ADVERTISEMENT

മാവേലിക്കര ∙ ‘വിവർത്തനം വെറുമൊരു മൊഴിമാറ്റമല്ല, അതൊരു പുനരുജ്ജീവനമാണ്’; ബിരുദാനന്തരബിരുദ പഠനകാലത്ത് അധ്യാപകനായിരുന്ന ഡോ.കെ. അയ്യപ്പപ്പണിക്കരുടെ വാക്കുകൾ രാധാമണിക്കുഞ്ഞമ്മയുടെ ഹൃദയത്തിൽ പറിച്ചെടുക്കാനാവാത്ത വിധം തറഞ്ഞിരിപ്പുണ്ട്. പന്തളം എൻഎസ്എസ് കോളജ് പ്രിൻസിപ്പലായി വിരമിച്ചശേഷം  മൊഴിമാറ്റം ഹരമാക്കിയപ്പോഴും ആ വാക്കുകൾ ഉള്ളിൽ മുഴങ്ങുന്നുണ്ട്. ജ്ഞാനപീഠ പുരസ്കാര ജേതാവ് അമിതാവ് ഘോഷിന്റെ രചന അടക്കം 18 പുസ്തകങ്ങൾ വിവർത്തനം നിർവഹിച്ച മാവേലിക്കര തഴക്കരയിൽ പ്രശാന്ത് മല്ലശേരിൽ പ്രഫ. വി. രാധാമണിക്കുഞ്ഞമ്മ (76) ചുറുചുറുക്കോടെ മൊഴിമാറ്റം തുടരുകയാണ്.

വിവർത്തനത്തിന്റെ ബാല്യം

മാതാപിതാക്കളായ കെ.പി.വാസുദേവൻ ഉണ്ണിത്താനും വി.കെ. സരസ്വതിക്കുഞ്ഞമ്മയും അധ്യാപകരായിരുന്നു. വായനാശീലം പ്രോത്സാഹിപ്പിക്കാനായി വ്യത്യസ്തമായ പുസ്തകങ്ങൾ മകൾക്കു വാങ്ങി നൽകി. വായിക്കുന്ന പുസ്തകത്തെക്കുറിച്ച് ആസ്വാദനം എഴുതി നൽകണമെന്ന നിർബന്ധമാണ് പിന്നീട് വിവർത്തനത്തിനുള്ള വരമായത്. ഇംഗ്ലിഷിൽ വായിച്ച കഥകൾ മലയാളത്തിലാക്കി കൂട്ടുകാർക്കും ഇളയ സഹോദരങ്ങൾക്കും പറഞ്ഞു കൊടുത്തു. അവരുടെ ആവേശം,  കൂടുതൽ വായിക്കാനും എഴുതാനും പ്രചോദനമായി. 

  ബിരുദത്തിനു സുവോളജി പഠിച്ച രാധാമണിക്കുഞ്ഞമ്മ ബിരുദാനന്തര ബിരുദത്തിനു ഇംഗ്ലിഷ് തിരഞ്ഞെടുത്തു.  കേരള സർവകലാശാലയിൽ നിന്നു എംഫിൽ നേടി എൻഎസ്എസ് കോളജിൽ അധ്യാപികയായി. കോളജ് വിദ്യാർഥികൾക്കായാണു ഇംഗ്ലിഷ് സാഹിത്യകഥകൾ പൂർണമായി മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയത്. ലളിതമായ മലയാള പരിഭാഷ വിദ്യാർഥികളും സ്വീകരിച്ചപ്പോൾ പൗലോ കൊയ്‌ലോയുടെ 'സ്ട്രേഞ്ച് പിൽഗ്രിമ്സ്' എന്ന പുസ്തകത്തിലെ ഒരു കഥ മൊഴിമാറ്റി പഠിപ്പിച്ചു. 

ആദ്യ വിവർത്തനം ശിവ താണ്ഡവം

കരമന എൻഎസ്എസ് കോളജിൽ പ്രിൻസിപ്പലായിരിക്കെ ഒപ്പമുണ്ടായിരുന്ന ഡോ.ശ്രീദേവി കെ.നായരും ഹേമ നായരും വിഖ്യാത ഇംഗ്ലിഷ് പുസ്തകങ്ങൾ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്യാൻ നിർബന്ധിച്ചു. കോളജിൽ നിന്നു വിരമിച്ച ശേഷം  2005 ലാണ് ആദ്യ പരിഭാഷ  നിർവഹിച്ചത്. ആനന്ദകുമര സ്വാമിയുടെ ഡാൻസ് ഓഫ് ശിവ എന്ന പുസ്തകം ശിവതാണ്ഡവം എന്ന പേരിൽ മലയാളത്തിലാക്കി. റെയിൻ ബോ ബുക്സ് ആയിരുന്നു പ്രസാധകർ. 

18 വർഷത്തിനിടെ 15 പുസ്തക പരിഭാഷ പുറത്തുവന്നു.  മൂന്നെണ്ണം  അച്ചടിമഷി പുരളാൻ കാത്തിരിക്കുന്നു. അതിനിടെ സ്വന്തം കവിതകളുടെ സമാഹാരമായ ‘അഗ്രേപശ്യാമി’ പ്രസിദ്ധീകരിച്ചു. വിശ്വസാഹിത്യ ചൊൽക്കഥകൾ, ലോകോത്തര കഥകൾ, പൗലോ കൊയ്‌ലോയുടെ അഡൽറ്ററി, അമിതാവ് ഘോഷിന്റെ ദി റിവർ ഓഫ് സ്മോക്, ശശി തരൂരിന്റെ വൈവിധ്യങ്ങളുടെ പ്രധാനമന്ത്രി, രൺജീത് ദേശായിയുടെ ഛത്രപതി ശിവജി, റസ്കിൻ ബോണ്ടിന്റെ എ റൂം ഓഫ് മെനി കളേഴ്സ്, യസുനാറി കവാബത്തയുടെ സഹശയനം, ഹിമഭൂമി, ഓസ്കർ വൈൽഡിന്റെ നക്ഷത്രക്കുട്ടൻ തുടങ്ങിയവയുടെ പരിഭാഷ നിർവഹിച്ചു. 

വിവർത്തന രീതി

പരിഭാഷയ്ക്കു  മുൻപു രചയിതാവിനെക്കുറിച്ചു പഠിക്കും. അദ്ദേഹത്തിന്റെ മറ്റേതെങ്കിലും പുസ്തകം വായിക്കും. ഭാഷ ശൈലി, കാഴ്ചപ്പാട് എന്നിവ മനസ്സിലാക്കും. രചയിതാവിന്റെ വാദമുഖങ്ങൾ, കൃതിയുടെ സന്ദേശം എന്നിവ രേഖപ്പെടുത്തും. മൊഴിമാറ്റം നടത്തുമ്പോൾ ഓരോ ഖണ്ഡികയും വായിച്ചു വിവർത്തനം ചെയ്യുന്ന രീതിയാണു പിന്തുടരുന്നത്. പദാനുപദ മൊഴിമാറ്റം ചെയ്യാറില്ല.

ജീവിത പരിഭാ‌ഷ

1947 സെപ്റ്റംബർ 11നു ചെങ്ങന്നൂർ കല്ലിശേരിയിലാണു ജനനം. കല്ലിശേരി ഹൈസ്കൂൾ, ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജ്, തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷ് എന്നിവിടങ്ങളിൽ പഠനം. നെയ്യാറ്റിൻകര, ചങ്ങനാശേരി, പന്തളം, നിറമൺകര എന്നിവിടങ്ങളിലെ എൻഎസ്എസ് കോളജുകളിൽ 36 വർഷം അധ്യാപികയായി. ഭർത്താവ് റിട്ട. പ്രഫ.എൻ.പരമേശ്വരൻ (പന്തളം എൻഎസ്എസ് കോളജ്) ആണു പരിഭാഷയ്ക്ക് പിന്തുണ. മക്കൾ: ഡോ.ശുഭ പരമേശ്വരൻ (സീനിയർ വെറ്ററിനറി സർജൻ, ഓമല്ലൂർ), ശ്യാം പരമേശ്വരൻ (ഷിക്കാഗോ).

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com