ADVERTISEMENT

അമ്പലപ്പുഴ∙ സിവിൽ സപ്ലൈസ് ഏറ്റെടുത്ത നെല്ലിന്റെ വില കിട്ടാതായതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രയാസത്തിലും മനോവിഷമത്തിലും കർഷകൻ ജീവനൊടുക്കി. വണ്ടാനം നീലുകാട്ചിറയിൽ കെ.ആർ.രാജപ്പൻ(88) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.  അമ്പലപ്പുഴ വടക്ക് കൃഷിഭവനു കീഴിലെ നാലുപാടം പാടശേഖരത്തിൽ രാജപ്പന്റെയും മകൻ പ്രകാശന്റെയും പേരിൽ 3 ഏക്കർ പാടമുണ്ട്. പുഞ്ചക്കൃഷി  വിളവെടുത്ത് രാജപ്പന്റെ പേരിൽ 3621 കിലോഗ്രാം നെല്ലും പ്രകാശന്റെ പേരിൽ 1944 കിലോഗ്രാം നെല്ലും സിവിൽ സപ്ലൈസ് വകുപ്പിന് നൽകി. രണ്ടു പേർക്കും കൂടി കിട്ടേണ്ട 1,57,601രൂപയിൽ, രാജപ്പന്  28,043 രൂപയും പ്രകാശന് 15,163 രൂപയും അക്കൗണ്ടിൽ എത്തി. ഇരുവർക്കും കൂടി ഇനി 1,14,395  രൂപ കിട്ടാനുണ്ട്.

 ഇതിനിടെ പ്രകാശൻ അസുഖബാധിതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയ്ക്ക് വലിയ തുക ചെലവായി. ഇതോടെ കുടുംബം സാമ്പത്തിക പ്രയാസത്തിലായി. കഴിഞ്ഞ ദിവസം രാജപ്പൻ ചില കർഷകരോട് പാടശേഖരം വിൽക്കുന്നതിനെ കുറിച്ചും സംസാരിച്ചിരുന്നു.മാനസിക പ്രയാസത്തിലായിരുന്ന രാജപ്പൻ ഇന്നലെ രാവിലെ വീട്ടിൽ വെച്ച് വിഷം കഴിച്ചതിനെ തുടർന്ന് ബന്ധുക്കളും അയൽക്കാരും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. 

ചികിത്സയ്ക്കിടെ ഉച്ചയോടെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ. രുക്മിണി. മറ്റു മക്കൾ. സുഭദ്ര, സുലോചന. മരുമക്കൾ. പ്രമീള, ശെൽവരാജ്, പരേതനായ ചന്ദ്രബോസ്. പുന്നപ്ര പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com