ADVERTISEMENT

കായംകുളം∙ പത്തിയൂരിലെ അമ്മവീട്ടിലേക്ക്  നക്ഷത്രയെ കൊണ്ടുവരാത്തതിനെതിരെ വീട്ടുകാർ നേരത്തെ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതേപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ മകളെയും കൂട്ടി താൻ ജീവനൊടുക്കുമെന്ന് ശ്രീമഹേഷ് വീട്ടിലെത്തി  ഭീഷണി മുഴക്കിയതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് വീട്ടുകാർ ഈ പരാതി പിൻവലിക്കുകയായിരുന്നു. വിദ്യയുടെ മരണത്തിനു ശേഷം ഒന്നര വർഷം നക്ഷത്ര പത്തിയൂരിലെ വീട്ടിൽ കഴിഞ്ഞിരുന്നു. പിന്നീട് ശ്രീമഹേഷ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. സ്കൂൾ തുറക്കുന്നതിന് മുൻപ് മുത്തശ്ശി രാജശ്രീ പുന്നമൂട്ടിലെ വീട്ടിലെത്തി ഏറ്റവും ഒടുവിൽ നക്ഷത്രയെ  കണ്ടിരുന്നു.

ശ്രീമഹേഷിന്റെ ആത്മഹത്യാശ്രമം: റിപ്പോർട്ട് നൽകി

മാവേലിക്കര പുന്നമ്മൂട് ആനക്കൂട്ടിൽ ശ്രീമഹേഷിനെ മാവേലിക്കര സ്പെഷൽ സബ് ജയിലിൽ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ.

മാവേലിക്കര ∙ പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷ് (38) മാവേലിക്കര സ്പെഷൽ സബ് ജയിലിൽ വച്ചു കഴിഞ്ഞദിവസം വൈകിട്ട് 6.45ന് ആത്മഹത്യയ്ക്ക്  ശ്രമിച്ചതുമായി ബന്ധപ്പെട്ടു ജയിലധികൃതർ ജയിൽ ഡിജിപി, ഡിഐജി, കോടതി എന്നിവർക്കു റിപ്പോർട്ട് നൽകി. പ്രതിയെ ജയിലിൽ എത്തിച്ചതു മുതലുള്ള കാര്യങ്ങൾ വിശദമാക്കിയാണു റിപ്പോർട്ട് സമർപ്പിച്ചത്.

റിമാൻഡ് പ്രതി ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്നു ചൂണ്ടിക്കാട്ടി ജയിലധികൃതർ മാവേലിക്കര പൊലീസിലും പരാതി നൽകി. അതിനിടെ സ്പെഷൽ സബ് ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പ്രതിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെല്ലിലെത്തി കണ്ടു. ഡോക്ടർമാരുടെ നിർദേശമനുസരിച്ചു പ്രതിയെ സബ് ജയിലിലേക്കു മാറ്റുന്ന കാര്യം ആലോചിക്കാനാണു ജയിലധികൃതരുടെ തീരുമാനം.

നക്ഷത്രയുടെ അമ്മയുടെ മരണത്തിലും സംശയം ഉന്നയിച്ച് ബന്ധുക്കൾ

കായംകുളം ∙ മാവേലിക്കര പുന്നമൂട്ടിൽ വെട്ടേറ്റ് മരിച്ച ആറു വയസ്സുകാരി നക്ഷത്രയുടെ അമ്മ വിദ്യ നാല് വർഷം മുൻപ് ഭർതൃഗൃഹത്തിൽ  ആത്മഹത്യ ചെയ്തതിൽ   ദുരൂഹത തോന്നുന്നുണ്ടെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും വിദ്യയുടെ മാതാപിതാക്കളായ പത്തിയൂർ തൃക്കാർത്തികയിൽ ലക്ഷ്മണനും രാജശ്രീയും പറഞ്ഞു. ശ്രീമഹേഷ് മകൾ നക്ഷത്രയെ നിഷ്കരുണം കൊലപ്പെടുത്തിയതോടെയാണ് വീട്ടുകാർക്ക് സംശയം ബലപ്പെട്ടത്. 2019 ജൂൺ നാലിനാണ് ശ്രീമഹേഷിന്റെ പുന്നമൂട്ടിലെ ആനക്കൂട്ടിൽ വീട്ടിൽ വിദ്യ തൂങ്ങി മരിച്ചത്.

മഹേഷിന്റെ കൊടിയ പീഡനം സഹിക്ക വയ്യാതെയാണ് വിദ്യ ജീവനൊടുക്കിയെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത്. മരണ കാരണത്തിൽ മറ്റ് സംശയങ്ങൾ ഒന്നും അന്ന് തോന്നാതിരുന്നതിനാൽ പരാതി നൽകിയില്ല. എന്നാൽ, സ്വന്തം മകളെ ഇത്ര ക്രൂരമായി കൊലപ്പെടുത്തിയതോടെയാണ് വിദ്യയുടെ മരണത്തിലും സംശയം ഉയർന്നിരിക്കുന്നത്. ഇന്നു തന്നെ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് വിദ്യയുടെ മാതാപിതാക്കൾ പറഞ്ഞു. വിദ്യയുടെ മരണം കൊലപാതമാണോയെന്ന് അന്വേഷിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുമെന്നും ഇവർ പറഞ്ഞു. 

English Summary: The child is not sent to the mother's house, when he complains, he threatens suicide; Relatives also raised doubts about Vidya's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com