ADVERTISEMENT

മാന്നാർ ∙ കരാറുകാരൻ മുങ്ങി, ലൈഫിൽ വീടു ലഭിച്ച ഭിന്നശേഷിക്കാരുടെ വീടു നിർമാണം നിലച്ചു. മാന്നാർ പഞ്ചായത്ത് 13-ാം വാർഡിൽ കുട്ടംപേരൂർ ആനമുടിയിൽ ഭിന്നശേഷിക്കാരിയായ മഞ്ജു പി. മോഹന്റെ (40) വീടു നിർമാണമാണ് അനിശ്ചിതമായി നിലച്ചത്. ഈ വീടിന്റെ  കരാറുകാരനായ ചെട്ടികുളങ്ങര കണ്ണമംഗലം കോയിൽ തറയിൽ കെ.എൻ. രാജേഷ് നായർക്കെതിരെ മഞ്ജു മാന്നാർ പൊലീസിൽ പരാതി നൽകി. ഭിന്നശേഷി യുവാവായ ഏക മകൻ അഭിൻദേവും വൃദ്ധ മാതാവ് പൊന്നമ്മയും മാത്രമാണ് മഞ്ജുവിനൊപ്പം താമസിക്കുന്നത്. ഇളയ സഹോദരിയുടെ വീട്ടിലാണ് മഞ്ജുവും കുടുംബവും ഇപ്പോൾ. 2023 ജൂണിലാണ് ലൈഫ് ഭവനപദ്ധതിയിൽ വീട് അനുവദിച്ചത്.

8.40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയാണ് വീടു നിർമാണത്തിനു രാജേഷുമായി കരാറുണ്ടാക്കിയത്. 8 സെന്റ് വസ്തുവിൽ മുൻപ് നിർമിച്ച അടിത്തറയിൽ 2 കിടപ്പുമുറി, അടുക്കള, സ്വീകരണ മുറി, ശുചിമുറി എന്നിവ അടങ്ങിയ വീടു നിർമാണത്തിനാണ് പദ്ധതിയിട്ടത്. പഞ്ചായത്തിൽ നിന്നും ആദ്യ ഗഡുവായി ലഭിച്ച 40,000 രൂപ കാരാറുകാരനു നൽകിയതോടെ കെട്ടിടം പണി തുടങ്ങി. പിന്നീട് പലരിൽ നിന്നും കടം വാങ്ങിയതും ഉള്ള സ്വർണം വിറ്റും സ്വരൂപിച്ച പണമുൾപ്പെടെ നാലു തവണയായി 3.60 ലക്ഷം രൂപ കൂടി നൽകി.

ആകെ 4 ലക്ഷം രൂപ നൽകിയപ്പോൾ ഭിത്തികെട്ടി ഷെയ്ഡ് വാർക്കാനായി തട്ടടിച്ച ശേഷമാണ് കരാറുകാരൻ മുങ്ങിയത്. കരാറുകാരനെ പലതവണ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്. അന്വേഷിച്ച് ചെട്ടികുളങ്ങരയിൽ ചെന്നെങ്കിലും അയാളെ കണ്ടെത്താനായില്ല. ഇവിടത്തെ വീടടക്കം വിറ്റു ഇടുക്കിയിലെവിടെയോ പോയതായി അറിയാൻ കഴിഞ്ഞതായും പരിഹാരമുണ്ടാകാത്തതിനാലാണ് മാന്നാർ പൊലീസിൽ പരാതി നൽകിയതെന്നും മഞ്ജു പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT