ADVERTISEMENT

ചെങ്ങന്നൂർ ∙ സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ബ്രിട്ടിഷ് പ്രേതങ്ങൾ ഭരിക്കുന്ന ചില ഉദ്യോഗസ്ഥർ നമ്മുടെ കൂട്ടത്തിലുണ്ടെന്നും അത്തരക്കാരാണ് അർഹതപ്പെട്ടവരുടെ ആനൂകൂല്യങ്ങൾ മുടക്കുന്നതെന്നു മന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ 2–ാം വാർഷികത്തോടനുബന്ധിച്ചു ചെങ്ങന്നൂർ താലൂക്കിൽ നടന്ന അദാലത്ത് ‘കുരതലും കൈത്താങ്ങും’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നികുതിദായകന് ഒന്നാം സ്ഥാനം നൽകണം, അവർ നൽകുന്ന പണമാണ് ഖജനാവിലെത്തി ഓരോ ഉദ്യോഗസ്ഥർക്കു ശമ്പളമായി വാങ്ങുന്നതെന്നു ഓർമ്മ വേണം. നിയമങ്ങൾക്കും ചട്ടങ്ങൾക്കും അകത്തു നിന്നു ജനങ്ങളെ സഹായിക്കുന്നതിനായിട്ടാണ് ഈ അദാലത്തെന്നു മന്ത്രി പറഞ്ഞു.

മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ഏണിയും പാമ്പും കളിക്കുന്നതു പോലെയാണ് ഉദ്യോഗസ്ഥർ ഫയലുകൾ കൈകാര്യം ചെയ്യുന്നതെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജില്ലാ കലക്ടർ ഹരിത വി. കുമാർ, നഗരസഭാ ചെയർപഴ്സൻ സൂസമ്മ ഏബ്രഹാം, ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ്, പഞ്ചായത്തു പ്രസിഡന്റുമാരായ എൻ. പത്മാകരൻ, സുനിമോൾ, പ്രസന്ന രമേശൻ, കെ.ആർ. മുരളീധരൻപിള്ള, ടി.വി. രത്നകുമാരി, പുഷ്പലതാ മധു, എം.ജി. ശ്രീകുമാർ, പി.വി. സജൻ, നഗരസഭാംഗം വിജി ശ്രീകാന്ത്, ആർഡിഒ എസ്. സുമ എന്നിവർ പ്രസംഗിച്ചു.

അരയ്ക്കു താഴെ പൂർണമായും തളർന്ന എസ്. സത്യൻ വീൽചെയറിലെത്തി ചികിത്സാ സഹായത്തിനുള്ള അപേക്ഷ മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ് എന്നിവർക്കു നൽകുന്നു.

സത്യന്റെ ചികിത്സ ഒന്നര ലക്ഷം നൽകും

ചെങ്ങന്നൂർ ∙ മരത്തിൽ നിന്നും വീണു പരുക്കേറ്റ് അരയ്ക്കു താഴെ പൂർണമായും തളർന്ന സത്യനു ചികിത്സ സഹായമായി ഒന്നര ലക്ഷം രൂപ നൽകും. മാന്നാർ വലിയകുളങ്ങര വേളൂർത്തറയിൽ എസ്. സത്യൻ വീൽചെയറിലാണ് ചികിത്സ സഹായം തേടി അദാലത്തിലെത്തി മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദിനും അപേക്ഷ നൽകിയത്. 1997ൽ ആണ് സത്യൻ മരത്തിൽ നിന്നും വീണു ഗുരുതര പരുക്കേറ്റത്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും ഒരാളുടെ സഹായം വേണം. 2018 ൽ സത്യന്റെ ഇടത് കിഡ്നി തകരാറിലായി. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇല്ലാത്തതിനാൽ ചികിത്സക്കായി ഒന്നര ലക്ഷം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. സത്യന്റെ അപേക്ഷ പരിഗണിച്ച മന്ത്രി സജി ചെറിയാനാണ് ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പു നൽകിയത്.

എൻജിനിയറിങ് വിദ്യാർഥിക്ക് ലാപ് ടോപ്

നിർധന കുടുംബാംഗമായ എൻജിനിയറിങ് വിദ്യാർഥിക്കു ലാപ് ടോപ്പ് നൽകും. ഓട്ടോ റിക്ഷ തൊഴിലാളിയായ ചെറിയനാട് സ്വദേശി ടി.കെ. ഷാജിമോന്റെ മകൾ എൻജിനീയറിങ് വിദ്യാർഥിക്കു പഠനത്തിനായി ലാപ് ടോപ് വാങ്ങാൻ സാമ്പത്തിക സ്ഥിതിയില്ല. അദാലത്തിലെത്തി മന്ത്രി സജി ചെറിയാന് അപേക്ഷ നൽകി. ചെങ്ങന്നൂരിലെ കടയിൽ പോയി ലാപ് ടോപ്പ് വാങ്ങി കൊള്ളാൻ പറഞ്ഞാണ് ഷാജിമോന്റ പരാതിക്കു തീർപ്പു കൽപ്പിച്ചത്.

7 റേഷൻ കാർഡുകൾ നൽകി

സ്വന്തമായി വീടില്ലാതെ തെരുവിൽ കഴിഞ്ഞ സന്തോഷിനും കുടുംബത്തിനും അനുവദിച്ചിരുന്ന റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റി നൽകി മന്ത്രി സജി ചെറിയാൻ. തൃശൂർ സ്ദേശിയായ സന്തോഷ് ചെറിയ ജോലി ചെയ്തു ഭാര്യയും മക്കളുമൊത്തു കടത്തിണ്ണകളിലായിരുന്നു അന്തിയുറങ്ങിയത്. നേരത്തെ ഇവർക്ക് റേഷൻ കാർഡും കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, വെൺസെക് സംഘടനയുടെ വീട്ടിൽ താമസ സൗകര്യവും ഒരുക്കി നൽകിയിരുന്നു. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഇവരുടെ അവസ്ഥ ബോധ്യമായതിനെത്തുടർന്നാണ് ഇവർക്ക് വേദിയിൽ വച്ച് തന്നെ മുൻഗണന റേഷൻ കാർഡ് കൈമാറിയത്. അദാലത്തിൽ ലഭിച്ച മുൻ അപേക്ഷ പ്രകാരം ആറും ഇന്നലെ അദാലത്തിൽ കിട്ടിയ അപേക്ഷയിൽ ഉടൻ തീർപ്പു കൽപിച്ചതടക്കം 7 റേഷൻകാർഡുകളാണ് നൽകിയത്.

ഭിന്നശേഷിക്കാരിക്കു വഴി

ഭിന്നശേഷിക്കാരിയുടെ വഴി പ്രശ്നത്തിന് പരിഹാരം കണ്ട് മന്ത്രി സജി ചെറിയാൻ. മാന്നാർ മേൽപ്പാടം വാഴത്തറയിൽ എസ്.വി. സിന്ധുവാണ് ചെങ്ങന്നൂരിൽ അദാലത്തിൽ വഴി വേണമെന്ന ആവശ്യവുമായി വയോധികയായ അമ്മയോടൊപ്പം എത്തിയത്. അവിവാഹിതയായ സിന്ധുവിന്റെ അരയ്ക്ക് താഴോട്ട് തളർന്നിരിക്കുകയാണ്. പ്രായമായ അമ്മ മാത്രമാണ് ഏക ആശ്രയം. വീട്ടിലേക്ക് വഴി ഇല്ലാത്തതിനാൽ ആശുപത്രിയിലേക്കുള്ള യാത്ര പോലും ഏറെ ബുദ്ധിമുട്ടാണ്. പരാതി കേട്ട മന്ത്രി സജി ചെറിയാൻ സിന്ധുവിന്റെ സ്ഥലം നേരിട്ട് പോയി കാണാനും റോഡ് നിർമിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി പഞ്ചായത്ത് പ്രസിഡന്റിനും അസി. എൻജിനീയർക്കും നിർദേശം നൽകി. വഴിയുടെ നിർമാണത്തിന് ആവശ്യമായ പണം പഞ്ചായത്തിന്റെ തനത് ഫണ്ടിൽ ഉൾപ്പെടുത്തി നൽകാൻ പഞ്ചായത്ത് സെക്രട്ടറിക്കും മന്ത്രി നിർദേശം നൽകി. പരാതിക്കാരി ഭിന്നശേഷിക്കാരി ആയതിനാൽ മാനുഷിക പരിഗണന നൽകി ഈ മാസം തന്നെ വഴി ശരിയാക്കി നൽകാനും ഉത്തരവിട്ടു.

17 മാസത്തെ കുടിശിക പെൻഷൻ

നീണ്ടു പോരാട്ടത്തിനൊടുവിൽ ബുധനൂർ പെരിങ്ങിലിപ്പുറം ചാത്തനാട്ടിൽ സി.എൻ. രാഘവനു ചെങ്ങന്നൂർ അദാലത്തിൽ നീതി കിട്ടി. 2016–ലെ ഓണം മുതൽ തുടർച്ചയായി 17 മാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ് രാഘവനും ഭാര്യ എം.ജെ. ലീലാമ്മയ്ക്കും ലഭിക്കാനുള്ളത്. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വരെ പരാതിയെത്തിയിട്ടും അഞ്ചു വർഷത്തിനു ശേഷമാണ് ഇന്നലെ ചെങ്ങന്നൂർ അദാലത്തിൽ തീർപ്പായത്. മന്ത്രിസജി ചെറിയാൻ ഇരുവർക്കും ക്ഷേമ പെൻഷൻ നൽകാൻ ഉത്തരവിട്ടു.

പരാതികളുടെ പ്രളയം

ചെങ്ങന്നൂരിൽ അദാലത്തിൽ പരാതികളുടെ പ്രളയമായിരുന്നു. കൂടുതൽ പരാതി വന്നത് മന്ത്രിയുടെ പഞ്ചായത്തായ മുളക്കുഴയിൽ നിന്നുമായിരുന്നു. ലൈഫ് ഭവന പദ്ധതി, പൊതുനിരത്തുകളിലെ അപകടകരമായി നിൽക്കുന്ന മരം മുറിക്കൽ, വിദ്യാഭ്യാസ വായ്പ, ഭാര്യയും മകനും കൂടി വയോധികനെ വീട്ടിൽ നിന്നും പുറക്കൽ, മുളക്കുഴയിലെ പഞ്ചായത്തു സ്ഥലം മത്സ്യം വളർത്തലിനു വിട്ടുനൽകാത്ത വിഷയം, ചെങ്ങന്നൂരിൽ വന്ദേ ഭരത് ട്രെയിനിന്റെ സ്റ്റോപ്പ് അടക്കം ഒട്ടേറെ പരാതികളാണ് എത്തിയത്. ലഭിച്ച 276 പരാതികളിൽ 154 എണ്ണം തീർപ്പാക്കി.

ഏപ്രിൽ 15 വരെ അദാലത്തിലേക്കു ലഭിച്ച പരാതികളാണിത്. വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ മന്ത്രി പി. പ്രസാദും മന്ത്രി സജി ചെറിയാനും നേരിട്ടാണ് പരാതികൾ പരിഗണിച്ചത്. പൊതുജനത്തിന് നേരിട്ടെത്തി പരാതികൾ സമർപ്പിക്കുന്നതിനും അദാലത്തിൽ അവസരമൊരുക്കിയിരുന്നു. പുതിയതായി ലഭിച്ച 574 അപേക്ഷകളിൽ ഒരു മാസത്തിനകം നടപടി ഉണ്ടാകുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.

യോഹന്നാന്റെ കുടുംബത്തിന് ധനസഹായം; മന്ത്രിസഭയിൽ അവതരിപ്പിക്കും

ചെങ്ങന്നൂർ ∙ കോടുകുളിഞ്ഞിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു മരിച്ച കോടുകുളഞ്ഞി പെരുംകുഴിയിൽ കൊച്ചുവീട്ടിൽ പി.വി. യോഹന്നാന്റെ കുടുംബത്തിനു ധനസഹായം വാഗ്ദാനം ചെയ്ത് മന്ത്രി സജി ചെറിയാൻ, വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകണമെന്ന് കാണിച്ച് ചെങ്ങന്നൂർ താലൂക്ക് തല അദാലത്തിലെത്തി യോഹന്നാന്റെ മക്കളായ പി.വൈ. ബിനോയ്, ജോൺ ബിനു എന്നിവർ സമർപ്പിച്ച അപേക്ഷയിലാണ് മന്ത്രിയുടെ മറുപടി. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു വകുപ്പ് അധികൃതർക്കു മന്ത്രി നിർദേശം നൽകി. മേയ് 30ന് ആയിരുന്നു യോഹന്നാന്റെ മരണത്തിനിടയാക്കിയ അപകടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com