ADVERTISEMENT

കുട്ടനാട് ∙ ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്.സ്വാമിനാഥനു നാടിന്റെ നാനാ തുറകളിൽ നിന്ന് അനുശോചനം. കാർഷിക ഭൂമിയായ കുട്ടനാടിന്റെ യശസ് വാനോളം ഉയർത്തിയ പ്രതിഭാശാലിയായ കുട്ടനാട്ടുകാരനായിരുന്നു ഡോ. എം.എസ്.സ്വാമിനാഥനെന്നു തോമസ് കെ.തോമസ് എംഎൽഎ അനുസ്മരിച്ചു. ശരത് പവാർ കേന്ദ്ര കൃഷിമന്ത്രിയായിരിക്കെ സഹോദരൻ തോമസ് ചാണ്ടിയുടെ നിർദേശാനുസരണം ഒട്ടനവധി തവണ നേരിൽ കണ്ടു സംസാരിച്ചിട്ടുണ്ട്. ഒന്നാം കുട്ടനാട് പാക്കേജ് എങ്ങുമെത്താതെ പോയതിലുള്ള നിരാശ പങ്കുവച്ചതായും എംഎൽഎ അനുസ്മരിച്ചു.

∙ചെറുപ്പകാലത്ത് കോൺഗ്രസുമായി അടുത്തു പ്രവർത്തിച്ചിരുന്ന ഡോ. എം.എസ്.സ്വാമിനാഥൻ നെഹ്റു കുടുംബവുമായി ആഴത്തിലുള്ള ബന്ധം നിലനിർത്തിയിരുന്നതായി കോൺഗ്രസ് കുട്ടനാട് നോർത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വി.രാജീവ് അനുസ്മരിച്ചു.

∙ജന്മനാടായ കുട്ടനാടിനെ ഹൃദയത്തോടു ചേർത്തു വച്ചു കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി കുട്ടനാട് പാക്കേജ് ഉൾപ്പെടെ ഒരുപാടു സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ഡോ. എം.എസ്.സ്വാമിനാഥനെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം അനുശോചിച്ചു.

∙കുട്ടനാട് പാക്കേജിന്റെ ഉപജ്ഞാതാവായ ഡോ. എം.എസ്.സ്വാമിനാഥൻ തന്റെ കർമ മണ്ഡലത്തിൽ നിന്നുകൊണ്ടു കുട്ടനാടിനെ ഏറെ സ്നേഹിക്കുകയും കുട്ടനാടിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നുവെന്നു എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.കെ.അശോകൻ അനുസ്മരിച്ചു.

∙ലോകത്തിലെ തന്നെ കാർഷിക വിദഗ്ധൻമാരിൽ അഗ്രകണ്യനായ ഡോ. എം.എസ്.സ്വാമിനാഥൻ കുട്ടനാട്ടുകാരനാണെന്ന് അഭിമാനിക്കുന്നതായി യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ അനുസ്മരിച്ചു.

∙ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.ഗോപകുമാർ, പ്രമോദ് ചന്ദ്രൻ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം ജോസ് കോയിപ്പള്ളി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസ് കാവനാട്, സാബു തോട്ടുങ്കൽ, കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, സംസ്ഥാന ഉന്നതാധികാര സമിതി അംഗം നൈനാൻ തോമസ് മുളപ്പാംമഠം, കോൺഗ്രസ് സൗത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം, മണ്ഡലം പ്രസിഡന്റുമാരായ ജോഷി കൊല്ലാറ, തങ്കച്ചൻ കൂലിപ്പുരയ്ക്കൽ, ഡി.ജോസഫ്, ജി.സൂരജ്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷിബു മണല, കേരള കോൺഗ്രസ് കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി കളത്തിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.സി.പ്രസാദ്, പത്മജാ അഭിലാഷ്, മുൻ പ്രസിഡന്റ് അമ്പിളി ടി.ജോസ്, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബാബു പാറക്കാടൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗോകുൽ ഷാജി, അജിത്കുമാർ പിഷാരത്ത്, ധീവരസഭ താലൂക്ക് കമ്മിറ്റി സെക്രട്ടറി എ.എസ്.വിശ്വനാഥൻ, കോൺഗ്രസ് നേതാവ് അലക്സാണ്ടർ പുത്തൻപുര, കുട്ടനാട് നേറ്റീവ്സ് കൂട്ടായ്മ അഡ്മിൻ കുര്യൻ ജെ.മാലൂർ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട്, അയ്യനാട് പാടശേഖര സമിതി സെക്രട്ടറി അനിൽ തോമസ് പൊന്നൻവാട തുടങ്ങിയവർ അനുശോചിച്ചു.

∙സേവ് കുട്ടനാട് ഫോറത്തിന്റെ നേതൃത്വത്തിൽ ചേർന്ന അനുശോചന യോഗത്തിൽ പ്രസിഡന്റ് ഡോ.പി.ടി സക്കറിയാസ് അധ്യക്ഷത വഹിച്ചു.

∙ കേരള ഡവലപ്മെന്റ് ആൻഡ് കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുശോചന യോഗത്തിൽ ചെയർമാൻ ജെയ്സപ്പൻ മത്തായി അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എടത്വ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുശോചന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ബാബു സേവ്യർ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ, കുട്ടനാട് ഐക്യ പാടശേഖര സമിതി സെക്രട്ടറി തങ്കച്ചൻ പാട്ടത്തിൽ തുടങ്ങിയവർ അനുശോചിച്ചു.

∙ കൃഷിയിൽ ആധുനികീകരണം കൊണ്ടുവരാനും  ഭക്ഷ്യോൽപാദനം വൻതോതിൽ വർധിപ്പിക്കാനും അത്യുൽപാദന വിത്തുകൾ വികസിപ്പിക്കാനും  ഡോ.എം.എസ്.സ്വാമിനാഥൻ നൽകിയ സംഭാവന എക്കാലവും ഓർമിക്കപ്പെടുമെന്നു സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. 

∙ എൻസിപി ജില്ലാ പ്രസിഡന്റ്‌ സാദത്ത് ഹമീദ്,യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട്, സംസ്ഥാന നെല്ല് നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ എന്നിവരും അനുശോചിച്ചു.  

∙കുട്ടനാട് ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി (കിഡ്സ്‌), ഓൾ ഇന്ത്യ അഗ്രഗാമി കിസാൻ സഭ തുടങ്ങിയ സംഘടനകളും അനുശോചിച്ചു.

∙ ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം. എസ് സ്വാമിനാഥന്റെ വിയോഗം കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും ഒരുപോലെ നഷ്ടമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ്‌ ജില്ല കമ്മിറ്റി.ജില്ല പ്രസിഡന്റ്‌ ഉമ്മൻ ആലുമ്മുട്ടിൽ അധ്യക്ഷത വഹിച്ചു.

∙ തോമസ് ജോൺ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഡോ. എം.എസ്.സ്വാമിനാഥൻ അനുസ്മരണം രക്ഷാധികാരി അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലത്തിന് അദേഹത്തിന്റെ പേരു നൽകണമെന്നു യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സമിതി കൺവീനർ എ.എസ്.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. 

∙ ഡോ. എം.എസ്.സ്വാമിനാഥന്റെ നിര്യാണത്തിൽ കെ.കരുണാകരൻ മെമ്മോറിയൽ അഗ്രികൾചറൽ ഇമ്പ്രൂവ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി നേതൃത്വത്തിൽ നടത്തിയ അനുശോചന യോഗത്തിനു പ്രസിഡന്റ്‌ ബിജു വലിയവീടൻ അധ്യക്ഷത വഹിച്ചു. 

∙ കുട്ടനാടിന്റെ ശ്രേഷ്ഠ പുത്രനായ ഡോ. എം.എസ്.സ്വാമിനാഥന്റെ വിയോഗം കാർഷികഭാരതത്തിന്റെ അപരിഹാര്യമായ നഷ്ടമാണെന്നു ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ. കെ.സി.ജോസഫ് പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ജേക്കബ് സാണ്ടർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.സി.ജോസഫ്, തോമസ് ജോസഫ് ഇല്ലിക്കൽ, തോമസ് കോര, സാജൻ സെബാസ്റ്റ്യൻ, ഷിബു മണല, ബേബി ചെറിയാൻ എന്നിവർ അനുശോചിച്ചു.

സ്വാമിനാഥന്റെ സമ്മാനം;  പൂർത്തിയാകാതെ അഗ്രികൾചർ ട്രെയിനിങ് ലാബ്

കർഷകർക്കു സഹായ കേന്ദ്രമായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ മങ്കൊമ്പ് അവിട്ടം തിരുനാൾ ഹയർ സെക്കൻഡറി സ്കൂളിൽ അഗ്രികൾചർ ട്രെയിനിങ് ലാബിനായി കെട്ടിടം നിർമിച്ചെങ്കിലും തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ല. സ്വാമിനാഥൻ രാജ്യസഭ എംപിയായിരിക്കെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2012–13 വർഷത്തിൽ 57 ലക്ഷം രൂപ ചെലവിലാണു കെട്ടിടം നിർമിച്ചത്. കെട്ടിടം 2015ൽ പൂർത്തിയായി. 2016 ഫെബ്രുവരി 6ന് ഉദ്ഘാടനം ചെയ്യാനാണു സ്വാമിനാഥൻ അവസാനമായി മങ്കൊമ്പിലേക്ക് എത്തിയത്. 

 സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു 2010ൽ അദ്ദേഹം ഇവിടെ എത്തിയപ്പോൾ സ്കൂൾ അധികൃതരും നാട്ടുകാരും സ്കൂളിന്റെ വികസനത്തിനാവശ്യമായ സഹായം അഭ്യർഥിക്കുകയായിരുന്നു. ഉദ്ഘാടന വേദിയിൽ വച്ചു തന്നെ ലാബ് എന്ന ആശയം മുന്നോട്ടുവച്ച് കെട്ടിടം നിർമാണത്തിന് 50 ലക്ഷം രൂപ പ്രഖ്യാപിച്ചു. എസ്റ്റിമേറ്റ് വർധിച്ചതോടെ തുക 57 ലക്ഷമാക്കി.

കുട്ടനാട്ടിലെ കാർഷിക മേഖലയിലെ സുസ്ഥിര വികസനത്തിന് ഉതകുന്ന നിലയിൽ ജലം, മണ്ണ് എന്നിവയുടെ പരിശോധനയാണ് ലാബിൽ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. സ്കൂളിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ കൃഷി വിഷയവുമായി ബന്ധപ്പെട്ടാണു ലാബ് നൽകിയത്.ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങളും സേവനങ്ങളും ആവശ്യപ്പെട്ടു സ്വാമിനാഥൻ തന്നെ സംസ്ഥാന സർക്കാരിനു കത്തു നൽകിയെങ്കിലും സഹായമൊന്നും ലഭിച്ചിട്ടില്ല.

തോമസ് ജോൺ പുരസ്കാരം ഏറ്റുവാങ്ങിയത് മകൾ

കുട്ടനാടിന്റെ മുൻ എംഎൽഎ തോമസ് ജോണിന്റെ പേരിൽ,  തോമസ് ജോൺ സ്മാരക സമിതി ഏർപ്പെടുത്തുന്ന അവാർഡിന് ഇത്തവണ സ്വാമിനാഥനാണ് അർഹനായത്. ആരോഗ്യസ്ഥിതി മോശമായതിനാൽ പുളിങ്കുന്നിൽ നടന്ന അവാർഡ് സമർപ്പണ ചടങ്ങിൽ വരാൻ അദ്ദേഹത്തിനു സാധിച്ചില്ല. തുടർന്നു സമിതി ഭാരവാഹികൾ ചെന്നൈയിലെ വസതിയിലെത്തിയാണ് അവാർഡ് സമ്മാനിച്ചത്. സമിതി ഭാരവാഹികളായ അലക്സ് മാത്യു, ജോൺ സി.ടിറ്റോ, എ.എസ്.വിശ്വനാഥൻ എന്നിവരിൽ നിന്ന് മകൾ സൗമ്യ സ്വാമിനാഥനാണ് അവാർഡ് ഏറ്റുവാങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com