ചേർത്തല ∙ ചേർത്തല തെക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹരിതസഭ പരിപാടിക്കിടെ കാറ്റിലും മഴയിലും പന്തൽ തകർന്നു വീണു. ആരോഗ്യവകുപ്പ് ജീവനക്കാരും ആശാപ്രവർത്തകരും ഉൾപ്പെടെ 8 പേർക്കു പരുക്ക്. പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഇന്നലെ ഹരിതസഭ പരിപാടി സംഘടിപ്പിക്കുന്നതിനുവേണ്ടി താൽക്കാലികമായി നിർമിച്ച പന്തലാണു തകർന്നുവീണത്. കാറ്റിലും മഴയിലും പന്തലിന്റെ ഇരുമ്പുപൈപ്പുകളും ഷീറ്റും ഇളകി താഴേക്കുപതിക്കുകയായിരുന്നു. പന്തലിനു താഴെയുണ്ടായിരുന്നവർക്കാണു പരുക്കേറ്റത്.
അയ്യപ്പഞ്ചേരി സ്വദേശിനിയും ചേർത്തല തെക്ക് പഞ്ചായത്ത് പിഎച്ച്സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ ജയമോൾ (52), അർത്തുങ്കൽ സ്വദേശിനി ഗ്രേസി സെബാസ്റ്റ്യൻ (57), കുറുപ്പൻകുളങ്ങര വാലിയത്ത് രാജിമോൾ (53), അർത്തുങ്കൽ വലിയവീട്ടിൽ സതി (47) എന്നിവർക്കാണു സാരമായി പരുക്കേറ്റത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജയമോളെ ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. തോളെല്ലിനു പരുക്കേറ്റ ഗ്രേസി സെബാസ്റ്റ്യനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും രജിമോളെയും സതിയെയും ചേർത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആനന്ദവല്ലി, മായ, രാജി, ഗ്രേസിമോൾ എന്നിവരും പരുക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.