ADVERTISEMENT

ഹരിപ്പാട് ∙ വളർത്തു നായയെ കുളിപ്പിക്കുന്നതിനിടെ മുംബൈ ഡോംബിവ്‌ലി ഈസ്റ്റ് ദാവ്‌ഡിയിലെ കുളത്തിൽ മുങ്ങി മരിച്ച മലയാളി സഹോദരങ്ങൾക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗർ സായ്ചരൺ ബിൽഡിങ് നിവാസികളായ താമല്ലാക്കൽ തെക്ക് ശബരിയിൽ രവീന്ദ്രൻ, ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത്, കീർത്തി എന്നിവർക്ക് അന്തിമോപചാരം അർപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും രാവിലെ മുതൽ എത്തിയിരുന്നു. 

മുംബൈയിൽ നിന്നു വിമാനമാർഗം നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം രാവിലെ പത്തരയോടെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. ദീപയുടെ സഹോദരങ്ങളായ ദിലീഷിന്റെ മകൻ അർജുൻ, ദിനേശിന്റെ മകൻ അനുഗ്രഹ്, രവീന്ദ്രന്റെ സഹോദരൻ സിബിയുടെ മകൻ ആദിത്യൻ എന്നിവരാണ് സംസ്കാരചടങ്ങുകൾ നടത്തിയതും ചിതയ്ക്ക് തീകൊളുത്തിയതും. 

ദീപയുടെ അമ്മ വിജയമ്മയുടെ മരണത്തെ തുടർന്ന് ഒരു മാസം മുൻപ് രവീന്ദ്രനും കുടുംബവും നാട്ടിലെത്തിയിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് ദീപയും രവീന്ദ്രനും നാട്ടിൻ തങ്ങാൻ തീരുമാനിച്ചതോടെ മക്കൾ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു. മുംബൈയിൽ ജീവിതം മതിയാക്കി നാട്ടിൽ താമസിക്കാനുള്ള തയാറെടുപ്പിലായിരുന്നു കുടുംബം. ഇതിനായി രണ്ടാഴ്ച മുൻപ് താമല്ലാക്കലിൽ വീട് വാങ്ങി ഗൃഹപ്രവേശനചടങ്ങുകൾ നടത്തിയ ശേഷം ഒരു ദിവസം താമസിച്ചിട്ടാണ് രഞ്ജിത്തും കീർത്തിയും മുംബൈയിലേക്ക് മടങ്ങിയത്. എംബിബിഎസ് പഠനം പൂർത്തിയാക്കിയതിനാൽ നാട്ടിൽ ജോലി ചെയ്യണമെന്നായിരുന്നു ര‍ഞ്ജിത്തിന്റെ ആഗ്രഹം. 

നായ നിർത്താതെ കുരച്ചു 

രഞ്ജിത്തും കീർത്തിയും മുങ്ങി മരിച്ച കുളത്തിന്റെ കരയിൽ നിന്നു അവരുടെ വളർത്തുനായ് നിർത്താതെ കുരയ്ക്കുകയായിരുന്നു. സമീപവാസികൾ എത്തിയപ്പോൾ കരയിൽ ചെരിപ്പും ബാഗും ഇരിക്കുന്നതു കണ്ടു. ആരോ അപകടത്തിൽപ്പെട്ടതാണെന്നു മനസ്സിലായി. ഉടൻ തിരച്ചിൽ നടത്തുകയും അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയും ചെയ്തു. കീർത്തിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. 

ര‍ഞ്ജിത്തിന്റെ മൃതദേഹത്തിനായുള്ള തിരച്ചിൽ നടത്തുന്നതിനിടെ നായ് കുളത്തിൽ ഇറങ്ങി നിൽക്കുകയും കരയിൽ കയറി കുരയ്ക്കുകയും വീണ്ടും കുളത്തിൽ ഇറങ്ങി നിൽക്കുകയും ചെയ്തത് അഗ്നിരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അവിടെ തിരച്ചിൽ നടത്തി. ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു ര‍ഞ്ജിത്തിന്റെ മൃതദേഹമെന്നു മുംബൈയിൽ നിന്നെത്തിയ ബന്ധുക്കൾ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com