ADVERTISEMENT

ആലപ്പുഴ ∙ വേമ്പനാട്ട് കായലിൽ കഴിഞ്ഞദിവസം മുങ്ങിയ ഹൗസ്ബോട്ട് താനൂർ ബോട്ടപകടം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് വി.കെ.മോഹനൻ സന്ദർശിച്ചു. ഭാവിയിൽ ബോട്ട് അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളും കമ്മിഷന്റെ പരിഗണനാവിഷയങ്ങളിൽ  ഉള്ളതിനാലാണ് സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു. ചിത്തിരക്കായലിൽ ബോട്ട് മുങ്ങിയ ഭാഗത്ത് എത്തിയ അദ്ദേഹം ബോട്ട് പരിശോധിച്ചു. അപകടം നടന്ന ബോട്ടിൽ യാത്ര ചെയ്ത തമിഴ്നാട്  ശ്രീരംഗം മലയപ്പാറ നഗർ സ്വദേശികളായ മുത്തുകൃഷ്ണൻ, ഭാര്യ ദീപിക, മകൾ ശാന്തി എന്നിവരുമായി ഗവ. ഗെസ്റ്റ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തി. വേമ്പനാട്ട് കായലിലെ അപകടത്തിന്റെ കുറ്റക്കാരെ കണ്ടെത്തുക തന്റെ ലക്ഷ്യമല്ലെന്നു വി.കെ.മോഹനൻ പറഞ്ഞു.

കേരളത്തിൽ ബോട്ടപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തുകയാണു ലക്ഷ്യം. കഴിഞ്ഞദിവസം വേമ്പനാട്ട് കായലിലുണ്ടായ അപകടത്തിൽ ഭാഗ്യം കൊണ്ടാണ് ആളപായം ഒഴിവായത്.  വിനോദ സഞ്ചാരികളാണ് അപകടത്തിൽപെടുന്നത്. കേരളത്തിൽ വിനോദസഞ്ചാരം വ്യവസായമാണ്. താൽക്കാലിക ലാഭത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ഈ വ്യവസായത്തിന്റെ നാശത്തിനു കാരണമാകുമെന്ന് സംരംഭകർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹൗസ്ബോട്ട് അപകടം പൊലീസ് തുറമുഖ വകുപ്പിന് പ്രാഥമിക റിപ്പോർട്ട് നൽകി

ആലപ്പുഴ ∙ 10 വർഷം മുൻപു റജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ ഹൗസ്ബോട്ട് വിനോദസഞ്ചാരികളുമായി സവാരി നടത്തുന്നതിനിടെ വേമ്പനാട്ട് കായലിൽ മുങ്ങിയ സംഭവത്തിൽ പുളിങ്കുന്ന് പൊലീസ് തുറമുഖ വകുപ്പിന് പ്രാഥമിക റിപ്പോർട്ട് നൽകി. ഫിറ്റ്നസ് ഇല്ലാത്ത ബോട്ടാണ് അപകടത്തിൽ പെട്ടതെന്നും തുറമുഖ വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണു റിപ്പോർട്ട്. പിന്നാലെ തുറമുഖ വകുപ്പിലെ ചീഫ് സർവേയർ ഇന്നലെ അപകടം നടന്ന സ്ഥലവും മുങ്ങിയ ബോട്ടും പരിശോധിച്ചു. ക്രിമിനൽ നിയമപ്രകാരം കേസ് എടുക്കേണ്ട സാഹചര്യമുണ്ടെങ്കിൽ പൊലീസിന് റിപ്പോർട്ട് നൽകുമെന്നു പോർട്ട് ഓഫിസർ അറിയിച്ചു. ബോട്ട് മുങ്ങിയ സംഭവത്തിൽ പരാതിക്കാരില്ലാത്തതിനാൽ പുളിങ്കുന്ന് പൊലീസ് ഇതു വരെ കേസെടുത്തിട്ടില്ല.  തുറമുഖ വകുപ്പ് രേഖാമൂലം ആവശ്യപ്പെട്ടാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്യേണ്ടിവരും. പള്ളാത്തുരുത്തിയിലെ റിലാക്സ് ഇൻ കേരള എന്ന സ്ഥാപനത്തിനു കീഴിലുള്ള  ഈസ്റ്റേൺ സെഫി എന്ന ബോട്ടാണ് തിങ്കളാഴ്ച പുളിങ്കുന്ന് മേഖലയിൽ ചിത്തിര കായലിൽ മുങ്ങിയത്.

തമിഴ്നാട് സ്വദേശികളായ മൂന്നു യാത്രക്കാരെയും 2 ജീവനക്കാരെയും സ്പീഡ് ബോട്ടിൽ രക്ഷപ്പെടുത്തിയിരുന്നു. മണൽത്തിട്ടയിൽ തട്ടി ബോട്ടിന്റെ അടിപ്പലകയിളകുകയും ഇതിലൂടെ വെള്ളം കയറിയതാണു ബോട്ടു മുങ്ങാൻ കാരണമെന്നാണു നിഗമനം.  2013ൽ ബോട്ടിന്റെ റജിസ്ട്രേഷൻ കാലാവധി അവസാനിച്ചതാണെന്നു കണ്ടെത്തിയിരുന്നു.  2018ൽ റജിസ്ട്രേഷൻ പുതുക്കാനായി സർവേ നടത്തിയെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാത്തതിനാൽ പരാജയപ്പെട്ടു. 2020നു ശേഷം ഇൻഷുറൻസ് പുതുക്കിയിട്ടില്ല. മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന വള്ളം രൂപമാറ്റം വരുത്തി ഹൗസ് ബോട്ടാക്കിയതാണെന്നും ആരോപണമുയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com