ADVERTISEMENT

ചെങ്ങന്നൂർ ∙ ആവുന്നതു ശ്രമിച്ചിട്ടും യോഹന്നാനെ രക്ഷപ്പെടുത്താനാകാതെ പോയതിന്റെ വേദനയിലാണു നാട്. പുഞ്ചയോടു ചേർന്ന പ്രദേശമായതിനാൽ ചെളിയും വെള്ളവും നിറഞ്ഞ മണ്ണ് കനത്ത വെല്ലുവിളിയായി. കിണറിന്റെ വശങ്ങൾ ഇടിക്കുമ്പോൾ റിങ്ങോ മണ്ണോ താഴേക്ക് ഇടിഞ്ഞേക്കുമോ എന്നതും ആശങ്കയായി.  വൻ പ്രയത്നം വേണ്ടിവരുമെന്ന് ആദ്യം സ്ഥലത്തെത്തിയ ചെങ്ങന്നൂർ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്ക് മനസ്സിലായതോടെ കൂടുതൽ പേരുടെ സേവനം ആവശ്യപ്പെട്ടു സന്ദേശങ്ങൾ പാഞ്ഞു.

alappuzha-well
കോടുകുളഞ്ഞി ജംക്ഷനിൽ കൊല്ലമ്പറമ്പിലെ കിണർ വൃത്തിയാക്കുന്നതിനിടയിൽ റിങ് ഇടിഞ്ഞു കിണറിനകത്തു കുടുങ്ങിയ കാങ്കത്തറയിൽ യോഹന്നാനെ രക്ഷിക്കാനുള്ള ശ്രമം. ചിത്രം: മനോരമ

ആർഡിഒയുടെയും തഹസിൽദാരുടെയും നേതൃത്വത്തിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ സ്ഥലങ്ങളിൽ നിന്ന് അഗ്നിരക്ഷാസേനയെ സ്ഥലത്തെത്തിച്ചു. ഡിവൈഎസ്പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിൽ പൊലീസും നൂറനാട്ടു നിന്ന് ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) സംഘവും രംഗത്തുണ്ടായിരുന്നു. ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ആശ സി.ഏബ്രഹാം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

alappuzha-peoples
അപകടസ്ഥലത്ത് തടിച്ചുകൂടിയവർ. '

നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി. കിണറിന്റെ വശങ്ങളിൽ 2 മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ആഴത്തിൽ കുഴിയെടുത്തു. റിങ്ങുകൾ ഓരോന്നായി പൊളിച്ച് യോഹന്നാനെ രക്ഷപ്പെടുത്താനായി പിന്നത്തെ ശ്രമം. എന്നാൽ മണ്ണിടിയുന്നതും കുഴിയിൽ വെള്ളം നിറയുന്നതും രക്ഷാപ്രവർത്തനത്തിന്റെ വേഗം കുറച്ചു. സന്ധ്യയായതോടെ മഴയുമെത്തി. ഇതിനിടെ പമ്പ് സെറ്റ് ഉപയോഗിച്ചു കുഴിയിലെ വെള്ളം വറ്റിക്കാനും ശ്രമം നടത്തി. ജില്ലാ ആശുപത്രിയിലെ ഡോ.ജിന്റോ മാത്യു ഏണി വഴി കിണറ്റിൽ ഇറങ്ങി ഓക്സിജൻ മാസ്ക് ഘടിപ്പിച്ചു.ഇടയ്ക്കു വെള്ളവും കട്ടൻകാപ്പിയും നൽകി. എന്നാൽ ഏഴു മണിയോടെ യോഹന്നാൻ അബോധാവസ്ഥയിലായി.

alappuzha-fire-force
1രക്ഷാപ്രവർ‍ത്തനത്തിന്റെ ഭാഗമായി കിണറിലെ വെള്ളം പമ്പു ചെയ്തു മാറ്റുന്നു. ചിത്രം: മനോരമ 2.കിണറിനകത്തു കുടുങ്ങിയ യോഹന്നാന്റെ കൈകളിൽ പിടിച്ചിരിക്കുന്ന രക്ഷാപ്രവർത്തകൻ.

രോഷം അടക്കാനാകാതെ നാട്ടുകാർ 

രക്ഷാപ്രവർത്തനം നടക്കുന്നെങ്കിലും വേഗതയില്ലെന്ന ആക്ഷേപം നാട്ടുകാരിൽ ചിലർ ഉന്നയിച്ചു. സ്ഥലത്തെത്തിയ ജനപ്രതിനിധികളോടും അവർ പരാതി പറഞ്ഞു. വേണ്ടത്ര രക്ഷാസംവിധാനങ്ങളില്ലെന്നതും നാട്ടുകാരെ ചൊടിപ്പിച്ചു. രക്ഷാപ്രവർത്തനം മണിക്കൂറുകൾ നീണ്ടതോടെ  പ്രതീക്ഷ നശിച്ച അവസ്ഥയിലായിരുന്നു നാട്ടുകാർ. രക്ഷാപ്രവർത്തനം വീക്ഷിക്കാനും സഹായം നൽകാനുമായി കൊല്ലംപറമ്പിൽ വീട്ടിലും പരിസരത്തുമായി വൻജനാവലി കാത്തുനിന്നിരുന്നു.

alappuzha-well-trap
കോടുകുളഞ്ഞി കൊല്ലംപറമ്പിൽ ഷെൽട്ടർ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെ റിങ് ഇടിഞ്ഞു കിണറിനകത്തു കുടുങ്ങിയ കാങ്കത്തറയിൽ യോഹന്നാനെ പുറത്തെത്തിക്കുവാൻ റിങിന്റെ വശങ്ങളിലെ മണ്ണു മാറ്റുന്നു.

റിങ് ഇടിഞ്ഞ് 12 മണിക്കൂർ കിണറ്റിൽ കുടുങ്ങി; വയോധികന് ദാരുണാന്ത്യം

ചെങ്ങന്നൂർ ∙ കിണർ വൃത്തിയാക്കാനിറങ്ങിയപ്പോൾ ഇടിഞ്ഞു താഴ്ന്ന റിങ്ങുകൾക്കിടയിൽ കാൽ കുടുങ്ങി ജീവനു വേണ്ടി മണിക്കൂറുകളോളം പൊരുതിയ വയോധികൻ മരണത്തിനു കീഴടങ്ങി. ഇന്നലെ രാവിലെ ഒൻപതരയോടെ കോടുകുളഞ്ഞിയിലെ കിണറ്റിൽ കുടുങ്ങിയ പെരുങ്കുഴി കൊച്ചുവീട്ടിൽ കെ.എസ്.യോഹന്നാനെ (72) അഗ്നിരക്ഷാ സേനയും പൊലീസും ഐടിബിപിയും ചേർന്നു നടത്തിയ തീവ്രശ്രമങ്ങൾക്കൊടുവിൽ രാത്രി ഒൻപതരയോടെയാണു പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു.  

കോടുകുളഞ്ഞി കൊല്ലംപറമ്പിൽ ഷെൽട്ടർ വീട്ടിലെ കിണർ വൃത്തിയാക്കാനാണു യോഹന്നാൻ സഹായിക്കൊപ്പം ഇറങ്ങിയത്. കാടും പടർപ്പും വൃത്തിയാക്കി പമ്പ് സെറ്റ് ഉപയോഗിച്ചു വെള്ളം വറ്റിക്കുന്നതിനിടെ കിണർ ഇടിഞ്ഞു. യോഹന്നാന്റെ കാൽ റിങ്ങുകൾക്കിടയിൽ പെട്ടു. 6 റിങ്ങുകൾ കാലിനു മുകളിലായതു രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. അപകടസമയത്തു സഹായി കിണറിനു മുകളിലായിരുന്നു. 

യോഹന്നാന് ഓക്സിജൻ നൽകിയ ശേഷം റിങ്ങുകൾ ഒന്നൊന്നായി പൊട്ടിച്ചു മാറ്റി ആളെ പുറത്തെടുക്കാനാണു ശ്രമം നടത്തിയത്. കഴുത്തിനു താഴെ വരെ ചെളിയിലും വെള്ളത്തിലും പൂണ്ടുനിൽക്കുകയായിരുന്നു. വെള്ളം വറ്റിക്കാൻ ശ്രമിച്ചപ്പോൾ മണ്ണിടിഞ്ഞു. 7 മണിയോടെ യോഹന്നാന്റെ പ്രതികരണം നിലച്ചു. തുടർന്ന് ഓക്സിജൻ സിലിണ്ടറും മറ്റും തിരിച്ചെടുത്തു. ചെളി നിറഞ്ഞ കിണറ്റിൽ നിന്ന് ആളെ പുറത്തെടുക്കാൻ പിന്നെയും വൈകി.  

മണിക്കൂറുകൾ നീണ്ട പ്രയത്നം

രണ്ടു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു കിണറിന്റെ വശങ്ങൾ തുരന്നു മണ്ണു നീക്കുകയായിരുന്നു ഏറെ ശ്രമകരമായ ദൗത്യം. യോഹന്നാന്റെ മേൽ കിണറിന്റെ അവശിഷ്ടങ്ങളോ മണ്ണോ ഇടിഞ്ഞു വീഴാതിരിക്കാൻ റിങ്ങുകൾക്കു മുകളിൽ പലകയും ഷീറ്റും നിരത്തി. വശങ്ങളിൽ നിന്നു മണ്ണിടിഞ്ഞു വീഴാതിരിക്കാൻ ഇരുമ്പു തകിട് കിണറിനുള്ളിൽ സിലിണ്ടർ രൂപത്തിൽ ഇറക്കി. കിണറിന്റെ ആൾമറ ഇരുവശത്തേക്കുമായി പൊളിച്ചു നീക്കിയ ശേഷം ഓരോ റിങ്ങായി പൊളിച്ചു നീക്കാൻ തുടങ്ങി. ഒടുവിൽ രണ്ടു റിങ് ബാക്കിയായപ്പോഴാണു യോഹന്നാന്റെ പ്രതികരണം നിലച്ചത്. മന്ത്രി സജി ചെറിയാനും കൊടിക്കുന്നിൽ സുരേഷ് എംപിയും സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com