ADVERTISEMENT

ആലപ്പുഴ∙ ഏതാനും ദിവസങ്ങളായി മഴ തുടർന്നതോടെ കുട്ടനാട്ടിലെ കൂടുതൽ പാടശേഖരങ്ങൾ വെള്ളത്തിലായി. കൊയ്ത്തിനു പാകമാകാത്ത നെല്ലു വരെ വീണു നശിക്കുന്നെന്നു കർഷകർ പറഞ്ഞു. മാന്നാർ ബുധനൂർ ഇലഞ്ഞിമേൽ വടക്ക് ശ്രീകുമാറിന്റെ വീടിനു മുകളിലേക്കു മരം വീണ്  മേൽക്കൂരയ്ക്കു കേടുപാടുണ്ടായി. 

കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു. നിലവിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നു ദുരന്തനിവാരണ വിഭാഗം അധികൃതർ പറഞ്ഞു. അന്ധകാരനഴി പൊഴി മുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കാൻ ശ്രമിക്കുകയാണ്. വേലിയേറ്റത്തിനനുസരിച്ചാകും വെള്ളം ഒഴുകിമാറുക. കലക്ടറേറ്റിലും താലൂക്കുതലത്തിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തന സജ്ജമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ടാംകൃഷി വിളവെടുപ്പ് ആശങ്കയിലാണ്. സമയത്തു പുഞ്ചക്കൃഷിക്കു വിതയ്ക്കാനാകുമോയെന്നും ആശങ്കയുണ്ട്. നദികളിൽ ജലനിരപ്പ് ഉയർന്നതോടെ പാടശേഖരത്ത് ഉറവ കയറുന്നതും ശക്തിയായി. ഇതു കാരണം മോട്ടർ ഉപയോഗിച്ചു വെള്ളം പമ്പു ചെയ്തു നീക്കാനാവാത്ത സ്ഥിതിയാണ്. 

പ്രളയത്തിനു ശേഷം കൃഷി ഇറക്കുന്ന സമയത്തോ കൊയ്ത്തു സമയത്തോ കൃഷി നശിക്കുന്നതു പതിവായെന്നു കർഷകർ പറയുന്നു. ഇക്കുറി രണ്ടാംകൃഷി ഇറക്കിയ സമയത്ത് 16 പാടശേഖരങ്ങളിലായി 738 ഹെക്ടറിൽ മടവീണ് കൃഷി നശിച്ചു. ഇതോടെ പല പാടശേഖരങ്ങളിലും വീണ്ടും കൃഷി ഇറക്കുകയായിരുന്നു. ആദ്യം 154 പാടശേഖരങ്ങളിലായി 8983.2 ഹെക്ടറിലാണ് കൃഷി ചെയ്തത്. 

ഇതിനോടകം 3 പാടശേഖരങ്ങളിൽ കൊയ്ത്ത് നടത്തി. പുന്നപ്ര കൃഷിഭവൻ പരിധിയിൽ വരുന്ന പാടത്തു നെല്ലെടുപ്പ്  തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഈ മാസം ആദ്യം 466 ഹെക്ടറിൽ വിളവെടുക്കേണ്ടതാണ്. മഴയെത്തിയതോടെ ഇനി വെള്ളം വറ്റിച്ച് പാടശേഖരം ഉണങ്ങിയാൽ മാത്രമേ കൊയ്ത്തു നടത്താൻ കഴിയൂ.

എടത്വ കൃഷിഭവൻ പരിധിയിലെ  ദേവസ്വം വരമ്പിനകം, ചുങ്കം ഇടച്ചുങ്കം, തായങ്കരി ചിറയ്ക്കകം, എരവുകരി, തകഴി കൃഷിഭവൻ പരിധിയിലെ കൊല്ലംപറമ്പ്, പോളേപ്പാടം തുടങ്ങിയവ  ഈ ആഴ്ച കൊയ്യേണ്ട പാടശേഖരങ്ങളാണ്.

നെൽക്കതിർ മഴയിൽ നനഞ്ഞതിനാൽ കൊയ്തെടുക്കുന്ന നെല്ല് ഒരു ദിവസം പോലും വൈകാതെ സംഭരിച്ചില്ലെങ്കിൽ കിളിർത്തു നശിക്കാൻ സാധ്യതയുണ്ട്. സംഭരിക്കുന്ന സമയത്തു സ്ഥിരമായുണ്ടാകുന്ന തൊഴിൽ തർക്കം പെട്ടെന്നു പരിഹരിക്കാൻ അതതു കൃഷിഭവനുകൾക്കും പഞ്ചായത്തിനും കലക്ടർ നിർദേശം നൽകണം എന്ന് കർഷകർ ആവശ്യപ്പെട്ടു.

മഴ കൂടുതൽ മാവേലിക്കരയിൽ

ആലപ്പുഴ∙ ജില്ലയിൽ മാവേലിക്കരയിലാണ് ഇന്നലെ കൂടുതൽ മഴ പെയ്തത്. 87.2 മില്ലീമീറ്റർ മഴയാണ് മാവേലിക്കരയിൽ പെയ്തത്. 29 ന് രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെയുള്ള കണക്കാണിത്. ചേർത്തലയിൽ 70.6 മില്ലീമീറ്റർ മഴ പെയ്തു.

സ്റ്റേഷൻ, മഴയുടെ അളവ് (മില്ലീമീറ്ററിൽ)  

ചേർത്തല– 70.6

കായംകുളം– 49.0

മാവേലിക്കര 87.2

ആലപ്പുഴ– 23.8

മങ്കൊമ്പ്– 48.0

ഹരിപ്പാട്– 32.0

നൂറനാട്– 42.0

കരുമാടി– 11.0

തൈക്കാട്ടുശേരി– 38.5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com