നു എംഎൽഎജി പറയുന്നു. പവാർജിക്കു പുറമേ പ്രഫുൽ പട്ടേൽജിയുടെയും മനസ്സറിവുണ്ട് ഇക്കാര്യത്തിൽ.
താനാണ് സംസ്ഥാന പ്രസിഡന്റെന്നും ജില്ലാ പ്രസിഡന്റിനെ നിയമിക്കാനുള്ള അധികാരം തനിക്കു മാത്രമാണെന്നും പറഞ്ഞ് പി.സി.ചാക്കോജി ആ കുട്ടനാടൻ കുതിപ്പിനെ വെട്ടി. കാര്യങ്ങൾ ഇങ്ങനെയാണു വേണ്ടതെന്നു കേന്ദ്ര നേതൃത്വജിമാർക്കും അറിയാം എന്ന് അദ്ദേഹത്തിന്റെ ന്യായം. പെട്ടെന്നു വികാരവിക്ഷുബ്ധതയിൽ എംഎൽഎ അങ്ങനെയൊക്കെ ചെയ്തുപോയതാണെന്നും പോട്ടെ സാരമില്ലെന്നും പറഞ്ഞ് അദ്ദേഹം സംശയാലുക്കളെ തെല്ലൊന്ന് ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സത്യത്തിൽ ഇനിയാണ് പാർട്ടിയുടെ വൻ കുതിപ്പു തുടങ്ങുക. ഇരട്ടച്ചങ്കുള്ളതുകൊണ്ട് കരുത്ത് വല്ലാതെ കൂടുതലായിരിക്കും. ഇരട്ട എൻജിനുള്ളതുകൊണ്ട് രണ്ടു ദിശകളിലേക്കും ഒരുപോലെ കുതിക്കാം. ഇനി ഏതെങ്കിലും പാർട്ടി ഇങ്ങനെ രണ്ടു പ്രസിഡന്റുമാരെ വച്ചിട്ടു വലിയ കാര്യമില്ല. അതൊക്കെ എൻസിപിയെ അനുകരിക്കൽ മാത്രമായിരിക്കും.