ADVERTISEMENT

ചേർത്തല ∙ വിവാഹമോചന കേസിൽ കോടതിയിലെത്തിയ ദമ്പതികൾ കോടതി വളപ്പിൽ ഏറ്റുമുട്ടി. ഇരുവരുടെയും ബന്ധുക്കൾ ഇടപെട്ടതോടെ കൂട്ടത്തല്ലായി. ഇരുപക്ഷത്തെയും സ്ത്രീകളുടെ പരാതിയിൽ രണ്ടു കൂട്ടർക്കുമെതിരെ  പൊലീസ് കേസെടുത്തു.വേർപിരിഞ്ഞു കഴിയുന്ന ദമ്പതികൾ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കുട്ടികളെ കൈമാറാനെത്തിയപ്പോഴുണ്ടായ തർക്കവും വാക്കേറ്റവുമാണു കൂട്ടയടിയിലെത്തിയത്. ചേർത്തല കോടതിവളപ്പിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് മക്കളെ‍ ഭർത്താവിനു കൈമാറാൻ എത്തിയതായിരുന്നു വയലാർ സ്വദേശിനി. പട്ടണക്കാട് സ്വദേശിയായ ഭർത്താവുമായി ഏറെനാളായി ഇവർ അകന്നു കഴിയുകയാണ്. വിവാഹമോചന കേസ് ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ഭർത്താവ് ഹൈക്കോടതിയിൽ  ഹർജി നൽകിയതിനെത്തുടർന്ന്, കുട്ടികളെ ആഴ്ചയിൽ രണ്ടു ദിവസം ഇദ്ദേഹത്തിനൊപ്പം പോകാൻ അനുവദിക്കണമെന്നു കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണു യുവതി പിതാവിനൊപ്പം കുട്ടികളുമായി ചേർത്തല കോടതിയിൽ എത്തിയത്. കുട്ടികളെ കാറിൽ നിന്ന് ഇറക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണു കൂട്ടത്തല്ലിൽ കലാശിച്ചത്. കോടതി അവധിയായതിനാൽ ജീവനക്കാർ ഇല്ലായിരുന്നു. സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും  ജംക്‌ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യാേഗസ്ഥനും നാട്ടുകാരും ചേർന്നാണ് ഇരുകൂട്ടരെയും പിടിച്ചു മാറ്റിയത്.

ഭർത്താവിന്റെ വീട്ടുകാർ ബലം പ്രയോഗിച്ചെന്നും  അടിച്ചു വീഴ്ത്തിയെന്നും ഭർത്താവ് നിലത്തിട്ട് ചവിട്ടിയെന്നും ഭാര്യയുടെ പരാതിയിലുണ്ട്. തലയ്ക്കും വയറിനും പരുക്കേറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഭർത്താവിനും സഹോദരിക്കും ബന്ധുക്കൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തു. യുവതി ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്നും തങ്ങളെ ആക്രമിച്ചെന്നുമാണു ഭർത്താവിന്റെ ബന്ധുക്കളുടെ പരാതി. ഇതിൽ യുവതിക്കും പിതാവിനുമെതിരെ കേസെടുത്തതായി സ്റ്റേഷൻ ഹൗസ് ഓഫിസർ ബി.വിനോദ്കുമാർ പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com