ADVERTISEMENT

മാന്നാർ ∙ വെള്ളം താഴ്ന്ന് അപ്പർകുട്ടനാട്ടിലെ ജീവിതം സാധാരണ നിലയിലായെങ്കിലും നാശനഷ്ടങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ജനങ്ങളെ അലട്ടുന്നു. വീടുകളുടെ പരിസരങ്ങൾ മലിനമായി കിടക്കുകയാണ്. കിണറുകൾ ശുചീകരിക്കാത്തതിനാൽ ജലം ഉപയോഗിക്കാനും കഴിയുന്നില്ല. പണം കൊടുത്തു ശുദ്ധജലം വാങ്ങുകയാണ് എല്ലാവരും. പഞ്ചായത്ത്, റവന്യു, ആരോഗ്യ വകുപ്പ് അധികൃതരുടെ സേവനം അത്യാവശ്യമായി വേണമെന്നും ശുചീകരണത്തിനു ബ്ലീച്ചിങ് പൗഡറെങ്കിലും എത്തിക്കണമെന്നും മുൻ പഞ്ചയത്തംഗം അജീഷ് കോടാകേരിൽ പറഞ്ഞു. ചെന്നിത്തല പഞ്ചായത്തിന്റെ പടിഞ്ഞാറ്, തെക്കു പ്രദേശത്തിനു ഇപ്പോഴും വെള്ളമിറങ്ങാത്ത കോളനികളും റോഡുകളുമുണ്ട്. 2 വില്ലേജുകളിലായി പ്രവർത്തിച്ച 7 ക്യാംപും തുടരുകയാണ്.

വൈദ്യൻ കോളിനിയിൽ ദുരിതം

മാന്നാർ പഞ്ചായത്ത് 2–ാം വാർഡിലെ ഒറ്റപ്പെട്ടു കിടക്കുന്ന വൈദ്യൻ കോളനി നിവാസികളുടെ ദുരിതത്തിനു ഇനിയും അറുതിയായില്ല. ഇവിടത്തെ 30ൽ അധികം വീടുകളിൽ വെള്ളം കയറിയത് ഇറങ്ങിയെങ്കിലും മുറ്റത്തും പരിസരത്തും ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുകയാണ്. കറുത്ത നിറത്തിലുള്ള മാലിന്യം നിറഞ്ഞ വെള്ളം കിണറുകളെയും മലിനമാക്കി. ജലജീവന്റേതടക്കമുള്ള പൈപ്പുകളെല്ലാം വെള്ളത്തിനടിയിലാണ്. പാവുക്കര, മാന്നാർ. ഗവ. എൽപിഎസ് അടക്കമുള്ള ക്യാംപുകളിലും ബന്ധുവീടുകളിലുമാണ് ഇവിടത്തുകാർ കഴിഞ്ഞത്. ഇലമ്പനം തോട്ടിലെയും പമ്പാനദിയിലെയും വെള്ളമെത്തിയാണ് വൈദ്യൻ കോളനിയെ മുക്കിയത്. ‌

നിലംപൊത്തിയ മരങ്ങൾ  ഭീഷണി

ബുധനൂർ ഗവ. എച്ച്എസ്എസ് വളപ്പിൽ നിന്നും മരം കാറ്റിലും മഴയിലും വീണ് ഒരാഴ്ച കഴിഞ്ഞിട്ടും നീക്കം ചെയ്തിട്ടില്ലെന്നു കുന്നത്തൂർ കുളങ്ങര ദേവി ക്ഷേത്രഭരണ സമിതിക്കു പരാതി. ഒരു വൃക്ഷം വീണു യജ്ഞശാലയുടെ കൈവരികൾ തകർത്തു. ഇതു നീക്കം ചെയ്യാത്തത് ക്ഷേത്രത്തിനു ഭീഷണിയാണ്. മഴയ്ക്കു മുൻപ് തന്നെ സ്കൂൾ വളപ്പിൽ നിൽക്കുന്ന അപകടകരമായ മരങ്ങൾ വെട്ടി മാറ്റണമെന്നാവശ്യപ്പെട്ടു ക്ഷേത്ര ഭരണ സമിതി പരാതി നൽകിയിട്ടും അധികൃതർ കാര്യമായെടുത്തില്ല. കാറ്റടിക്കുമ്പോൾ ക്ഷേത്രത്തിനു സമീപത്തേക്കു ചാഞ്ഞു വരുന്ന മരങ്ങൾ ഭീഷണിയായി തുടരുകയാണ്.

ക്യാംപ് അവസാനിപ്പിച്ചു

എണ്ണയ്ക്കാട് വില്ലേജിലെ ബുധനൂർ ഗവ. എച്ച്എസ്എസിൽ പ്രവർത്തിച്ചിരുന്ന ക്യാംപ് അവസാനിപ്പിച്ചു. എണ്ണയ്ക്കാട്ടു ശേഷിക്കുന്നതു മൂന്നും മാന്നാറിലെ രണ്ടും കുരട്ടിശേരിയിലെ രണ്ടും ചെന്നിത്തലയിലെ 7 ക്യാംപുകൾ തുടരുകയാണ്. വെള്ളപ്പൊക്കത്തിനു ശമനമായതിനാൽ ഇന്നോടെ ചില ക്യാംപുകൾ കൂടി അവസാനിപ്പിച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com