ADVERTISEMENT

ആലപ്പുഴ∙ വിപണിക്കാവശ്യമായ കയർ ഉൽപന്നങ്ങൾ നിർമിക്കാൻ തൊഴിലാളികളെ പരിശീലിപ്പിക്കാൻ 4.80 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നു മന്ത്രി പി. രാജീവ്. ഇതിൽ 1 കോടി ഈ വർഷം നൽകും. ഉപകരണങ്ങൾക്കും പരിശീലകർക്കുമുള്ള പണം, തൊഴിലാളികൾക്കു സ്റ്റൈപ‌ൻഡ് എന്നിവയ്ക്കാണു തുകയെന്നും മന്ത്രി പറഞ്ഞു. കയർ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ട് നടപ്പാക്കുന്നതു സംബന്ധിച്ചു ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണു മന്ത്രിയുടെ പ്രതികരണം. കയറ്റുമതിക്കാർ, ചെറുകിട കയർ ഉൽപാദകർ, സംഘങ്ങൾ തുടങ്ങിയവയുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തും.

ചകിരിയുടെ വിലയ്ക്ക് ആനുപാതികമായി കയറിന്റെയും കയർ ഭൂവസ്ത്രത്തിന്റെയും വില തീരുമാനിക്കാൻ കയർ വകുപ്പ് ഡയറക്ടർ, കയർ കോർപറേഷൻ എംഡി, കയർഫെഡ് ജനറൽ മാനേജർ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു. സംഘങ്ങൾക്കു പ്രവർത്തന മൂലധനത്തിനായി 6.5 കോടി രൂപ നൽകും. സംഘങ്ങളിലെ മാനേജീരിയൽ സബ്സിഡിക്കായി 2 കോടി രൂപ അനുവദിക്കും.

 കയർ മേഖലയ്ക്കായി ഈ സർക്കാർ 233.08 കോടി രൂപ ചെലവാക്കി. കയർഫെഡിനു തിരുവനന്തപുരം കോർപറേഷന്റെ 90 ലക്ഷം രൂപയുടെ ഓർഡർ കിട്ടി. ചേർത്തലയിലെ ഒരു സംഘം ലാഭകരമായെന്നും സർക്കാരിനു ലാഭവിഹിതം നൽകിയെന്നും മന്ത്രി പറഞ്ഞു. ഒരേ തറിയിൽ ഒന്നിലധികം സംഘങ്ങൾ റജിസ്റ്റർ ചെയ്യുന്നെന്നും സർക്കാർ ചെലവാക്കുന്നതു തൊഴിലാളിക്ക് എത്തുന്നില്ലെന്നും മന്ത്രി വിമർശിച്ചു.

ഇ കൊമേഴ്സ് പ്ലാറ്റ്ഫോം

കയർ, ഖാദി, കൈത്തറി, ഹാൻഡിക്രാഫ്റ്റ്, ബാംബൂ മേഖലകളിലെ ഉൽപന്നങ്ങൾ വേഗത്തിൽ ഉപയോക്താവിന്റെ കൈകളിൽ എത്തിക്കാൻ പ്രത്യേക ഇ കൊമേഴ്സ് പ്ലാറ്റ്ഫോം തുടങ്ങും. കെ– സ്റ്റോറുകളിൽ മേക്ക് ഇൻ കേരള ഉൽപന്നങ്ങൾ വിൽക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com