ADVERTISEMENT

ആലപ്പുഴ ∙ പുന്നമടയുടെ പുതിയ രാജാക്കൻമാരെ കാത്തിരുന്നവർക്കു മുന്നിൽ വീയപുരം ചുണ്ടനിൽ പടയോട്ടം നടത്തി നിലവിലെ രാജാവിന്റെ തുടർച്ചയായ നാലാം കിരീടധാരണം! മാനത്തു മഴയുടെ കുടമാറ്റത്തിനിടെ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പിബിസി) തുടർച്ചയായി നാലാം തവണയും നെഹ്റു ട്രോഫി കയ്യിലൊതുക്കി. വീയപുരം ചുണ്ടന്റെ കന്നിക്കിരീടമാണിത്. ഹീറ്റ്സിലും ഫൈനലിലും ഒന്നാം ട്രാക്കിൽ മത്സരിക്കാനിറങ്ങിയ പിബിസിയുടെ ‘വീരു’ തന്നെയാണ് ഈ സീസണിലെ മികച്ച സമയം കുറിച്ചതും. ഹീറ്റ്സിൽ 4 മിനിറ്റും 18 സെക്കൻഡും.

നെഹ്റു ട്രോഫി വള്ളംകളി ഇല്ലാതിരുന്ന 2020, 21 വർഷങ്ങൾ മാറ്റിനിർത്തിയാൽ 2018, 19, 22, 23 വർഷങ്ങളിലായി നാലു തുടർ നെഹ്റു ട്രോഫികളെന്ന അപൂർവ നേട്ടവും പിബിസി സ്വന്തമാക്കിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയതു കുമരകം ടൗൺ ബോട്ട് ക്ലബ് ആണെന്നതു മറ്റൊരു കൗതുകം. 2004 മുതൽ തുടർച്ചയായി 4 തവണ നെഹ്റു ട്രോഫിയിൽ മുത്തമിട്ട വമ്പൻമാരാണു കുമരകം ടൗൺ ബോട്ട് ക്ലബ്. 1988, 98 വർഷങ്ങളിലെ വിജയം കൂടി ചേർക്കുമ്പോൾ പിബിസിയുടെ ആറാം നെഹ്റു ട്രോഫിയാണിത്.‌‌‌

യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാമതും കേരള പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടൻ നാലാമതും എത്തി. ഇരുട്ടുകുത്തി എ ഗ്രേഡിൽ ചെങ്ങളം കൈരളി ബോട്ട് ക്ലബ് തുഴഞ്ഞ മൂന്നു തൈക്കൽ വിജയികളായി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ തുരുത്തിപ്പുറം വള്ളവും സി ഗ്രേഡിൽ പുനർജനി ബോട്ട് ക്ലബ്ബിന്റെ വടക്കുംപുറം വള്ളവും വിജയിച്ചു.  വെപ്പ് എ ഗ്രേഡിൽ ഡ്രീം ക്യാച്ചേഴ്സ് ബോട്ട് ക്ലബ്ബിന്റെ അമ്പലക്കടവൻ, ബി ഗ്രേഡിൽ കവണാർ സിറ്റി ബോട്ട് ക്ലബ്ബിന്റെ പി.ജി.കരിപ്പുഴ, ചുരുളൻ വിഭാഗത്തിൽ കുമ്മനം യുവദർശന ബോട്ട് ക്ലബ് തുഴഞ്ഞ മൂഴി വള്ളം എന്നിവ ജേതാക്കളായി. വനിതകൾ മത്സരിക്കുന്ന തെക്കനോടി വിഭാഗത്തിൽ തെക്കനോടി തറ വള്ളങ്ങളിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പുന്നമട സെന്റർ തുഴഞ്ഞ കാട്ടിൽ തെക്കേതിൽ വള്ളവും തെക്കനോടി കെട്ടുവള്ളങ്ങളിൽ മുട്ടാർ വനിതാ ബോട്ട് ക്ലബ് തുഴഞ്ഞ കാട്ടിൽ തെക്ക് വള്ളവും വിജയിച്ചു.

മുഖ്യമന്ത്രി പാതിവഴിയിൽ മടങ്ങി

69–ാം നെഹ്റു ട്രോഫി ജലോത്സവം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്ററിൽ മന്ത്രി മുഹമ്മദ് റിയാസുമൊത്തു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ തിരിച്ചുപോയി. രാവിലെ ഇടയ്ക്കിടെ പെയ്തുമാറിയ മഴ ഉച്ചയ്ക്കു രണ്ടിന് ഉദ്ഘാടന സമയമായപ്പോഴേക്കും അതിശക്തമായിരുന്നു. തുടർന്നു മന്ത്രി സജി ചെറിയാൻ ആഘോഷം ഉദ്ഘാടനം ചെയ്തു. വള്ളങ്ങളുടെ മാസ് ഡ്രിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഫ്ലാഗ് ഓഫ് ചെയ്തു. അധ്യക്ഷത വഹിച്ച മന്ത്രി പി.പ്രസാദ് വിജയികൾക്കു ട്രോഫി സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com