ADVERTISEMENT

ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിക്കുള്ള പ്രവേശന ടിക്കറ്റ് വിൽപന നാളെ മുതൽ. പ്രിന്റ് ചെയ്ത ടിക്കറ്റുകളിൽ ഹോളോഗ്രാം പതിക്കൽ പൂർത്തിയാകാറായി. സിഡിറ്റാണു ടിക്കറ്റുകൾക്കുള്ള ഹോളോഗ്രാം ലഭ്യമാക്കുന്നത്. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സജ്ജമാക്കുന്ന കൗണ്ടറുകൾക്കു പുറമേ വിവിധ സർക്കാർ ഓഫിസുകൾ വഴിയും ടിക്കറ്റ് വിൽക്കും. ഓൺലൈൻ ടിക്കറ്റ് വിൽപന നേരത്തേ ആരംഭിച്ചിരുന്നു.ടിക്കറ്റ് ജീനി, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയിലൂടെയാണ് ഓൺലൈൻ വിൽപന. ഓൺലൈൻ ടിക്കറ്റ് വിൽപന പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക്, ടിക്കറ്റ് ജീനി, പെടിഎം ഇൻസൈഡർ എന്നിവ വഴിയാണ് വിൽപന. കൂടുതൽ സ്ഥാപനങ്ങളെ ഉടൻ ഉൾപ്പെടുത്തും.

https://nehrutrophy.nic.in/pages-en-IN/online_ticket.php, https://feebook.southindianbank.com/FeeBookUser/kntbr എന്നീ ലിങ്കുകൾ വഴി ടിക്കറ്റെടുക്കാം. ടൂറിസ്റ്റ് ഗോൾഡ് (നെഹ്റു പവിലിയൻ) - 3,000 രൂപ, ടൂറിസ്റ്റ് സിൽവർ (നെഹ്റു പവിലിയൻ) - 2,500 രൂപ, റോസ് കോർണർ (കോൺക്രീറ്റ് പവിലിയൻ) - 1,000 രൂപ, വിക്ടറി ലൈൻ (വുഡൻ ഗാലറി)- 500 രൂപ, ഓൾ വ്യൂ (വുഡൻ ഗാലറി) - 300 രൂപ, ലേക് വ്യൂ (വുഡൻ ഗാലറി) - 200 രൂപ, ലോൺ-100 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
റജിസ്റ്റർ ചെയ്തത് 28 വള്ളങ്ങൾ
നെഹ്‌റു ട്രോഫി ജലോത്സവത്തിൽ മത്സരിക്കാൻ ഇന്നലെ വരെ റജിസ്റ്റർ ചെയ്തത് 28 വള്ളങ്ങൾ. എറണാകുളം ഐബിആർഎയുടെ ആലപ്പാടൻ പുത്തൻ ചുണ്ടനും ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ ഒരു വള്ളവും ബി ഗ്രേഡ് വിഭാഗത്തിൽ 4 വള്ളങ്ങളും സി ഗ്രേഡ് വിഭാഗത്തിൽ 3 വള്ളങ്ങളുമാണ് ഇന്നലെ റജിസ്റ്റർ ചെയ്തത്. 25 വരെയാണു റജിസ്ട്രേഷൻ സമയം.
ബോട്ട് പാർക്ക് ചെയ്യാൻ ഫീസ്
വള്ളംകളി ദിവസം നെഹ്റു പവിലിയനു വടക്കോട്ട് ഡോക്ക് ചിറ വരെ പുന്നമടക്കായലിൽ ട്രാക്കിനു സമീപം ബോട്ടുകൾ പാർക്ക് ചെയ്യാൻ താൽപര്യമുള്ളവർ ആർഡി ഓഫിസിലെത്തി നിശ്ചിത തുക മുൻകൂറായി ഒടുക്കണമെന്ന് സബ് കലക്ടർ അറിയിച്ചു. പത്തുപേർ വരെയുള്ള ബോട്ടിന് 10,000 രൂപയും 10-15 പേർ വരെയുള്ള ബോട്ടിന് 15,000 രൂപയും 15-20 പേർ വരെയുള്ള ബോട്ടിന് 20,000 രൂപയും 20 പേരിൽ കൂടുതലുള്ള ബോട്ടിന് 35,000 രൂപയും അപ്പർ ഡെക്കുള്ള ബോട്ടിന് 50,000 രൂപയുമാണ് ഫീസ്. മുൻകൂർ തുക അടയ്ക്കാത്ത ബോട്ടുകൾ ഈ ഭാഗത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
വഞ്ചിപ്പാട്ട് മത്സരം
വള്ളംകളിക്കു മുന്നോടിയായി നടത്തുന്ന വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുക്കാൻ ‌അപേക്ഷ ക്ഷണിച്ചു. 25 മുതൽ ഓഗസ്റ്റ് 2 വരെ റജിസ്റ്റർ ചെയ്യാം. വിദ്യാർഥി, വിദ്യാർഥിനികൾക്കു ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കുട്ടനാട് ശൈലിയിലും പുരുഷ-സ്ത്രീ വിഭാഗങ്ങളിൽ കുട്ടനാട് ശൈലി, വച്ചുപാട്ട് ഇനങ്ങളിലും ആറന്മുള ശൈലിയിൽ പുരുഷന്മാർക്കു മാത്രവുമാണ് മത്സരങ്ങൾ. ആദ്യമെത്തുന്ന 50 ടീമംഗങ്ങൾക്കാണ് അവസരം
ട്രോഫികൾ എത്തിക്കണം
കഴിഞ്ഞ വർഷം എവർ റോളിങ് ട്രോഫികൾ നേടിയ ടീമുകൾ ഓഗസ്റ്റ് രണ്ടിനകം ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർവശത്തെ മിനി സിവിൽ സ്റ്റേഷൻ അനെക്സിന്റെ രണ്ടാം നിലയിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ ട്രോഫികൾ എത്തിക്കണമെന്ന് ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറും എൻടിബിആർ ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറുമായ എം.സി.സജീവ് കുമാർ അറിയിച്ചു.
പന്തൽ നിർമാണം തുടങ്ങി
നെഹ്റു ട്രോഫി വള്ളംകളിയുടെ പന്തൽ നിർമാണത്തിന് തുടക്കമായി. പുന്നമട ഫിനിഷിങ് പോയിന്റിൽ കലക്ടർ ഹരിത വി.കുമാർ പന്തലിനു കാൽ നാട്ടി. ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുമായ എം.സി.സജീവ് കുമാർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എൻജിനീയർ രാജേഷ് രാജൻ, എസ്.എം.ഇഖ്ബാൽ, തങ്കച്ചൻ പട്ടത്തിൽ, ജോസ് കവനാട്, എ.വി.മുരളി, ജോണി മുക്കം, ടോമിച്ചൻ ആന്റണി, ബേബി കുമാരൻ, പ്രണവം ശ്രീകുമാർ, എം.വി.അൽത്താഫ് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com