ADVERTISEMENT

ആലപ്പുഴ∙ തീരദേശ പരിപാലന പ്ലാൻ  സംബന്ധിച്ച് ആക്ഷേപങ്ങളും നിർദേശങ്ങളും നൽകാനുള്ള സമയം 10 ദിവസം കൂടി നീട്ടി. ആലപ്പുഴ ഉൾപ്പെടെ 7 ജില്ലകളിലെ പബ്ലിക് ഹിയറിങ് പൂർത്തിയായി. എറണാകുളം(12), തൃശൂർ (13), മലപ്പുറം (14) എന്നിങ്ങനെ നടത്താനുണ്ട്. ഇതോടെ കടലോര – കായലോര ഭൂപ്രദേശങ്ങൾ ചേർന്ന 10 ജില്ലകളിൽ ഹിയറിങ് പൂർത്തിയാകും. മുൻകൂർ അനുമതിയില്ലാതെ 2022 ജൂണിനു മുൻപ് തീരദേശത്തു നിർമിച്ച വീടുകളുടെ താൽക്കാലിക (യുഎ) നമ്പർ പിൻവലിച്ചു നിയമാനുസൃത സ്ഥിര നമ്പർ നൽകാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് അധികാരം നൽകിയെന്നു തീരദേശ പരിപാലന അതോറിറ്റി മെംബർ സെക്രട്ടറി സുനിൽ പമീബി അറിയിച്ചു.

നികുതി മൂന്നിരട്ടി ഈടാക്കിയാകും നമ്പർ നൽകുക. ഈ കാലാവധിക്കു ശേഷം നിർമിച്ച വീടുകളുടെ യുഎ നമ്പറുകളുടെ കാര്യം അതോറിറ്റിയുടെ അടുത്ത യോഗത്തിൽ തീരുമാനിക്കും. ആലപ്പുഴ ജില്ലയിൽ നിന്ന് അതോറിറ്റിയുടെ വെബ്സൈറ്റിൽ നേരത്തെ റജിസ്റ്റർ ചെയ്തിരുന്ന 2000 പരാതികൾ ഉൾപ്പെടെ മൂവായിരത്തിലേറെ പരാതികൾ ഇന്നലെ അതോറിറ്റി സ്വീകരിച്ചു. 7 ജില്ലകളിൽ നിന്നായി ആകെ 13000 പരാതികൾ കിട്ടിയിട്ടുണ്ട്. എല്ലാ ജില്ലകളിലെയും ഹിയറിങ് പൂർത്തിയായ ശേഷം പരാതികളെല്ലാം പരിശോധിച്ച് സ്വീകരിക്കാവുന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് നൽകുമെന്നും സെക്രട്ടറി അറിയിച്ചു.

സിസിലി

അനധികൃതമെങ്കിൽ മൂന്നിരട്ടി നികുതിയോ? രസീതുമായി സിസിലി 

ആലപ്പുഴ ∙ ‘‘അനധികൃതമാണെങ്കിൽ എന്തിന് മൂന്നിരട്ടി നികുതി വാങ്ങണം’’– വയലാർ പഞ്ചായത്തിന് കെട്ടിട നികുതിയായി നൽകിയ 850 രൂപയുടെ രസീത് കാണിച്ച് ഏഴാം വാർഡിൽ കൈത്തറയിൽ ജോർജിന്റെ ഭാര്യ സിസിലി   ചോദിച്ചു. തീരദേശ പരിപാലന പ്ലാൻ 2019-ന്റെ കരടിന്മേൽ നിർദേശങ്ങളും പരാതികളും കേൾക്കാൻ നടത്തിയ പബ്ലിക് ഹിയറിങ് വേദിയിൽ   സംസ്ഥാന തീരപരിപാലന അതോറിറ്റി ഉദ്യോഗസ്ഥരോടാണ് സിസിലി ചോദ്യം ഉന്നയിച്ചത്. മത്സ്യത്തൊഴിലാളിയായ ജോർജും കയർ തൊഴിലാളിയായ സിസിലിയും 10 വർഷം മുൻപാണ് വീട് നിർമിച്ചത്. അന്ന് അധികൃതർ എതിർത്തില്ല. നമ്പർ ചോദിച്ചപ്പോൾ തീരപരിപാലനത്തിന്റെ പരിധിയിലാണെന്നു പറഞ്ഞു. അനധികൃത (യുഎ) നമ്പർ നൽകി. ഇപ്പോൾ അതിന് മൂന്നിരട്ടിയാണ് കെട്ടിട നികുതി.   ഇങ്ങനെ യുഎ നമ്പർ എന്നു പറഞ്ഞ് പിടിച്ചുപറിക്കുന്നത് ശരിയാണോ? പഞ്ചായത്തിലും കലക്ടറേറ്റിലും കയറിയിറങ്ങി മടുത്തപ്പോഴാണ് ഇവിടെ വന്നതെന്നും സിസിലി പറഞ്ഞു.

ഹിയറിങ്ങിൽ പരാതിപ്രവാഹം

ആലപ്പുഴ ∙ തീരദേശ പരിപാലന നിയമത്തിന്റെ കരട് പ്ലാനിന്  അന്തിമരൂപം നൽകുന്നതിന് മുന്നോടിയായി നടത്തിയ ജില്ലാതല പബ്ലിക് ഹിയറിങ്ങിൽ പരാതികളുടെയും ആക്ഷേപങ്ങളുടെയും പ്രവാഹം. കടൽ, കായലോര മേഖലയിൽ നിന്നുള്ള  ആയിരത്തിഅഞ്ഞൂറിലേറെപ്പേർ കനത്ത മഴയെ  അവഗണിച്ച് ടൗൺ ഹാളിൽ ഹിയറിങ്ങിൽ പങ്കെടുക്കാൻ എത്തി. മുൻകൂട്ടി റജിസ്റ്റർ ചെയ്ത 2000 പരാതികൾ കൂടാതെ  ആയിരത്തോളം പരാതികൾ നേരിട്ട് ലഭിച്ചു. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരവാസികൾക്കു വീട് നിർമിക്കുന്നതിനും തൊഴിൽ ചെയ്തു ജീവിക്കുന്നതിനും തടസ്സമാകുന്ന കരട് പ്ലാൻ അംഗീകരിക്കില്ലെന്നു ഹിയറിങ്ങിൽ സംസാരിച്ചവർ പറഞ്ഞതിനെ ജനങ്ങൾ  കരഘോഷത്തോടെ അംഗീകരിച്ചു. കടലും തീരവും തീരവാസികളുടേതാണെന്നും    പ്രഖ്യാപിച്ചു. ഹിയറിങ്ങിൽ ഉന്നയിച്ച പ്രധാന കാര്യങ്ങൾ:

∙ കരട് പ്ലാൻ തയാറാക്കുന്നതിന് മുൻപ് നിർദേശങ്ങൾ നൽകിയ സംഘടനകളും  വ്യക്തികളുമായി ജില്ലകൾ തോറും ഹിയറിങ് നടത്തുന്നതിന് മുൻപ് ചർച്ച നടത്തിയില്ല.
∙ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ തീരനിയന്ത്രണ നിയമം 2 ൽ പെടുത്തണം.
∙ കടൽത്തീരത്ത് 175 പഞ്ചായത്തുകളെ സിആർസെഡ് 2 ൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തപ്പോൾ 66 പഞ്ചായത്തുകളെ എന്ത് അടിസ്ഥാനത്തിലാണ് ഉൾപ്പെടുത്താതിരുന്നത്
∙ കരിമണൽ ഖനനത്തെ പ്രോത്സാഹിപ്പിക്കുന്നതിനല്ലേ നഗരസ്വഭാവമുള്ള 3 എ കാറ്റഗറിയിൽ ചില പഞ്ചായത്തുകളെ ഉൾപ്പെടുത്തിയത്.

∙ തീരദേശത്തെ മുഴുവൻ വീടുകളും സിആർസെഡ് 2 ൽ പെടുത്തണം.
∙ സംസ്ഥാനത്തെ കാൽ ലക്ഷത്തോളം യുഎ നമ്പരുള്ള വീടുകളെ ക്രമവൽക്കരിക്കണം.
∙ മത്സ്യത്തൊഴിലാളികൾക്കും അവർ അംഗങ്ങളായ സംഘങ്ങൾക്കും മാത്രം കടലോര ടൂറിസം പദ്ധതികൾ തുടങ്ങാൻ അനുമതി നൽകണം.
∙ കരിമണൽ നിക്ഷേപമുള്ള പഞ്ചായത്തുകളെ സിആർസെഡ് 2 ൽ ഉൾപ്പെടുത്താൻ പ റ്റില്ലെന്ന അതോറിറ്റിയുടെ തീരുമാനം ജില്ലയിലെ മത്സ്യത്തൊഴിലാളികളെ അവർ താമസിക്കുന്ന പ്രദേശങ്ങളിൽ നിന്നും കുടിയൊഴിപ്പിക്കുന്നതിനാണ്.

∙ തീര നിയന്ത്രണ വിജ്ഞാപനം നടപ്പിൽ വരുത്താൻ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ തയാറാക്കുമ്പോൾ ടെക്നിക്കൽ കമ്മിറ്റിയുടെ സമഗ്ര മത്സ്യ വികസന രേഖ ഉൾപ്പെടുത്തുമെന്ന മു‍ൻ തീരുമാനം പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. അത് അംഗീകരിക്കണം
∙ കടൽത്തീരത്ത് പുറംപോക്ക് ഭൂമിയില്ല. മത്സ്യത്തൊഴിലാളികളുടെ സ്വന്തം ഭൂമിയിൽ കുറെ കടലെടുത്തു. ബാക്കിയുള്ളവയുടെ രേഖ കൈവശമുണ്ട്. ഇത് അംഗീകരിക്കുന്ന പ്ലാൻ മാത്രമേ മത്സ്യത്തൊഴിലാളി സമൂഹവും അംഗീകരിക്കൂ.

തീരദേശ ജനതയുടെ  വികാരം മാനിക്കണം: എ.എം.ആരിഫ് എംപി

ആലപ്പുഴ ∙ തീരദേശ ജനതയുടെ പൊതുവികാരം മാനിക്കാതെ സർക്കാർ തീരദേശ പരിപാലന പ്ലാൻ അംഗീകരിക്കരുതെന്ന് എ.എം.ആരിഫ് എംപി. പബ്ലിക് ഹിയറിങ്ങി‍ൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു എംപി. ജനവാസ കേന്ദ്രങ്ങളെ പൂർണമായും പരിധിയിൽ നിന്ന് ഒഴിവാക്കണം. പല അനുമതികളും ലഭിക്കാൻ കാലതാമസം എടുക്കുന്നതിനാൽ അതോറിറ്റി നടപടിക്രമങ്ങളും അനുമതി  നൽകുന്നതും  വേഗത്തിലാക്കണമെന്നും ആരിഫ് പറഞ്ഞു. തീരത്തെ അറിയുകയോ പഠിക്കുകയോ ചെയ്യാതെയുള്ള തീരദേശ പരിപാലന പ്ലാനിൽ (സിസെഡ്എംപി) തീരദേശ ജനതയ്ക്കു ദോഷമായി വന്നിട്ടുള്ള കാര്യങ്ങൾ നീക്കം ചെയ്യണമെന്ന് പി.പി.ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.

കേരള തീരദേശ പരിപാലന അതോറിറ്റി മെംബർ സെക്രട്ടറി സുനിൽ പമീഥി അധ്യക്ഷത വഹിച്ചു. എച്ച്.സലാം എംഎൽഎ, ധീവരസഭാ ജനറൽ സെക്രട്ടറി വി.ദിനകരൻ, ആലപ്പുഴ രൂപത പിആർഒ ഫാ.സേവ്യർ കുടിയാംശേരി, അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യുടിയുസി) സംസ്ഥാന പ്രസിഡന്റ് അനിൽ ബി.കളത്തിൽ, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൻ പൊള്ളയിൽ, ഡിസിസി വൈസ് പ്രസിഡന്റ് പി.ജെ.മാത്യു, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിനു പൊന്നപ്പൻ, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, അതോറിറ്റി ജോയിന്റ് സെക്രട്ടറി പി.സി.സാബു, മെംബർമാരായ അമൃത സതീശൻ, രവി ചന്ദ്രൻ, റിച്ചാർഡ് സ്കറിയ, സത്യൻ മേപ്പയൂർ, ജില്ലാ ടൗൺ പ്ലാനർ കെ.എഫ്.ജോസഫ്  തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com