സിറ്റി ഗ്യാസ് ആലപ്പുഴ നഗരത്തിലേക്കും

Mail This Article
ആലപ്പുഴ∙ വീടുകളിലേക്കു പൈപ്ഡ് നാച്വറൽ ഗ്യാസ് (പിഎൻജി) എത്തിക്കുന്ന സിറ്റി ഗ്യാസ് ആലപ്പുഴ നഗരത്തിലേക്കും എത്തുന്നു. നേരത്തെ ജില്ലയുടെ വടക്കൻ ഭാഗങ്ങളിലാണു സിറ്റി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിച്ചത്. അടുത്ത വർഷം ഏപ്രിലോടെ അമ്പലപ്പുഴ ഭാഗത്തേക്ക് സിറ്റി ഗ്യാസ് എത്തിക്കാനാണ് നിർവഹണ ചുമതലയുള്ള എജി ആൻഡ് പി പ്രഥം ലിമിറ്റഡിന്റെ പദ്ധതി.
ഇതിന്റെ ഭാഗമായി കൊമ്മാടിക്ക് സമീപം സിറ്റി ഗ്യാസ് പൈപ്പുകൾ ഇറക്കി. ദേശീയപാത 66, പ്രധാന പിഡബ്ല്യുഡി റോഡുകൾ എന്നിവയുടെ അരികിലൂടെയാണു പൈപ്പ് കടന്നു പോകുന്നത്. 1.2 മീറ്ററിലധികം താഴ്ചയിലാകും പൈപ്പുകൾ സ്ഥാപിക്കുക. തുരുമ്പിക്കലിനെയും ചോർച്ചയെയും അതിജീവിക്കാൻ കഴിയുന്ന കാർബൺ സ്റ്റീൽ പോളി എത്തിലിൻ പൈപ്പാണു പ്രധാനപാതകളിൽ ഉപയോഗിക്കുന്നത്.
വയലാർ പഞ്ചായത്തിലും ചേർത്തല നഗരസഭയിലുമായി ജില്ലയിൽ പതിനായിരത്തിലധികം വീടുകളിലേക്ക് പൈപ്പ് ലൈൻ എത്തിച്ചു. തണ്ണീർമുക്കം, കഞ്ഞിക്കുഴി, മണ്ണഞ്ചേരി, മുഹമ്മ, കടക്കരപ്പള്ളി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, ആര്യാട് പഞ്ചായത്തുകളിലേക്കും ഈ വർഷം പൈപ്പ് ലൈൻ വ്യാപിപ്പിക്കും. നവംബറിനുള്ളിൽ ചേർത്തല നഗരത്തിൽ മൂന്നു കിലോമീറ്ററോളം ഭാഗത്തു കൂടി പൈപ്പിടൽ പൂർത്തിയാക്കും. നിലവിൽ ചേർത്തലയ്ക്കു തെക്കു നിന്നു കലവൂർ വരെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇതാണു ആലപ്പുഴ വഴി അമ്പലപ്പുഴയ്ക്കു നീട്ടുന്നത്.