ADVERTISEMENT

ഒളിവിൽ ‘മിനി’; ഇനി ‘അച്ചാമ്മ’യായി ജയിലിൽ

മാവേലിക്കര ∙ കൊലപാതകക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശേഷം മിനി എന്നപേരിൽ 27 വർഷം ഒളിവിലായിരുന്ന തഴക്കര അറുനൂറ്റിമംഗലം പുത്തൻവേലിൽ ബിജുഭവനത്തിൽ അച്ചാമ്മ (റെജി–51) ഒടുവിൽ ജയിലഴിക്കുള്ളിൽ. ഇവരെ അട്ടക്കുളങ്ങര വനിത ജയിലിലേക്ക് അയച്ച് മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി(രണ്ട്) ജഡ്ജി കെ.എൻ. അജിത് കുമാർ ഉത്തരവായി.

ചിത്രം : ബിനു തങ്കച്ചൻ

1990 ഫെബ്രുവരി 21 ന് ആയിരുന്നു നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം.1996 ൽ ഹൈക്കോടതി തടവുശിക്ഷ വിധിച്ചതിനു പിന്നാലെ ഒളിവിൽ പോയ ഇവരെ ശനിയാഴ്ച വൈകിട്ടാണു കോതമംഗലം പോത്താനിക്കാട്ടു നിന്നു മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11.30 ന് റെജിയെ മാവേലിക്കര സെഷൻസ് കോടതിയിലെത്തിച്ചു. വൈകാരിക രംഗങ്ങൾക്കാണു കോടതി പരിസരം സാക്ഷിയായത്.

ചിത്രം : ബിനു തങ്കച്ചൻ

കൊല്ലപ്പെട്ട മറിയാമ്മയുടെ മക്കളായ യോഹന്നാനും സൂസമ്മയും ഉൾപ്പെടെ അടുത്ത ബന്ധുക്കൾ രാവിലെ തന്നെ എത്തിയിരുന്നു. ഷാൾ കൊണ്ടു മുഖം മറച്ചാണു പൊലീസിനൊപ്പം റെജി എത്തിയത്. അവരെ കണ്ടപ്പോൾ ‘എന്തിനാണു നീ ഇതു ചെയ്തത്, മകളെപ്പോലെയല്ലേ അമ്മ സ്നേഹിച്ചത്’ എന്നു ചോദിച്ചു സൂസമ്മ വാവിട്ടു നിലവിളിച്ചു.

ചിത്രം : ബിനു തങ്കച്ചൻ

പൊലീസിന്റെ നിർദേശപ്രകാരം സൂസമ്മയെ ബന്ധുക്കൾ അവിടെ നിന്നു മാറ്റി. ആ ഭാഗത്തേക്കു നോക്കാതെ റെജി കോടതിക്കകത്തേക്കു കയറി. ജീവപര്യന്തം തടവിനു ശിക്ഷിച്ച ഹൈക്കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവ് തയാറാക്കിയ ശേഷം വൈകിട്ട് തിരുവനന്തപുരത്തേക്കു കൊണ്ടുപോയി.

ചിത്രം : ബിനു തങ്കച്ചൻ

കേസെടുക്കാൻ  നിയമോപദേശം തേടും

പ്രതി ഒളിവിൽ പോയതുമായി ബന്ധപ്പെട്ടു കേസെടുക്കുന്നതിനെപ്പറ്റി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം നിയമോപദേശം തേടുമെന്നു ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാർ പറഞ്ഞു. ഇതിനു പ്രത്യേക കേസെടുക്കണോ എന്നും ആലോചിക്കും. പ്രതിയെ 27 വർഷത്തിനു ശേഷം അറസ്റ്റ് ചെയ്യാൻ സാധിച്ചതു തന്നെ വലിയ കാര്യമാണ്. കൂട്ടായ പ്രവർത്തനമാണു പ്രതിയിലേക്ക് എത്താൻ സഹായകമായതെന്നും ഡിവൈഎസ്പി പറഞ്ഞു.

പഴുതടച്ച അന്വേഷണം

മാവേലിക്കര ∙ ഒരു തരി മതി അതിൽ പിടിച്ചു മുന്നേറിയ പ്രമാദമായ കേസുകൾ തെളിയിക്കുന്നതിൽ വിദഗ്ധരാണു മാവേലിക്കര പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം. ജില്ലയിലെ പ്രധാന കേസുകൾ അന്വേഷിച്ചു തെളിയിക്കുന്നതിൽ ഈ സംഘത്തിനുള്ള സാമർഥ്യം പല തവണ തെളിയിക്കപ്പെട്ടതാണ്. 

ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാർ, മാവേലിക്കര സിഐ സി. ശ്രീജിത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജി. ഉണ്ണിക്കൃഷ്ണപിള്ള, ഐ. മുഹമ്മദ്‌ ഷെഫീഖ്, അരുൺ ഭാസ്കർ, മുഹമ്മദ് ഷെഫീഖ് എന്നിവരുൾപ്പെടുന്ന പ്രത്യേക അന്വേഷണസംഘമാണു കോടതിയേയും പൊലീസിനേയും കബളിപ്പിച്ചു 27 വർഷമായി മിനി രാജു എന്ന പേരിൽ കഴിഞ്ഞിരുന്ന റെജിയെ കുടുക്കിയത്. ഡോ.ആർ.ജോസ് ചെങ്ങന്നൂർ ഡിവൈഎസ്പി ആയിരുന്ന കാലത്തു റെജിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിരുന്നു. അദ്ദേഹം സ്ഥലം മാറി പോയതിനു പിന്നാലെയെത്തിയ ഡിവൈഎസ്പി എം.കെ.ബിനുകുമാർ അന്വേഷണം ഊർജിതമാക്കി. 

mavelikkara-mariamma-case2-alappuzha
അച്ചാമ്മയെ പൊലീസ് പിടികൂടി മാവേലിക്കര കോടതിയിൽ ഹാജരാക്കാനായി എത്തിച്ചപ്പോൾ. ചിത്രം: മനോരമ

പഴുതടച്ചു വിവരങ്ങൾ ചോരാതെ അന്വേഷിക്കാനുള്ള മികവാണു ടീമിനെ വേറിട്ടു നിർത്തുന്നത്. ഹരിപ്പാട് ബാങ്ക് കവർച്ച, വലിയപെരുമ്പുഴയിലെ മുങ്ങിമരണം മനഃപൂർവമല്ലാത്ത നരഹത്യയാണെന്നു കണ്ടെത്തിയത്, ഹരിപ്പാട് മുഖംമൂടി കള്ളൻ, മാവേലിക്കരയിലെ സ്ഥിരം മോഷ്ടാവ് പക്കി സുബൈർ എന്നിവർ കുടുങ്ങിയതെല്ലാം ഈ ടീമിന്റെ അന്വേഷണ മികവിലാണ്.   ടീമിൽ അംഗമായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ സിനു വർഗീസ് കഴിഞ്ഞ മാസം നൂറനാട്ടേക്ക് സ്ഥലം മാറിപ്പോയി.

English Summary: A systematic investigation led to the trap of the guilty Reji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com