ADVERTISEMENT

ചേർത്തല ∙ കയർ മേഖലയിൽ വിപണിക്കാവശ്യമായ ഉൽപന്നങ്ങൾ നിർമിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കണിച്ചുകുളങ്ങരയിൽ കയർഫെഡ് വാർഷികവും വിവിധ പദ്ധതികളും  ഉദ്ഘാടനം ചെയ്ത ശേഷം  സംസാരിക്കുകയായിരുന്നു മന്ത്രി. കയർ മേഖലയിൽ നിലവിലെ സാഹചര്യങ്ങളിൽ നിന്നു മാറി വിപണിയുടെ ആവശ്യത്തിനനുസരിച്ചുള്ള ഡിസൈനും ഉൽപന്നങ്ങളും നിർമിക്കാൻ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് ഒരു കോടി രൂപയുടെ പദ്ധതി  തയാറാക്കിയിട്ടുണ്ട്. ഇതിനായി  മാസ്റ്റർ ട്രെയിനർമാരെ  പരിശീലിപ്പിക്കും. കയർമേഖലയ്ക്ക് ആവശ്യമായ പണം പൂർണമായും  അനുവദിക്കുന്നതിന് ധനമന്ത്രി  സമ്മതം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കയർമേഖലയിൽ ഭരണ നിർവഹണച്ചെലവ് പരമാവധി കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി  ഫോർമാറ്റിങ്സും കോർപറേഷനും ലയനത്തിന്റെ അവസാനഘട്ടത്തിലാണ്.  സൊസൈറ്റികളിൽ തറികൾക്ക് നമ്പറും രജിസ്ട്രേഷനും നിർബന്ധമാക്കും. സൊസൈറ്റികൾ നവീകരിക്കാനുള്ള പണം സർക്കാർ നൽകും.  രണ്ടര വർഷത്തിലേറെയായി പ്രവർത്തനമൂലധനം നൽകാത്ത ചെറുകിട ഉൽപാദക സംഘങ്ങൾക്കും ഇത്തവണ പ്രവർത്തനമൂലധനം നൽകുമെന്നും മന്ത്രി പറഞ്ഞു.   വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കയർഫെഡ് പ്രസിഡന്റ് ടി.കെ. ദേവകുമാർ അധ്യക്ഷത വഹിച്ചു. എ.എം ആരിഫ്‌ എംപി, കയർ വികസന ഡയറക്ടർ വി. ആർ. വിനോദ്,  കയർ കോർപറേഷൻ ചെയർമാൻ ജി. വേണുഗോപാൽ, കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ചെയർമാൻ കെ.കെ.ഗണേശൻ, കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി ചെയർമാൻ എം. എച്ച്. റഷീദ്, മാനേജിങ് ഡയറക്ടർ ശശീന്ദ്രൻ,  കയർഫെഡ് വൈസ്പ്രസിഡന്റ്‌ ആർ.സുരേഷ്, കയർ കോർപറേഷൻ മാനേജിങ് ഡയറക്ടർ പ്രതീഷ് ജി. പണിക്കർ, കയർ ഡയറക്ടറേറ്റ് അഡീഷനൽ ഡയറക്ടർ ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

കേന്ദ്രസർക്കാർ പദ്ധതി: കുടിശികയായ 53 കോടി നൽകണമെന്ന് കയർഫെഡ്  

ആലപ്പുഴ ∙ കേന്ദ്ര സർക്കാരിൽനിന്നുള്ള  മാർക്കറ്റ് ഡവലപ്മെന്റ് അസിസ്റ്റന്റ്സ് പദ്ധതിയിൽ കുടിശികയായ 53 കോടി രൂപ ഉടൻ അനുവദിക്കണമെന്നു കയർഫെഡ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. രണ്ടു വർഷത്തെ കുടിശികയാണിതെന്നു പ്രസിഡന്റ് ടി.കെ.ദേവകുമാർ പറഞ്ഞു. സംഘങ്ങളിലൂടെ മേന്മയുള്ള കയർ ഉൽപാദിപ്പിച്ചും യന്ത്രവൽക്കരണത്തിലെ പോരായ്മകൾ പരിഹരിച്ചും കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ തീരുമാനിച്ചു. 140 റണ്ണേജിനു മുകളിലുള്ള കയർ മാത്രമേ സംഘങ്ങൾ ഉൽപാദിപ്പിക്കാവൂ എന്നു യോഗം നിർദേശിച്ചു.  അതേസമയം, സംഘങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളിൽ പലതും പ്രയോജനമില്ലാത്തതാണെന്നു ചില സംഘം പ്രസിഡന്റുമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി. മാനേജരീയൽ സബ്സിഡി കുടിശികയിൽ 5 മാസത്തെ തുക നൽകുമെന്നാണ് അറിയിച്ചത്. ഇതു പല സംഘങ്ങൾക്കും ഗുണം ചെയ്യില്ല. സംഘങ്ങൾ പ്രവർത്തിച്ചാലേ ഈ തുക കിട്ടൂ.  മിക്ക സംഘങ്ങളും പ്രവർത്തിക്കുന്നില്ല. 3 വർഷത്തെ സബ്സിഡിയാണു കുടിശികയുള്ളത്. ചകിരിക്ക് വില കൂടിയതു സംഘങ്ങളെ പ്രതിസന്ധിയിലാക്കി. ഒരു ലോഡ് കയർ നിർമിക്കുമ്പോൾ 25,000 രൂപ നഷ്ടമാകുന്നു.  ചകിരിക്ക് സബ്സിഡി നൽകണമെന്നും ആവശ്യമുയർന്നു.  കയർ സംഘം സെക്രട്ടറിമാരുടെ യോഗത്തിൽ മന്ത്രി പി.രാജീവ് പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com