മാവേലിക്കര ∙ കെഎസ്ആർടിസി ബസ് സ്റ്റേഷനിലെത്തി 2000 രൂപ ചില്ലറ ആവശ്യപ്പെട്ട വയോധികനെ മർദിച്ച സംഭവത്തിൽ മാവേലിക്കര ഡിപ്പോയിലെ ജീവനക്കാരൻ എം.അനീഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ചെട്ടികുളങ്ങര പേള ഗീതാലയം മനുഭവൻ രാധാകൃഷ്ണൻ നായർ കെഎസ്ആർടിസി എംഡിക്കു പരാതി നൽകി. കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ എ.ഷാജിയാണു സസ്പെൻഷൻ ഉത്തരവിറക്കിയത്.
കഴിഞ്ഞ 24നു കെഎസ്ആർടിസി ബസ് സ്റ്റേഷനിലാണു സംഭവം. പനച്ചമൂടിനു പോകാനായി എത്തിയ രാധാകൃഷ്ണൻ നായർ 13 രൂപ ചില്ലറ ഇല്ലാത്തതിനാൽ 2000 രൂപയുമായി സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലെത്തി. ചില്ലറ ഇവിടെ ലഭിക്കില്ല, മുകളിൽ കാഷ് കൗണ്ടറിൽ അന്വേഷിച്ചാൽ ചിലപ്പോൾ ലഭിക്കുമെന്നു സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. പടി കയറാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞ രാധാകൃഷ്ണൻ നായരെ, അനീഷ് മർദിച്ചതായാണു പരാതി.