കുട്ടനാട് ∙ സംസ്ഥാനത്തെ ആദ്യ വനിത സ്പോർട്സ് മെഡിസിൻ ഡോക്ടർ ഇന്ന് സർവീസിൽ നിന്നു വിരമിക്കുന്നു. ബാഡ്മിന്റൻ ബാറ്റുകൊണ്ട് ഇന്ദ്രജാലം കാട്ടിയ നെടുമുടി ചെമ്പുംപുറം സിഎച്ച്സിയിലെ സൂപ്രണ്ട് ഡോ. സിന്ധു ശ്രീധരനാണ് ഇന്നു സർവീസിൽ നിന്നു വിരമിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ ഡോ. സിന്ധു ബാഡ്മിന്റൻ രംഗത്തുണ്ട്. 1975ൽ ദേശീയ സ്കൂൾ ഗെയിംസിൽ ജേതാവായി. പിന്നീട് സബ് ജൂനിയർ, ജൂനിയർ, സീനിയർ തലങ്ങളിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഒട്ടേറെ മെഡലുകൾ കൊയ്തു. രാജ്യത്തെ ഒന്നാം നമ്പർ ജൂനിയർ താരമായിരുന്നു. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ പ്രീഡിഗ്രി പഠനകാലത്ത് അന്തർ സർവകലാശാല ചാംപ്യൻഷിപ് നേടി. തുടർച്ചയായി 4 വർഷം അഖിലേന്ത്യാ അന്തർ സർവകലാശാല ചാംപ്യൻഷിപ് നിലനിർത്താനും സാധിച്ചു.
1983ൽ സഞ്ജയ് ഗാന്ധി ഇന്റർനാഷനൽ ചാംപ്യൻഷിപ്പിൽ യൂറോപ്പിനെതിരെ മത്സരിച്ചു. ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിനും യൂബർ കപ്പിനുമുള്ള ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാംപിൽ അംഗമായിരുന്നു. 1982–83 കാലഘട്ടത്തിൽ കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗമായിരുന്നു. ഡോക്ടറാകണമെന്ന ആഗ്രഹവും കായിക പ്രേമവുമായതോടെ സ്പോർട്സ് മെഡിസിൻ എടുത്തു. പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നു 2 വർഷത്തെ ഡിപ്ലോമ ബിരുദം കരസ്ഥമാക്കി ഈ ബിരുദം നേടുന്ന ആദ്യ മലയാളി വനിതയും രണ്ടാമത്തെ ഇന്ത്യക്കാരിയുമാണ് പാട്യാലയിലെ പഠനകാലത്ത് 1997ൽ ഡൽഹിയിൽ നടന്ന സൗത്ത് ഏഷ്യൻ അത്‌ലീറ്റ് മീറ്റിൽ പി.ടി.ഉഷയുടെ ഡോക്ടറായി സേവനം അനുഷ്ഠിക്കാനും സാധിച്ചു.
ആലപ്പുഴ സായിയിൽ സ്പോർട്സ് കൺസൾട്ടൻസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 26 വർഷം സർക്കാർ സർവീസിലുണ്ടായിരുന്ന ഡോ. സിന്ധു കഴിഞ്ഞ 12 വർഷം ചെമ്പുംപുറം സിഎച്ച്സിയിലാണു സേവനം അനുഷ്ഠിച്ചത്. വിരമിച്ചശേഷം കുറച്ചുനാൾ വിദേശത്തുള്ള മക്കളോടൊപ്പം കഴിഞ്ഞശേഷം സ്പോർട്സ് മെഡിസിനിൽ സജീവമാകാനാണു ലക്ഷ്യമിടുന്നത്. ഭർത്താവ് ഹൈക്കോടതി അഭിഭാഷകനായ ആസാദ് ബാബുവുമൊത്ത് ആലപ്പുഴ മുല്ലയ്ക്കലിലെ സിന്ദൂരം വീട്ടിലാണു താമസം. മക്കൾ : ദീപ്തി, ദീപക്. മരുമക്കൾ : വിജയ്, ജനീക്കോ.