2000 രൂപയുടെ ചില്ലറ ചോദിച്ചയാളെ മർദിച്ചു; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടിയെടുക്കും

Mail This Article
മാവേലിക്കര ∙ കെഎസ്ആർടിസി ബസ് സ്റ്റേഷനിലെത്തി 2000 രൂപ ചില്ലറ ആവശ്യപ്പെട്ട വയോധികനെ കെഎസ്ആർടിസി ഡ്രൈവർ മർദിച്ച സംഭവത്തിൽ കെഎസ്ആർടിസി ഇൻസ്പെക്ടർ റിപ്പോർട്ട് നൽകി. ഡ്രൈവർക്കെതിരെ നടപടി ഉണ്ടാകുമെന്നു സൂചന. ചെട്ടികുളങ്ങര പേള ഗീതാലയം മനുഭവൻ രാധാകൃഷ്ണൻ നായരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ ഡ്രൈവറുടെ ഭാഗത്തു നിന്നു വീഴ്ച ഉണ്ടായതായാണു കണ്ടെത്തൽ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് ഇന്നലെ റിപ്പോർട്ട് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസ് സ്റ്റേഷനിലാണു സംഭവം.
പനച്ചമൂടിനു പോകാനായി എത്തിയ രാധാകൃഷ്ണൻ നായർ 13 രൂപ ചില്ലറ ഇല്ലാത്തതിനാൽ 2000 രൂപയുമായി സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലെത്തി. ചില്ലറ ഇവിടെ ലഭിക്കില്ല, മുകളിൽ കാഷ് കൗണ്ടറിൽ അന്വേഷിച്ചാൽ ചിലപ്പോൾ ലഭിക്കുമെന്നു സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. പടി കയറാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞ രാധാകൃഷ്ണൻ നായരെ, അനീഷ് എന്ന ഡ്രൈവർ മർദിച്ചതായാണു പരാതി.
2000 രൂപയുടെ നോട്ട് നിരോധിച്ചത് അറിയില്ലേയെന്ന് ചോദിച്ചായിരുന്നു മർദനമെന്നും നിലത്തു വീണപ്പോൾ ഇടതു കൈ ഒടിഞ്ഞതായും രാധാകൃഷ്ണൻ നായർ പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.