ADVERTISEMENT

ആലപ്പുഴ∙ ഫിഷറീസ് വകുപ്പിന്റെ ‘ തീരസദസ്സ് ’ അദാലത്തിൽ ലഭ്യമായ പരാതികളിൽ നടപടി സ്വീകരിക്കുന്നതിനു ത്രിതല കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം തലങ്ങളിലാണു കമ്മിറ്റികൾ രൂപീകരിച്ചത്. ഫിഷറീസ് വകുപ്പ്, അനുബന്ധ ഏജൻസികൾ, ഹാർബർ എൻജിനീയറിങ് വിഭാഗം തുടങ്ങിയവയെ ഉൾപ്പെടുത്തിയാണു കമ്മിറ്റികൾ പ്രവർത്തിക്കുക.നിയോജകമണ്ഡലം തലത്തിൽ 47 സ്ഥലങ്ങളിലാണു തീരസദസ്സ് അദാലത്ത് നടത്തിയത്. അദാലത്തിന്റെ ഭാഗമായി പോർട്ടൽ വഴിയും അദാലത്തിൽ മന്ത്രി സജി ചെറിയാൻ നേരിട്ടും പരാതികൾ സ്വീകരിച്ചിരുന്നു. 

തീരദേശ ജനതയുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും അവയ്ക്കു പരിഹാരം കാണുന്നതിനുമാണ് ഏപ്രിൽ– മേയ് മാസങ്ങളിൽ അദാലത്ത് നടത്തിയത്. തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ടാണ് അദാലത്തിൽ കൂടുതൽ പരാതികൾ എത്തിയത്. മത്സ്യബന്ധന മേഖലയ്ക്കുള്ള മറ്റ് ആനുകൂല്യങ്ങൾ, ഹാർബറിന്റെയും റോഡുകളുടെയും ശോചനീയാവസ്ഥ, പുനർഗേഹം പദ്ധതിയിലെ പ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ചും പരാതികൾ ലഭിച്ചിരുന്നു.

സംസ്ഥാനതല കമ്മിറ്റിയിൽ ഫിഷറീസ് ഡയറക്ടർ ചെയർമാനും ഫിഷറീസ് ജോയിന്റ് ഡയറക്ടർ (പ്രോജക്ട്) കൺവീനറുമാണ്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ (ജില്ല) ചെയർമാനും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കൺവീനറുമായാണു ജില്ലാതല കമ്മിറ്റിയുടെ പ്രവർത്തനം. മണ്ഡലംതല കമ്മിറ്റിയിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ചെയർമാനും അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കൺവീനറുമാകും. പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു കമ്മിറ്റ‌ികൾക്കുള്ള നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com