ചെന്നിത്തല പഞ്ചായത്തിലുള്ളവരുടെ ശ്രദ്ധയ്ക്ക്: സൂക്ഷിച്ചില്ലെങ്കിൽ നായ കടിക്കും

Mail This Article
മാന്നാർ ∙ ചെന്നിത്തല പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി, കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കും ഭീഷണി. ചെന്നിത്തല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 5 പേർക്ക് ഒരാഴ്ചയ്ക്കുള്ളിൽ തെരുവുനായയുടെ കടിയേറ്റു. എല്ലാവരും ചികിത്സയിലാണ്, സൈക്കിളിലും മറ്റും വരുന്ന വിദ്യാർഥികൾക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഇവയുടെ അക്രമം നിത്യസ്വഭാവമായി മാറി. ഒട്ടുമിക്ക പാതയോരങ്ങളിലും അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളെ കാണാം. കാരാഴ്മ ചന്തയോടു ചേർന്നുള്ള മാംസ്യവിൽപന കടയ്ക്കു മുൻഭാഗത്തായി പത്തിലധികം നായ്ക്കൾ തമ്പടിക്കുവന്നുണ്ടെന്നും ഇവ അക്രമ സ്വഭാവമുള്ളവയാണെന്നും കടയിലെത്തുന്നവർ പറഞ്ഞു.
ഇറച്ചി വാങ്ങാനെത്തുന്നവരെ നായ കുരച്ചു ചാടി കടിക്കാൻ വരുന്നതു പതിവാണ്. കഴിഞ്ഞ ദിവസം സംസ്ഥാന പാതയിലെ മാവിലേത്ത് ജംക്‌ഷന് സമീപം തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നു കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു അപകടമുണ്ടാകുകയും ഒപ്പം ഓടിയെത്തിയ ഇരുചക്ര വാഹനയാത്രികനും അപകടത്തിൽപെട്ടു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഹോട്ടലുകളിലെയും ചന്തയിലെയും അവശിഷ്ടങ്ങൾ ഭക്ഷിക്കുന്നതിനായി നായ്ക്കൾ കൂട്ടത്തോടെയാണ് എത്തുന്നത്. ഇറച്ചി അവശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്ന വീട്ടു മാലിന്യങ്ങളുമാണ് ഇവയുടെ ഭക്ഷണം.
അടുത്തകാലത്താണ് ഇത്രയും തെരുവ് നായ്ക്കളുടെ വർധന ഉണ്ടായതെന്ന് നാട്ടുകാരും പരിസരവാസികളും പറയുന്നു. രാത്രി കാലങ്ങളിൽ കൃഷിയിടങ്ങളിൽ കൂട്ടമായെത്തുന്ന ഇവ വിളകൾക്കിടയിൽ കടിപിടി കൂടുകയും വിളകൾ നശിപ്പിക്കുന്നതും പതിവായി മാറി. വീടുകളിൽ വളർത്തുന്ന നാൽക്കാലിക്കൾക്ക് കടിയേൽക്കുകയും കോഴിക്കൂട് തകർത്ത് കോഴികളെ കടിച്ചുകൊല്ലുന്നതും ആടുകളെയും പശുക്കളെയും ആക്രമിച്ചിട്ടുണ്ട്. അക്രമാസക്തരാകുന്ന തെരുവുനായ്ക്കളുടെ വംശവർധനവ് നിയന്ത്രിക്കാനും അവയെ പുനരധിവസിപ്പാക്കാനും പഞ്ചായത്ത് അധികാരികളുടെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ടു ചെന്നിത്തല-തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അധികൃതർക്കു നിവേദനം നൽകി.