മദ്യപിച്ചശേഷം പണം നൽകിയില്ല; തർക്കത്തിനിടെ ജീവനക്കാരനെ മർദിച്ച ആറുപേർ അറസ്റ്റിൽ

Mail This Article
പുളിക്കീഴ് ∙ മദ്യപിച്ചശേഷം പണം നൽകാത്തതിനെ ചൊല്ലി ബാറിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ തലവടി സ്വദേശികളായ ആറംഗ സംഘത്തെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. തലവടി രാമഞ്ചേരിൽ ഷൈൻ (36), മകരച്ചാലിൽ സന്തോഷ്, (42 ), ചിറപറമ്പിൽ സനൽകുമാർ (26), വിളയൂർ മഞ്ചേഷ് കുമാർ (40 ), വിളയൂർ ദീപു (30), എൺപത്തിയഞ്ചിൽ ചിറയിൽ ഷൈജു (42 ) എന്നിവരാണു പിടിയിലായത്. വ്യാഴം രാത്രി 10 മണിയോടെ പുളിക്കീഴിലെ ബാറിലായിരുന്നു സംഭവം. ബാറിലെ വെയിറ്ററായ കൊല്ലം സ്വദേശി ജോണിനാണു പരുക്കേറ്റത്. തലയ്ക്കു ഗുരുതര പരുക്കേറ്റ ജോൺ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്.
കാറിലെത്തിയ പ്രതികൾ മദ്യപിച്ച ശേഷം പണം നൽകാതെ മടങ്ങാനൊരുങ്ങി. ജീവനക്കാർ പണം ചോദിച്ചതോടെ പ്രതികൾ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ബീയർ കുപ്പി കൊണ്ടു തലയ്ക്ക് അടിയേറ്റു നിലത്തു വീണ ജോണിനെ പ്രതികൾ ചവിട്ടുകയും ചെയ്തു. ബാർ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്നു പിടികൂടുകയായിരുന്നു. ഇവർ എത്തിയ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിടിയിലായ എല്ലാവരുടെയും പേരിൽ പുളിക്കീഴ്, എടത്വ, കോയിപ്രം സ്റ്റേഷനുകളിൽ ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പുളിക്കീഴ് എസ്ഐ ജെ ഷെജിം പറഞ്ഞു.