ADVERTISEMENT

ചേർത്തല ∙ കേരള ബാങ്കിന്റെ ചേർത്തല നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും 3 ശാഖകളിൽ നിന്നായി 21 ലക്ഷത്തോളം രൂപയുടെ പണയസ്വർണം നഷ്ടമായ സംഭവത്തിൽ ബാങ്ക് അന്വേഷണം തുടങ്ങി. സംഭവത്തിൽ ആരോപണവിധേയയായ ഉദ്യോഗസ്ഥ ഇതിനിടെ അവധിയിൽ പ്രവേശിച്ചു. ഇവരുടെ സാന്നിധ്യത്തിൽ നടന്ന സ്റ്റോക്ക് പരിശോധനയ്ക്കിടെ വിവിധ ശാഖകളിൽ നിന്നു സ്വർണം നഷ്ടമായെന്നാണു പരാതി. 3 ശാഖകളിലെ പണയ സ്വർണം നഷ്ടമായെന്നാണ് പരാതിയെങ്കിലും ആരോപണവിധേയയായ ഉദ്യോഗസ്ഥയ്ക്കു പരിശോധനാ ചുമതലയുള്ള ചേർത്തല താലൂക്കിലെ 10 ശാഖകളിലും അന്വേഷണം നടത്താൻ ബാങ്ക് അധികൃതർ തീരുമാനിച്ചു. ഇതു പൂർത്തിയാകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകും.

ചേർത്തല താലൂക്കിലെ 2 ശാഖകളിൽ ഉദ്യോഗസ്ഥർ ഇന്നലെ പരിശോധന നടത്തി. ചേർത്തല നടക്കാവ് ശാഖയിൽ 4 ഇടപാടുകാരുടെ 11.6 ലക്ഷം രൂപ വിലവരുന്ന പണയ സ്വർണം നഷ്ടമായതോടെയാണു തട്ടിപ്പ്  പുറത്തറിയുന്നത്. നേരത്തേ നഗരത്തിനു സമീപത്തെ മറ്റൊരു  ശാഖയിൽ സമാനമായ രീതിയിൽ സ്വർണം നഷ്ടമായിരുന്നു. ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് 6 ലക്ഷം രൂപ ഉടമയ്ക്കു തിരിച്ചു നൽകി പ്രശ്നം ‘പരിഹരിച്ചു’. ഇപ്പോൾ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥയുടെ നിർദേശപ്രകാരമായിരുന്നു ഇത്. ഇവർ സ്റ്റോക്ക് പരിശോധിച്ച നടക്കാവ് ശാഖയിലും  സ്വർണം നഷ്ടമായതോടെയാണ് ഉദ്യോഗസ്ഥ സംശയനിഴലിലായത്.

പരിശോധനയ്ക്കിടെ സ്വർണം കൈക്കലാക്കിയെന്നാണ് ആരോപണം. നടക്കാവ് ശാഖയിലെ ജീവനക്കാർ തന്നെ ബാങ്ക് അധികൃതർക്കു സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകി. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് അവധിയിൽ പ്രവേശിച്ചത്. ബാങ്ക് ജീവനക്കാരുടെ ഇടത് അനുകൂല  സംഘടനയിൽ നിന്ന് ഇവരെ പുറത്താക്കി. അതേസമയം ലക്ഷക്കണക്കിനു രൂപയുടെ സ്വർണം നഷ്ടമായിട്ടും പൊലീസിൽ അറിയിക്കാതെ പരാതി ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതിൽ ജീവനക്കാർക്കും പ്രതിഷേധമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com