അരങ്ങൊഴിഞ്ഞു, ഓണാട്ടുകരയുടെ സാവിത്രിയമ്മ

വി.കെ.സാവിത്രി
വി.കെ.സാവിത്രി
SHARE

കായംകുളം ∙ ഏഴു പതിറ്റാണ്ടു നീണ്ട കലാസപര്യയിലൂടെ ഓണാട്ടുകരയ്ക്കു സുപരിചിതയായ വി.കെ.സാവിത്രിയമ്മ (87) ഓർമയായി. കഥാപ്രസംഗം, തിരുവാതിരപ്പാട്ട്, പ്രാർഥനാ ഗീതാലാപനം, ആകാശവാണി ആർട്ടിസ്റ്റ് എന്നിങ്ങനെ വ്യത്യസ്ത കലാവീഥികളിലൂടെയായിരുന്നു പുതുപ്പള്ളി വള്ളിതെക്കതിൽ സാവിത്രിയമ്മയുടെ ജീവിതം. 

അനി മങ്ക് സംവിധാനം ചെയ്ത ‘നെയ്തെടുത്ത ജീവിതങ്ങൾ’ എന്ന ഡോക്യുമെന്ററിയിൽ ‘തഴപ്പാട്ട്’ ആമുഖഗാനം ആലപിച്ചതോടെ സമൂഹമാധ്യമങ്ങളിൽ തഴപ്പാട്ടും സാവിത്രിയമ്മയും ഒരുപോലെ വൈറലായി. കടൽ കടന്നും ആദരവെത്തിയതും ശ്രദ്ധേയമായി. പായനെയ്ത്ത് ജോലി ചെയ്യുന്നവരുടെ അതിജീവന സന്ദേശമാണ് സാവിത്രിയമ്മയുടെ ശബ്ദസൗന്ദര്യത്തിലൂടെ ലോകത്ത് മുഴങ്ങിയത്. 

9–ാം വയസ്സ് മുതൽ വിവാഹ മംഗള ഗാനവും പ്രാർഥനയും ഈണത്തിൽ ആലപിച്ചായിരുന്നു തുടക്കം. കാൽനൂറ്റാണ്ടോളം നാടക ജീവിതവും കഥാപ്രസംഗവും ഒരുപോലെ കൊണ്ടുപോയി. കെപിഎസിയുടെ ശംഖ്നാദം എന്ന നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതിയിരുന്നു. സ്വന്തമായി കഥാപ്രസംഗ ട്രൂപ്പും നടത്തിയിരുന്നു. അഭിനയ ജീവിതത്തിൽ നിന്ന് ക്രമേണ അരങ്ങൊഴിഞ്ഞെങ്കിലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഭാഗവതപാരായണ രംഗത്തു സജീവമായിരുന്നു. ആകാശവാണിയിൽ ഭാഗവതം പാരായണം ചെയ്യാൻ അവസരം ലഭിച്ചതോടെ വലിയ ആസ്വാദക വ‍ൃന്ദവും സാവിത്രിയമ്മയ്ക്ക് ഉണ്ടായിരുന്നു. ഭാഗവതപാരായണ രംഗത്ത് ഒട്ടേറെ ശിഷ്യരെ രൂപപ്പെടുത്തുന്നതിലും മുൻകയ്യെടുത്തു. വാദ്യകലാകാരനായിരുന്നു ഭർത്താവ് പരേതനായ ശിവരാമൻ.

മക്കൾ: കമലാസനൻ, വിഷ്ണു ദാസ്, വിനോദിനി, വിലോചനൻ, പരേതനായ വിനായകൻ. മരുമക്കൾ: സുധ, സരള, ശ്യാമള, ബാബുരാജ്, സുജാത. സംസ്കാരം നടത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS