കാർത്തികപ്പള്ളിയിൽ തെരുവുനായശല്യം രൂക്ഷം

Mail This Article
ഹരിപ്പാട് ∙ കാർത്തികപ്പള്ളിയിൽ തെരുവുനായശല്യം രൂക്ഷമാകുന്നു. റോഡുകൾ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. രാത്രികാലങ്ങളിലാണ് ശല്യം കൂടുതൽ. ഒറ്റയ്ക്കു പോകുന്നവരെ കൂട്ടമായെത്തി. ആക്രമിക്കും.
ഇരുചക്രവാഹനത്തിനു പിന്നാലെ പാഞ്ഞു വരുകയും മുന്നിൽ ചാടി അപകടത്തിൽപെടുത്തുകയും ചെയ്യും. തെരുവുനായ ഇടിച്ചു വീണ് നിരവധി ഇരുചക്രവാഹനയാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. റോഡിന്റെ വശങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും തെരുവുനായ ശല്യം വർധിക്കാൻ കാരണമായിട്ടുണ്ട്.
കാർത്തികപ്പള്ളി മാർക്കറ്റ് റോഡിലും പഞ്ചായത്ത് ഓഫിസ് പരിസരത്തും തെരുവുനായ്ക്കൾ കൂടുതലായി കാണപ്പെടുന്നത്. തെരുവുനായ ശല്യത്തിനു അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാർത്തികപ്പള്ളി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.