ADVERTISEMENT

കുട്ടനാട് ∙ വകുപ്പുകൾ തമ്മിൽ വിട്ടുവീഴ്ചയ്ക്കു തയാറാകുന്നില്ല . റീബിൽഡ് പദ്ധതിയിൽ നിർമാണം തുടങ്ങിയ റോഡ് പൂർത്തിയാക്കാത്തതിനാൽ ജനം  ദുരിതത്തിൽ. പുളിങ്കുന്ന്  പഞ്ചായത്ത് 15–ാം വാർഡിൽ അഞ്ചങ്ങാടി മുതൽ മങ്കൊമ്പ് സ്കൂൾ പാലം വരെയുള്ള റോഡ് പണിയാണ് നിലച്ചത്. മങ്കൊമ്പ് സ്കൂൾ പാലം മുതൽ നാൽപ്പതിൽമൂല വരെയുള്ള 300 മീറ്റർ ഭാഗത്തെ നിർമാണമാണു ജലസേചന വകുപ്പിന്റെയും റീബിൽഡ് വിഭാഗത്തിന്റെയും തർക്കം മൂലം  നിലച്ചത്.

വർഷങ്ങളായി തകർന്നും താഴ്ന്നു കിടന്ന ഭാഗത്ത് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഏതാനും മാസം മുൻപ് കല്ലുകെട്ടിയിരുന്നു. തുടർന്നാണു റീബിൽഡ് പദ്ധതിയിൽ നിർമാണം തുടങ്ങിയത്. കല്ലുകെട്ടിനുള്ളിൽ  ഒരു  മീറ്ററോളം ഉയർത്തി റീബിൽഡ് പദ്ധതിയിൽ മണ്ണിറക്കിയിരുന്നു. തുടർന്നു വാഹനങ്ങൾ ഓടാൻ തുടങ്ങിയതോടെ കല്ലുകെട്ട് കുറച്ചു ഭാഗം തകർന്നു.ഈ ഭാഗം ഇറിഗേഷന്റെ കരാറുകാരൻ തന്നെ അറ്റകുറ്റപ്പണി  നടത്തി.

കല്ലുകെട്ട് ഇടിഞ്ഞതോടെ റോഡിൽ കോൺക്രീറ്റ് ചെയ്താൽ വീണ്ടും ഇടിയാൻ സാധ്യതയുണ്ടെന്നു കാട്ടിയാണു റീബിൽഡ് വിഭാഗം ഈ ഭാഗത്തെ നിർമാണം നിർത്തിവച്ചത്.ചെമ്മണ്ണ് ഇറക്കി ഉയർത്തിയ ഭാഗമായതിനാൽ മഴ പെയ്തതോടെ ചെളി നിറഞ്ഞതാണു  ദുരിതമായത്.സ്കൂൾ കുട്ടികൾ അടക്കം സംരക്ഷണ ഭിത്തിയിലൂടെയാണു സഞ്ചരിക്കുന്നത്. സൈക്കിളും മറ്റും  കല്ലുകെട്ടിന്റെ മുകളിൽ കൂടി കയറ്റി തള്ളിക്കൊണ്ടു പോകുന്നതിനാൽ അപകട സാധ്യത കൂടുതലാണ്. 

ഡി.രമേശൻ, (തെക്കേ മണപ്പള്ളി പാടശേഖര സമിതി സെക്രട്ടറി)

‘‘നാൽപതിൽ മൂല കുരിശടി മുതൽ തോടിന്റെ ഇറമ്പു വരെ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ മുൻപ് നിർമിച്ച കല്ലിന്റെ മുകളിൽ വാർത്തശേഷം മണ്ണിറക്കിയാണു റോഡ് നിർമിച്ചത്. ഈ ഭാഗത്തെ കല്ലുകെട്ടു ചില ഭാഗങ്ങളിൽ പുറത്തേക്കു തള്ളിപ്പോയ നിലയിലാണ്. റോഡിൽ നാൽപ്പതിൽ മൂല മുതൽ സ്കൂൾ വരെയുള്ള ഭാഗത്തു മക്ക് ഇറക്കി നടപ്പാതയെങ്കിലും നിർമിച്ചാലേ  ദുരിതത്തിനു പരിഹാരമാവൂ.  ’’

ശോഭനാ സനഹാസനൻ, (പഞ്ചായത്തംഗം)

‘‘റോഡിലെ ഏറ്റവും കാതലായ പ്രദേശമാണു നാൽപതിൽ മൂല മുതൽ സ്കൂൾ പാലം വരെ. ഇറിഗേഷൻ കല്ലുകെട്ടുള്ള ഭാഗത്താണു പ്രശ്നമുള്ളത്. ഇറിഗേഷൻ വകുപ്പ് എൻഒസി സർട്ടിഫിക്കറ്റ് നൽകുകയാണെങ്കിൽ റീബിൽഡ് വിഭാഗം കല്ലുകെട്ട് ഇളക്കി നിർമിച്ചു കോൺക്രീറ്റ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇരുവിഭാഗങ്ങളുടെയും അസിസ്റ്റന്റ് എൻജിനിയർമാരെ പഞ്ചായത്ത് ഓഫിസിൽ വിളിച്ചു ചർച്ച നടത്തി എൻഒസി നൽകണമെന്ന് ഇറിഗേഷൻ എഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ’’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com